കണ്ണൂ൪: പരിയാരം മെഡിക്കൽ കോളജ് ഭരണസമിതി പിരിച്ചുവിട്ടില്ലെങ്കിൽ യു.ഡി.എഫ് വിടുമെന്ന് സി.എം.പി ജനറൽ സെക്രട്ടറി എം.വി. രാഘവൻ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
നവംബ൪ അഞ്ചിന് ചേരുന്ന യു.ഡി.എഫ് യോഗത്തിൽ പരിയാരവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ അന്തിമ നിലപാട് വ്യക്തമാക്കും.
കള്ളവോട്ട് ചെയ്താണ് പരിയാരം മെഡിക്കൽ കോളജ് സി.പി.എം പിടിച്ചെടുത്തത്. അങ്ങനെ പിടിച്ചെടുത്ത കള്ളന്മാരെ സ൪ക്കാ൪ സംരക്ഷിക്കുകയാണ്. ഇങ്ങനെ പോയാൽ യു.ഡി.എഫുമായി ഒത്തുപോവാൻ സി.എം.പിക്കാവില്ല. സഹകരണ മന്ത്രി സി.എൻ. ബാലകൃഷ്ണൻ പരിയാരം ഭരണസമിതി ചെയ൪മാൻ എം.വി. ജയരാജൻെറ ഏജൻറാണ്. ഭരണസമിതിയുമായി ബന്ധപ്പെട്ട കാര്യം പലതവണ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടും ഒന്നും ചെയ്യാൻ അദ്ദേഹത്തിനാവുന്നില്ല. മന്ത്രി ബാലകൃഷ്ണനും ധനമന്ത്രി കെ.എം. മാണിയും തമ്മിലുള്ള ത൪ക്കം കാരണം ഒരു തീരുമാനവുമെടുക്കാനാവുന്നില്ലെന്നാണ് ഉമ്മൻചാണ്ടി പറയുന്നത്. ഭരണസമിതി പിരിച്ചുവിട്ട് പഴയ വോട്ട൪മാരെ വെച്ച് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം. അതുവരെ അഡ്മിനിസ്ട്രേറ്റ൪ക്ക് ഭരണചുമതല നൽകണം. കോളജ് സ൪ക്കാ൪ ഏറ്റെടുത്താൽ മുന്നോട്ടുപോകാനാകില്ല. സ൪ക്കാ൪ ഏറ്റെടുക്കാതെ സഹകരണ മേഖലയിൽ തന്നെ നിലനി൪ത്തണമെന്നാണ് ഞങ്ങളുടെ നിലപാട്. ഞങ്ങൾ ഉണ്ടാക്കിയ സ്ഥാപനം ഞങ്ങൾ നടത്തിക്കൊള്ളാം. ആശുപത്രി പിടിച്ചെടുക്കൽ മാത്രമല്ല, ആളെ കൊന്നും രോഗികളെ കൊലക്കുകൊടുത്തും സി.പി.എം അധഃപതിച്ചിരിക്കയാണ്. പരിയാരത്തെക്കുറിച്ച് അഭിപ്രായം പറയേണ്ടത് സി.പി. ജോൺ അല്ല. പാ൪ട്ടിയാണ്. യു.ഡി.എഫ് നാണംകെട്ട മുന്നണിയായി മാറി. മിക്ക ഘടകകക്ഷികളും അസംതൃപ്തരാണ്. ലീഗ് അന൪ഹമായതൊന്നും അനുഭവിക്കുന്നില്ല. അവ൪ ഒരു ന്യൂനപക്ഷ പാ൪ട്ടിയാണെന്നും വ൪ഗീയ സംഘടനയല്ലെന്നും എം.വി. രാഘവൻ പറഞ്ഞു. വാ൪ത്താസമ്മേളനത്തിൽ പാ൪ട്ടി നേതാക്കളായ സി.കെ. നാരായണൻ, എ.കെ. ബാലകൃഷ്ണൻ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.