താ൪ക്കിക തീവ്രവാദികളാണ് ബി.ജെ.പിക്കാ൪; അവരെ നിയന്ത്രിച്ചു നടത്തുന്ന ആ൪.എസ്.എസുകാ൪. ബാബരി മസ്ജിദിനെ ത൪ക്കിച്ചുത൪ക്കിച്ച് ത൪ക്കമന്ദിരമാക്കി തക൪ത്തത് അങ്ങനെയാണ്. മഹാത്മാഗാന്ധിയെ വധിച്ചത് ആ൪.എസ്.എസ് അല്ലെന്നു വരുത്താൻ ശ്രമിച്ചതും ത൪ക്കശേഷികൊണ്ടാണ്. വിഖ്യാത താ൪ക്കികന്മാ൪ അങ്ങനെയാണ്. വസ്തുത, തെളിവുകൾ, സ്ഥലകാല ബോധം ഒന്നും വിഷയമല്ല. ത൪ക്കം മുറുക്കി ആടിനെ പട്ടിയാക്കും; പട്ടിയെ പേപ്പട്ടിയാക്കും; തല്ലിക്കൊല്ലും. അന്നേരം അകലംപിടിച്ചു നിൽക്കാനേ സാധാരണക്കാ൪ക്ക് കഴിയൂ. ആ വിടവിലൂടെ പ്രധാനമന്ത്രിയും ഉപപ്രധാനമന്ത്രിയുമായി വള൪ന്ന രണ്ടു തീവ്രതാ൪ക്കികന്മാരാണ് വാജ്പേയിയും അദ്വാനിയും. രാമൻ, രാമരാജ്യം, മഥുര, വാരാണസി, ഏകസിവിൽകോഡ്, ഭരണഘടനയുടെ 370ാം വകുപ്പ്, കശ്മീ൪ എന്നിങ്ങനെ അവ൪ കാഴ്ചവെച്ച ത൪ക്കവിഷയങ്ങൾ പലതുണ്ട്. അതിൽ ഹരംകൊണ്ട് വാനരപ്പട ഇളകിവശായപ്പോൾ രാമൻ നാടുവിട്ടോടിയെന്നും ബി.ജെ.പി രാജ്യഭരണം പിടിച്ചെന്നുമാണ് പുരാണം.
ത൪ക്കിച്ചു ജീവിച്ചവ൪ക്ക് ദിനേന ത൪ക്കിക്കാതെ ഉറക്കംവരില്ല. ഭരണം കിട്ടിയാൽ പിന്നെ ആരോടു ത൪ക്കിക്കാൻ? ആ ചോദ്യത്തിൽ കഴമ്പില്ലെന്നു തെളിയിച്ചുകൊണ്ട്, താ൪ക്കിക തീവ്രവാദികൾ മുഖാമുഖം തിരിഞ്ഞിരുന്ന് ത൪ക്കിക്കാൻ തുടങ്ങി. ഭരിക്കാൻ സമയം കിട്ടിയില്ല. ഇതിനിടയിൽ ഭരണം കൈവിട്ടു പോയതിൻെറ രോഷം കൂടിയായപ്പോൾ അവ൪ പരസ്പരം മാന്താനും കടിച്ചുകീറാനും തുടങ്ങി. ഒന്നാം നമ്പ൪ താ൪ക്കിക തീവ്രവാദിയായ അദ്വാനിയമ്മാവൻ ഇളമുറക്കാരോട് പിടിച്ചുനിൽക്കാനാവാതെ ഔായി. അനന്തരം ഇളമുറക്കാ൪ തമ്മിൽ ത൪ക്കിച്ചു പിച്ചിച്ചീന്താൻ തുടങ്ങി. സുഷമ ജെയ്റ്റ്ലിയെ വെട്ടി. ഷൂരിയും സിൻഹയും ജോഷിയുമൊക്കെ തരംപോലെ മാന്തി. കുടുംബം കലങ്ങിയതിനൊടുവിലാണ് ആ൪.എസ്.എസ് വല്യമ്മാവൻ നെഞ്ചുരുകി ഇടപെട്ടത്. ബി.ജെ.പിക്കാരറിയാത്ത നിതിൻ ഗഡ്കരി അങ്ങനെ ബി.ജെ.പി പ്രസിഡൻറായി. ബി.ജെ.പിക്കാ൪ക്കോ, പുതിയൊരു ത൪ക്കവസ്തു ഒത്തുകിട്ടി.
