ഗഡ്കരിയെ പിന്തുണച്ച് ഉമാഭാരതി; രാജി വെക്കണമെന്ന് ഷെട്ടിഗര്‍

ന്യൂദൽഹി: ബി.ജെ.പി അധ്യക്ഷൻ നിതിൻ ഗഡ്കരി സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട മുതി൪ന്ന പാ൪ട്ടി എം.പി രാം ജത്മലാനിക്കും മകനുമെതിരെ രൂക്ഷവിമ൪ശവുമായി തീപ്പൊരി നേതാവ് ഉമാഭാരതി.
ഗഡ്കരി പാ൪ട്ടി അധ്യക്ഷസ്ഥാനം തുടരരുതെന്ന ജത്മലാനിയുടെയും മകൻ മഹേഷ് ജത്മലാനിയുടെയും പ്രസ്താവനക്ക് പാ൪ട്ടിയിൽ ഒരു വിലയുമില്ലെന്ന് ഉമാഭാരതി പറഞ്ഞു.
ഇതിനിടെ, ഗഡ്കരി രാജി വെക്കണമെന്ന് പാ൪ട്ടി ദേശീയ നി൪വാഹകസമിതി അംഗം ജഗദീഷ് ഷെട്ടിഗ൪ തുറന്നടിച്ചു.
തൻെറ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിൽ സാമ്പത്തികക്രമക്കേട് നടന്നതായ വെളിപ്പെടുത്തലുണ്ടായ സാഹചര്യത്തിൽ ഗഡ്കരി സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെടുന്നവരിൽ മുന്നിലുള്ള ഇരുവ൪ക്കുമെതിരെ രൂക്ഷമായാണ് ഉമാഭാരതി പ്രതികരിച്ചത്. പാ൪ട്ടി അധ്യക്ഷൻെറ രണ്ടാമൂഴം സംബന്ധിച്ച് തീരുമാനമെടുക്കുന്ന പ്രക്രിയയിൽ ജത്മലാനിക്കും മകനും ഒരു സ്വാധീനവുമില്ലെന്ന് പറഞ്ഞ ഉമ, സുപ്രധാന തീരുമാനങ്ങളെടുക്കുന്ന വേദികളിലേക്ക് ഇരുവ൪ക്കും പ്രവേശംപോലും ലഭിക്കില്ലെന്നും ആക്ഷേപിച്ചു.
ജയിൻ ഹവാല കേസിൽ ആരോപണമുയ൪ന്നതിനെ തുട൪ന്ന് സ്ഥാനത്യാഗം ചെയ്യാൻ സന്നദ്ധനായ മുതി൪ന്ന നേതാവ് എൽ.കെ. അദ്വാനിയുടെ പാത ഗഡ്കരിയും പിന്തുടരണമെന്നാണ് ജഗദീഷ് ഷെട്ടിഗ൪ ചാനലുകളിലൂടെ ആവശ്യപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.