അമേരിക്കയിൽ ഒരു പതിവുണ്ട്. വ൪ഷത്തിൽ ഒരുദിവസം വലിയ ഷോപ്പിങ് മാളുകളിൽ വിലക്കുറവിൻെറ പെരുന്നാളായിരിക്കും. വ൪ഷം മുഴുവൻ ഉപഭോക്താക്കളെ കണ്ണിൽ ചോരയില്ലാതെ പിഴിഞ്ഞ് ലാഭം വാരിക്കൂട്ടിയ വൻ കച്ചവടക്കാ൪ ഒരുദിവസം വിലകുറച്ച് സാധനങ്ങൾ വിൽക്കും. താങ്ക്സ് ഗിവിങ് ഡേയോട് ബന്ധപ്പെട്ടാണ് ഈ കച്ചവടമാമാങ്കം അരങ്ങേറുക. ‘ബ്ളാക് ഫ്രൈഡേ’ എന്നാണ് ആ ദിവസം അറിയപ്പെടുന്നത്. അന്ന് വൻകിട കച്ചവടകേന്ദ്രങ്ങളിലാകെ ഉന്തുംതള്ളുമായിരിക്കും. വിൽക്കുന്നവരും വാങ്ങുന്നവരുമെല്ലാം ആ ദിവസം മതിമറന്ന് കൊണ്ടാടും. കമ്പോള വ്യവസ്ഥയുടെ കടിഞ്ഞാൺ കൈയേന്തിയവ൪ കണ്ടുപിടിച്ച മറ്റൊരു വിപണനശ്രമമാണ് ഈ വിലക്കുറവിൻെറ മഹാമാമാങ്കം. ആ ഒരു ദിവസത്തെ ഔാര്യ പ്രകടനത്തിലൂടെ 365 ദിവസവും ക്രയവിക്രയങ്ങളുടെ തമ്പുരാക്കൾ തങ്ങൾ മാത്രമായിരിക്കുമെന്ന് വൻകിടക്കാ൪ ഉറപ്പാക്കുകയാണ്. അതിൻെറ താങ്ക്സ് ഗിവിങ് ആണ് ഒരു ദിവസം! അന്വേഷിച്ചുനോക്കുക; ഇടത്തരവും ചെറുകിടയുമായ കച്ചവടസ്ഥാപനങ്ങളെല്ലാം അമേരിക്കയിൽ ശ്വാസംമുട്ടുകയാണെന്ന് അപ്പോൾ മനസ്സിലാകും. പലരും ഇതിനകം ഷട്ട൪ താഴ്ത്തി കഴിഞ്ഞു. അല്ലാത്തവ൪ മഹാമല്ലന്മാരുമായി മത്സരിക്കാൻ ത്രാണിയില്ലാതെ വേച്ചുവേച്ചു പോകുന്നു. അത്തരക്കാ൪ ‘ബ്ളാക് സാറ്റ൪ഡേ’ എന്ന ആശയം വള൪ത്തിയെടുക്കാൻ ശ്രമിക്കുകയാണ്; ഏറെ പ്രയാസപ്പെട്ടുതന്നെ.
2011 നവംബറിൽ പ്രസിഡൻറ് ഒബാമ ഔാര്യപൂ൪വം ഒരു ‘സത്പ്രവൃത്തി’ കാഴ്ചവെച്ചു. കച്ചവടമാമാങ്കത്തിന് കൊഴുപ്പുകൂട്ടാൻ അദ്ദേഹം വലിയ മാളുകളിലേക്ക് പോയില്ല. പകരം ‘ബ്ളാക് സാറ്റ൪ഡേ’യിൽ ഒരു സാധാരണ സൂപ്പ൪മാ൪ക്കറ്റിലേക്കാണ് തൻെറ രണ്ടു മക്കളെയും കൂട്ടി പ്രസിഡൻറ് പോയത്. ചെറുകിട കച്ചവടക്കാരോട് ഭരണകൂടത്തിൻെറ സഹാനുഭൂതി പ്രകടിപ്പിക്കുകയായിരുന്നു ഒബാമ. മുങ്ങിത്താഴുംമുമ്പ് അവ൪ക്ക് ഒരു സൗഹൃദ ഹസ്തദാനം! പകരം തനിക്ക് കുറെ വോട്ടും. ‘ഒരാൾക്ക് ഒരു വോട്ട്’ എന്നതാണല്ലോ പ്രമാണം. ചെറുകിടക്കാരുടെ വോട്ടിനും വിലയുണ്ടല്ലോ.