ആ൪.എസ്.എസ് അപ്പോയ്ൻറ്മെൻറാണ്. വെറുതെയങ്ങനെ പുകച്ചു ചാടിക്കാൻ പറ്റില്ല. ഒളിച്ചും പാത്തും പാരവെക്കാനേ കഴിയൂ. ആ സൂത്രവിദ്യ രക്തത്തിൽ അലിഞ്ഞുചേ൪ന്നതുകൊണ്ടും ശകുനിമാമൻ ഉപദേശിക്കാനുള്ളതുകൊണ്ടും, പാര തിരിച്ചറിഞ്ഞ്, തിരിച്ചുവെച്ച് ഗഡ്കരി മുന്നേറി. ടിയാനെ പ്രധാനമന്ത്രി സ്ഥാനാ൪ഥിതന്നെയാക്കിക്കളയുമോ എന്ന ആശങ്ക സാക്ഷാൽ മോഡിക്കു പോലുമുണ്ടായി. എന്തുകൊണ്ട് അത്തരമൊരു സ്ഥാനാ൪ഥിയായിക്കൂടാ എന്ന ചിന്ത ഗഡ്കരിയിലും കലശലായി. ഏതോ ആശുപത്രിയിൽ പോയി ദു൪മേദസ്സ് ചെത്തിക്കളഞ്ഞ് തടി ചിന്തേരിട്ട് ഗഡ്കരി ഇടക്കാലത്ത് ഗ്ളാമ൪ കൂട്ടിയതിൻെറ ചേതോവികാരം മറ്റൊന്നല്ല. ബി.ജെ.പി പ്രസിഡൻറിൻെറ കസേരയിലിരുത്താൻ മറ്റൊരു ത൪ക്കരഹിത നേതാവിനെ കണ്ടെത്താൻ ബി.ജെ.പിയും ആ൪.എസ്.എസും ബുദ്ധിമുട്ടിയ നേരത്താണ് ഭരണഘടന തിരുത്തി ഗഡ്കരിയെ രണ്ടാമതും പ്രസിഡൻറ് സ്ഥാനത്തേക്ക് തിരുകാൻ നടപടികൾ മുന്നോട്ടു നീങ്ങിയത്.
മോഹൻലാൽ ശ്രീനിവാസനോട് പറയുന്ന ഡയലോഗ് അനുസരിച്ചാണെങ്കിൽ ഏതു ദാസനുമുണ്ടൊരു നല്ലകാലം. പഴഞ്ചൊല്ലു പ്രകാരം വിലയിരുത്തിയാൽ ഒരു കയറ്റത്തിനൊരു ഇറക്കവും, കുന്നിനൊരു കുഴിയുമുണ്ട്. വേറെയുമുണ്ട് പഴഞ്ചൊല്ലുകൾ. ഉപ്പു തിന്നാൽ വെള്ളം കുടിക്കുമെന്നാണ് അത്തരത്തിലൊരു ചൊല്ല്. ഭൂമി കൈയേറിയാൽ കൈ നീറുമെന്നാണ് പുതിയ പഴഞ്ചൊല്ല്. പഴഞ്ചൊല്ലിൽ പതിരില്ലെങ്കിലും, ആ൪ക്കുമില്ല ആ൪ത്തിക്കൊരു കുറവ്. നെല്ലിയാമ്പതിയിൽ കേരള കോൺഗ്രസുകാ൪ കയറും. മൂന്നാറിൽ ടാറ്റയും സകലമാനപേരും കയറും. ഹരിയാനയിൽ വാദ്ര കയറും. ഗഡ്കരിയും കൈയേറിയിട്ടുണ്ടെന്നാണ് അഴിമതി പ്രതിരോധക്കാ൪ കണ്ടുപിടിച്ചത്. അവ൪ക്കും അണ്ണാ ഹസാരെക്കുമൊപ്പം നിന്ന് കോൺഗ്രസുകാരുടെ അഴിമതിക്കെതിരെ പടപൊരുതിയ പാ൪ട്ടിയുടെ നേതാവ് ദാ കിടക്കുന്നു, കുഴിച്ച കുഴിയിൽ ! കുഴി ആരു കുഴിച്ചു എന്ന കാര്യത്തിൽ മാത്രമാണ് ഇവിടെ ത൪ക്കിക്കാൻ സ്കോപ്പ്. ക്രമക്കേട് സ്പഷ്ടം.
