ചെല്‍സി കുതിക്കുന്നു

ലണ്ടൻ: കഴിഞ്ഞ സീസണിൽ തന്നെ പാതിവഴിയിൽ ചവിട്ടിപ്പുറത്താക്കിയ ടീമിനോട് പ്രതികാരം ചെയ്യാനുള്ള ആന്ദ്രേ വിയ്യ ബോസിൻെറ മോഹം നടന്നില്ല. ഇംഗ്ളീഷ് പ്രീമിയ൪ ലീഗിൽ അപരാജിത കുതിപ്പ് തുടരുന്ന ചെൽസി ശനിയാഴ്ച നടന്ന അത്യന്തം ആവേശകരമായ മത്സരത്തിൽ വിയ്യ ബോസ് പരിശീലിപ്പിക്കുന്ന ടോട്ടൻഹാമിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തക൪ത്തു. സീസണിൽ മികച്ച പ്രകടനവുമായി കുതിക്കുന്ന ചെൽസി എട്ട് മത്സരങ്ങളിൽനിന്ന് 22 പോയൻറുമായി ഒന്നാം സ്ഥാനത്താണ്.
ഇത്രയും മത്സരങ്ങളിൽനിന്ന് 14 പോയൻറുള്ള ടോട്ടൻഹാം ആറാമതാണ്.
യുവാൻ മാറ്റയുടെ ഇരട്ട ഗോളുകൾക്കൊപ്പം ഗാരി കാഹിലും ഡാനിയൽ സ്റ്ററിഡ്ജും ലക്ഷ്യം കണ്ടതോടെ വിജയം ചെൽസിക്കൊപ്പമായി. വില്യം ഗലാസും ജെ൪മെയ്ൻ ഡീഫോയുമാണ് ടോട്ടൻഹാമിൻെറ ഗോളുകൾ നേടിയത്.
ഗാരി കാഹിൽ 17ാം മിനിറ്റിൽ നേടിയ ഗോളിലൂടെ ചെൽസിയാണ് ആദ്യം മുന്നിലെത്തിയത്. ആദ്യ പകുതിയിൽ പൂ൪ണമായും നീലപ്പടയുടെ മേധാവിത്വത്തിനാണ് വൈറ്റ്ഹാ൪ട്ട് ലെയ്ൻ സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്. പൊരുതാനാകാതെ കിതച്ച ടോട്ടൻഹാം പക്ഷേ, തികച്ചും വ്യത്യസ്തമായ പ്രകടനമാണ് രണ്ടാം പകുതിയിൽ പുറത്തെടുത്തത്.
രണ്ടാം പകുതി തുടങ്ങി കേവലം രണ്ട് മിനിറ്റായപ്പോൾതന്നെ ചെൽസിയെ ഞെട്ടിച്ച് വില്യം ഗാലസ് സമനില ഗോൾ നേടി. സമനില പിടിച്ചതോടെ കൂടുതൽ കരുത്തുനേടിയ വിയ്യാ ബോസിൻെറ കുട്ടികൾ 54ാം മിനിറ്റിൽ ലീഡും നേടി. ജെ൪മെയ്ൻ ഡീഫോയുടെ ഗോളിലൂടെ മുന്നിലെത്തിയപ്പോൾ കളി മാറുന്നതായി ടോട്ടൻഹാം ആരാധക൪ ഉറപ്പിച്ചു.
പക്ഷേ, മുൻ പരിശീലകൻെറയും ടോട്ടൻഹാം ആരാധകരുടെയും പ്രതീക്ഷകളെ തകിംമറിച്ചുകൊണ്ട് കുതിച്ചെഴുന്നേറ്റ് ചെൽസി മാറ്റയുടെ ഇരട്ടഗോളുകളിലൂടെ കണക്കുതീ൪ത്തു. 66ാം മിനിറ്റിലും 69ാം മിനിറ്റിലും മൂന്ന് മിനിറ്റിൻെറ ഇടവേളയിലാണ് മാറ്റ ടോട്ടൻഹാം വലയിലേക്ക് നിറയൊഴിച്ചത്. ഇതോടെ 3-2ന് ചെൽസി മുന്നിലെത്തി. സമനിലക്കായി ഒത്തുപിടിച്ച് പൊരുതിയ ടോട്ടൻഹാമിനെ നിലംപരിശാക്കി അവസാന മിനിറ്റിൽ ഡാനിയൽ സ്റ്ററിഡ്ജ് നാലാം ഗോളും നേടിയതോടെ വ്യക്തമായ മേധാവിത്വത്തോടെ ചെൽസി കളംവിട്ടു.
മറ്റൊരു മൽസരത്തിൽ മാഞ്ചസ്റ്റ൪ യുണൈറ്റഡ് രണ്ടിനെതിരെ നാല് ഗോളുകൾക്ക് സ്റ്റോക് സിറ്റിയെയും മാഞ്ചസ്റ്റ൪ സിറ്റി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വെസ്റ്റ് ബ്രോംവിച്ചിനെയും തോൽപിച്ചു. 18 പോയിൻറുമായി രണ്ടാം സ്ഥാനത്താണ് യുണൈറ്റഡ്. മൂന്നാം സ്ഥാനത്തുള്ള സിറ്റിക്കും 18 പോയിൻറാണുള്ളത്.
മറ്റ് മൽസരങ്ങളിൽ ഫുൾഹാം ഏകപക്ഷീയമായ ഒരുഗോളിന് ആസ്റ്റൻവില്ലയെയും ലിവ൪പൂൾ മറുപടിയില്ലാത്ത ഒറ്റഗോളിന് റീഡിങ്ങിനെയും വെസ്റ്റ്ഹാം ഒന്നിനെതിരെ നാല് ഗോളുകൾക്ക് സതാംപ്റ്റണെയും തോൽപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.