തൻെറ നാട്ടിലെ കച്ചവടക്കാരോട് അപ്രകാരമൊരു സഹാനുഭൂതി നാട്യംപോലും പ്രകടിപ്പിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന് എന്തുകൊണ്ട് തോന്നുന്നില്ല? ഇന്ത്യയിലെ നാലു കോടിയിൽപരം ആളുകൾ പ്രത്യക്ഷമായും 40 കോടിയോളം ആളുകൾ പരോക്ഷമായും ആശ്രയിക്കുന്ന ചില്ലറവ്യാപാര രംഗത്തേക്ക് പ്രത്യക്ഷ വിദേശ നിക്ഷേപത്തിനായി (എഫ്.ഡി.ഐ) വാതിൽ മല൪ക്കെ തുറന്നുകൊടുത്തപ്പോൾ അദ്ദേഹത്തിന് എന്തൊരൂറ്റമായിരുന്നു. അതുവരെ കാണാത്ത ഒരു മൻമോഹൻ സിങ്ങിനെ അന്ന് ഇന്ത്യ കണ്ടു. തൊട്ടടുത്ത ദിവസം പ്ളാനിങ് കമീഷൻെറ യോഗത്തിൽ സംസാരിക്കവെ അദ്ദേഹത്തിൻെറ വാക്കുകൾക്ക് എന്തൊരു മൂ൪ച്ചയായിരുന്നു! ചില്ലറ വാണിജ്യരംഗത്തും വ്യോമയാന രംഗത്തും വാ൪ത്താവിനിമയ രംഗത്തും വിദേശനിക്ഷേപക൪ പ്രവേശിക്കുന്നതോടെ ഇന്ത്യ വികസനത്തിൻെറ സ്വ൪ഗമായിത്തീരുമെന്നാണ് പ്രധാനമന്ത്രിയും കൂട്ടരും പ്രചരിപ്പിക്കുന്നത്. ചില്ലറ കച്ചവടരംഗത്തും വ്യോമയാന രംഗത്തും വാ൪ത്താവിനിമയ മേഖലയിലും വിദേശ ഉടമസ്ഥത വന്നാൽ ഇന്ത്യ എങ്ങനെ സ്വ൪ഗമാകുമെന്നാണ് അവ൪ വാദിക്കുന്നത്?
സ്വാതന്ത്ര്യത്തിന് അറുപത്തഞ്ച് വയസ്സ് കഴിയുമ്പോൾ ഇംഗ്ളീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ തത്ത്വശാസ്ത്രം ഇന്ത്യൻ ഭരണക്കാരെ വീണ്ടും വിഴുങ്ങിക്കഴിഞ്ഞു. കച്ചവടക്കണ്ണുമായെത്തുന്നവരെ രക്ഷകന്മാരായി വാഴ്ത്തിയ പഴയ നാട്ടുരാജാക്കന്മാരുടെ അടിമമനോഭാവത്തിലേക്ക് ഇന്ത്യൻ പ്രധാനമന്ത്രിയുടെ മനസ്സ് തലകുത്തിവീണിരിക്കുന്നു. ഇന്ദിരഗാന്ധിയുടെ കാലത്ത് ലോകരാഷ്ട്രീയത്തിൽ ദക്ഷിണ-ദക്ഷിണ സഹകരണത്തിൻെറ ആശയങ്ങൾ സജിവ ച൪ച്ചാവിഷയമായിരുന്നു. അന്ന് ടെക്നോക്രാറ്റായിരുന്ന മൻമോഹൻസിങ് അതിനനുകൂലമായി ഒരുപാട് എഴുതുകയും പറയുകയും ചെയ്തതാണ്. ഇന്ന് വികസ്വര രാജ്യങ്ങളുടെമേൽ പിടിമുറുക്കാൻ ആഗോളവത്കരണത്തിൻെറ തമ്പുരാക്കൾ കരുക്കൾ നീക്കുമ്പോൾ ഇന്ത്യയുടെ ചരിത്രപരമായ പങ്ക് എന്താണെന്ന് ഡോ. മൻമോഹൻ സിങ് പാടെ വിസ്മരിക്കുകയാണ്. ഇറാനിൽ ചേരിചേരാ ഉച്ചകോടി കഴിഞ്ഞിട്ട് ഏറെക്കാലമായില്ല. പേടിച്ചു പേടിച്ചാണെങ്കിലും ലോക സാമ്പത്തികാവസ്ഥയെപ്പറ്റി അവിടെ ചില കാര്യങ്ങൾ മൻമോഹൻ സിങ് പറഞ്ഞു. ഇപ്പോൾ അതെല്ലാം അദ്ദേഹം മറക്കുകയാണ്. മാത്രമല്ല, അങ്ങനെ പറഞ്ഞുപോയതിലുള്ള പ്രായശ്ചിത്തം ചെയ്യുന്നതുപോലെയാണ് അമേരിക്കൻ താൽപര്യങ്ങൾക്കു മുമ്പിൽ അദ്ദേഹം മുട്ടുകുത്തുന്നത്.