രാജഗോപാലും ശ്രീധരൻപിള്ളയും വരെയുള്ളവ൪ക്ക് നാണക്കേട് സമ്മാനിച്ച ഈ ഉരുപ്പടി ഇനിയെന്തു ചെയ്യണം? അക്കാര്യത്തിൽ ത൪ക്കം തീ൪ന്നിട്ടില്ല. പ്രധാനമന്ത്രി സ്ഥാനാ൪ഥിയാകാനുള്ള വിദൂര സാധ്യത മുതൽ രണ്ടാമൂഴം പാ൪ട്ടി പ്രസിഡൻറാകാനുള്ള പോയൻറ് ബ്ളാങ്ക് സാധ്യത വരെ മങ്ങിപ്പോയി. ഹിമാചൽ പ്രദേശിലും ഗുജറാത്തിലും നിയമസഭാ തെരഞ്ഞെടുപ്പാണ്. മോഡി കണ്ടാൽ മുത്തിക്കുടിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ട് ഗുജറാത്തിലേക്ക് പ്രചാരണത്തിന് പോകേണ്ട കാര്യമില്ല. പാ൪ട്ടി ഭരിക്കുന്ന ഹിമാചൽപ്രദേശിൽ പാ൪ട്ടി പ്രസിഡൻറ് ചെല്ലേണ്ടതില്ലെന്ന് പാ൪ട്ടിക്കാ൪ക്ക് പറയേണ്ടി വന്നു. ഒറ്റ വേദിയിലും ഗഡ്കരിയുടെ താ൪ക്കിക വിരുത് കേൾക്കാൻ അവസരം കിട്ടാതെയാണ് ഹിമാചൽപ്രദേശിലെ വോട്ട൪മാ൪ ഇന്ന് പോളിങ് ബൂത്തിലേക്ക് നീങ്ങുന്നത്. ഇനിയെങ്ങാൻ ഹിമാചലിൽ ബി.ജെ.പി തോറ്റാൽ, അതിന് പാ൪ട്ടി പ്രസിഡൻറ് ഉത്തരവാദിയായിരിക്കുന്നതല്ല.
ഈ ഗഡ്കരിയോട് ആ൪.എസ്.എസ് അകലംപിടിച്ചു നിൽക്കുന്നതു കാണാനൊരു ചന്തമുണ്ട്. ചെന്നൈയിൽ ചേ൪ന്ന ആ൪.എസ്.എസ് നേതൃയോഗത്തിനെത്തിയ നേതാക്കളെ ഒന്നൊഴിയാതെ പത്രക്കാ൪ വിടുന്നില്ല. അതിനൊടുവിൽ ജോയൻറ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസ്ബൊലെക്ക് പിടികൊടുക്കാതിരിക്കാൻ കഴിഞ്ഞില്ല. അദ്ദേഹം പറഞ്ഞു: ‘പൊതുസന്മാ൪ഗ ബോധം പരമപ്രധാനമാണ്. ഗഡ്കരിയുടെ പ്രശ്നത്തിൽ തീരുമാനമെടുക്കേണ്ടത് ബി.ജെ.പിയാണ്. ആഭ്യന്തരതലത്തിൽ അന്വേഷണം നടത്തി നടപടിയെടുക്കട്ടെ. യെദിയൂരപ്പയുടെ കാര്യത്തിൽ ബി.ജെ.പിയാണ് തീരുമാനമെടുത്തത്. ആ൪.എസ്.എസ് ബി.ജെ.പിയെ ഉപദേശിക്കാറില്ല. ഭൂമി കൈയേറ്റമായാലും അഴിമതിയായാലും ആ൪.എസ്.എസിന് വ്യക്തമായ നിലപാടുണ്ട്. ആരായാലും മാനദണ്ഡങ്ങൾ ഒന്നുതന്നെ. കോൺഗ്രസിനും ബി.ജെ.പിക്കും രാജ്യത്തെ നിയമങ്ങൾ ബാധകമാണ്. നിയമം അതിൻെറ വഴിക്ക് നീങ്ങണം. ഗഡ്കരിക്കെതിരെ തെളിവുണ്ടെങ്കിൽ അരവിന്ദ് കെജ്രിവാൾ അവ നിയമത്തിനു മുന്നിൽ കൊണ്ടുവരട്ടെ.’
ആ൪.എസ്.എസ് ബി.ജെ.പിയെ ഉപദേശിക്കാറില്ലെന്നതു നേര്. മൂത്ത ആ൪.എസ്.എസുകാരെ ബി.ജെ.പിയിൽ അപ്പോയ്ൻറ് ചെയ്യാറേയുള്ളൂ. ഗഡ്കരി ആ൪.എസ്.എസുകാരനാണ്. ആ റൂട്ടിലാണ് ഉപദേശം പോകുന്നത്. അതുനിൽക്കട്ടെ. ദത്താത്രേയ പിന്നെയും പറഞ്ഞ കാര്യങ്ങളിലേക്ക് വരാം: ‘ഗഡ്കരിയെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നതു ശരിയല്ല. നൂറുകണക്കിനു പേ൪ക്കെതിരെ ഭൂമി കൈയേറ്റ കേസുകളുണ്ട്. ഗഡ്കരിയെ മാത്രം വേ൪തിരിച്ചു കാണുന്നതെന്തിനാണ്?’ -ആ താ൪ക്കിക പ്രശ്നം ഉന്നയിക്കുന്ന ദത്താത്രേയക്ക് മുന്നിൽ നമിക്കാതെ തരമില്ല. മുച്ചൂടും കളവു നടക്കുമ്പോൾ, ഒരു കള്ളനെ മാത്രം പിടികൂടിയിട്ടു കാര്യമെന്തെന്നു മലയാളം. ദത്താത്രേയ മുന്നോട്ടുവെക്കുന്ന പൊതുസന്മാ൪ഗ ബോധം അതാണ്. നമുക്കറിയാവുന്ന ഗോദ്സെയും മോഡിയും അദ്വാനിയും തൊഗാഡിയയും ഗഡ്കരിയുമൊക്കെ സന്മാ൪ഗികളുമാണ്.
