ഖേല്‍രത്ന: സാനിയക്ക് മന്ത്രാലയത്തിന്‍െറ നാമനിര്‍ദേശം

ന്യൂഡല്‍ഹി: വിംബ്ള്‍ഡണ്‍ വനിതാ ഡബ്ള്‍സ് ഗ്രാന്‍ഡ്സ്ളാം കിരീടമുയര്‍ത്തി ചരിത്രംകുറിച്ച ടെന്നിസ് താരം സാനിയ മിര്‍സക്ക് രാജ്യത്തെ ഏറ്റവുംവലിയ കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്ന നല്‍കാന്‍ കേന്ദ്ര കായിക മന്ത്രാലയം ശിപാര്‍ശ ചെയ്തു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് സാനിയയും സ്വിറ്റ്സര്‍ലന്‍ഡിന്‍െറ മാര്‍ട്ടിന ഹിംഗിസും അടങ്ങിയ സഖ്യം വിംബ്ള്‍ഡണ്‍ വനിത ഡബ്ള്‍സ് കിരീടമുയര്‍ത്തിയത്. ഇത് പരിഗണിക്കില്ളെന്നാണ് റിപ്പോര്‍ട്ട്. എന്നിരുന്നാലും, അതിനുമുമ്പ് ഡബ്ള്‍സ് റാങ്കിങ്ങില്‍ ടീം വിഭാഗത്തിലും വ്യക്തിഗത വിഭാഗത്തിലും സാനിയ ലോക ഒന്നാം നമ്പറായതും 2014 ഏഷ്യന്‍ ഗെയിംസിലെ മെഡല്‍ നേട്ടങ്ങളും യു.എസ് ഓപണ്‍ മിക്സഡ് ഡബ്ള്‍സ് കിരീടവും സാനിയയെ പുരസ്കാരം ലഭിക്കുന്നതിന് ഫേവറിറ്റാക്കിയിട്ടുണ്ട്. നാമനിര്‍ദേശം നല്‍കിയെങ്കിലും അവസാന തീരുമാനം പുരസ്കാര നിര്‍ണയ സമിതിയുടേതായിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
‘ഈ വര്‍ഷത്തെ പുരസ്കാരത്തിനായി ഓള്‍ ഇന്ത്യ ടെന്നിസ് അസോസിയേഷനില്‍നിന്ന് വൈകിയാണ് സാനിയയുടെ നാമനിര്‍ദേശം ലഭിച്ചത്. എന്നാല്‍, മന്ത്രി സര്‍ബാനന്ദ സൊനോവാള്‍ അതംഗീകരിച്ച് പുരസ്കാര നിര്‍ണയ സമിതിക്ക് നാമനിര്‍ദേശം സമര്‍പ്പിച്ചു. അവസാന തീരുമാനം സമിതിയുടേതായിരിക്കും’-കായിക സെക്രട്ടറി അജിത് ശരണ്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.