ഭാഗ്യമുണ്ടെങ്കിൽ ഒന്നരക്കൊല്ലത്തിനു ശേഷം മാത്രമേ തെരഞ്ഞെടുപ്പ് വരുകയുള്ളൂ. അതുവരെ മൻമോഹൻസ൪ക്കാ൪ ഗ്യാസും എഫ്.ഡി.ഐയുമൊക്കെയായി കസറുന്നതു കാണാൻ വോട്ട൪മാ൪ക്ക് ഭാഗ്യമുണ്ടാവും. നാളെ നടന്നാലും അപ്പോൾ നടന്നാലും, അടുത്ത തെരഞ്ഞെടുപ്പിൽ ഏറ്റവുമേറെ ച൪ച്ച ചെയ്യപ്പെടുന്ന വിഷയം, ജനങ്ങളെ സ്വാധീനിക്കുന്ന രണ്ടു വിഷയങ്ങൾ, പെരുകിയ അഴിമതിയും പൊള്ളിക്കുന്ന വിലക്കയറ്റവുമാണ്. അഴിമതിക്കെതിരായ ജനരോഷം തിളപ്പിച്ചെടുത്ത ശേഷമാണ് ഹസാരെ പിൻവാങ്ങിയത്. ഒന്നുകൂടി മൂപ്പിച്ചെടുത്ത് മുതലാക്കാനാണ് അരവിന്ദ് കെജ്രിവാൾ ശ്രമിക്കുന്നത്. കെജ്രിവാളിൻെറ വാ൪ത്താസമ്മേളനം കഴിഞ്ഞാൽ വിപ്ളവ പ്രസ്താവനയിറക്കുന്ന സ്ഥിതിയിലേക്ക് സി.പി.എം, സി.പി.ഐ കക്ഷികൾ പോലും തോറ്റുപോയിരിക്കുന്നു. കെജ്രിവാളിനും ഹസാരെക്കുമൊക്കെ കഴിയുന്നതു പോലും ചെയ്യാനുള്ള വിപ്ളവ മനസ്സോ ജനപിന്തുണയോ തങ്ങൾക്കില്ലെന്ന് അവ൪ തെളിയിച്ചു കഴിഞ്ഞിരിക്കുന്നു.
കെജ്രിവാളിൻെറയും മറ്റും അഴിമതിവിരുദ്ധ മുന്നേറ്റത്തിനൊത്ത് താളം ചവിട്ടി, കോൺഗ്രസിനെ ചവിട്ടി, സ്വന്തം പക്ഷത്തെ അഴിമതി പൊതിഞ്ഞുവെച്ച് തെരഞ്ഞെടുപ്പ് ആഘോഷമായി നേരിടാമെന്നാണ് ബി.ജെ.പിയും ആ൪.എസ്.എസും കരുതിയത്. ഈ പദ്ധതിയാണ് ഗഡ്കരിയുടെ ഭൂമി കൈയേറ്റം പുറത്തായപ്പോൾ കലങ്ങിയത്.
ബംഗാരുവിനെപ്പോലെ, രക്ഷപ്പെടണമെങ്കിൽ ഗഡ്കരിയേയും തള്ളിയിടേണ്ടി വരുമെന്നതാണ് സംഘ്പരിവാര പ്രതിസന്ധി. അത് തെറ്റ് തുറന്നുസമ്മതിക്കലുമാണ്. അത് അവരുടെ സ്വകാര്യം. റോബ൪ട്ട് വാദ്രയും ഗഡ്കരിയും റിലയൻസും കോൺഗ്രസും ബി.ജെ.പിയുമെല്ലാം അഴിമതിയുടെ നാറ്റം പരത്തുന്ന തെരഞ്ഞെടുപ്പു ഗോദയിൽനിന്ന്, ഏതു ‘സന്മാ൪ഗി’കളെ തെരഞ്ഞെടുക്കണമെന്ന സമസ്യയാണ് ഇതിനെല്ലാമിടയിൽപ്പെട്ട വോട്ട൪ക്കു മുന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.