ഇന്ത്യൻ പ്രധാനമന്ത്രി തങ്ങളുടെ ഹിറ്റ്ലിസ്റ്റിൽപെട്ട ഇറാനിലേക്ക് പോയതുതന്നെ വൈറ്റ്ഹൗസിനു തീരെ പിടിച്ചില്ല. പരാജയപ്പെട്ട പ്രധാനമന്ത്രിയെന്ന് ‘ടൈംമാസിക’യെക്കൊണ്ടു ‘കൈപിടിച്ചുതിരിച്ചിട്ടും’ അമേരിക്ക ഉദ്ദേശിച്ച അത്ര ഇന്ത്യ നട്ടെല്ല് വളക്കുന്നില്ലെന്നു കണ്ടപ്പോൾ വാഷിങ്ടൺ പോസ്റ്റിനെയാണ് യു.എസ് ഭരണവൃത്തങ്ങൾ രംഗത്തിറക്കിയത്. സ്ട്രാറ്റജിക് അലൈ അഥവാ തന്ത്രപ്രധാന കൂട്ടാളി എന്നാണല്ലോ അമേരിക്കയും ഇന്ത്യയും പരസ്പരം വിശേഷിപ്പിക്കുന്നത്. ആ കൂട്ടാളി രാജ്യത്തിൻെറ പ്രധാനമന്ത്രിയെ പരിഹാസത്തിൻെറ കൂരമ്പുകൊണ്ട് മുറിവേൽപിക്കുകയായിരുന്നു അമേരിക്ക. മൊബൈൽ ഫോണിൻെറ സൈലൻറ് മോഡിന് ഇന്ത്യക്കാ൪ നൽകുന്ന പേര് ‘മൻമോഹൻസിങ് മോഡ്’ എന്നാണെന്നുവരെ പോയി ആ പരിഹാസ മുന. അതിലൂടെ യു.എസ് ഭരണനേതൃത്വം നടത്തിയത് ഒരുതരം മന$ശാസ്ത്രയുദ്ധമായിരുന്നെന്നു കരുതണം. ആ യുദ്ധതന്ത്രത്തിനു മുമ്പിൽ മൻമോഹൻ സിങ് കമഴ്ന്നടിച്ചുവീഴുന്ന കാഴ്ചയാണ് പിന്നെ ലോകംകണ്ടത്.
പരിഷ്കാരങ്ങളുടെ വേഗത പോരാ ത്തതിൻെറ പേരിൽ തന്നെ ദു൪ബലനെന്നു വിളിച്ച അമേരിക്കയുടെ മുമ്പിൽ തൻെറ ശക്തി കാണിക്കുകയായിരുന്നു മൻമോഹൻ സിങ്. സ്വന്തം ജനങ്ങളോടു യുദ്ധം പ്രഖ്യാപിച്ചും സമ്പദ്വ്യവസ്ഥയുടെ ദേശീയ താൽപര്യങ്ങൾ പണയപ്പെടുത്തിയുമായിരുന്നു ആ ശക്തിപ്രകടനം. അങ്ങാടിയിൽ തോറ്റതിന് പണ്ട് അമ്മയെ തല്ലിയത് ആരാണെന്നറിയില്ല. അമേരിക്കൻ പത്രങ്ങളുടെ മുമ്പിൽ തോറ്റതിന് മൻമോഹൻ സിങ് ഇന്ത്യയെ തല്ലുകയായിരുന്നു. ഇന്ത്യയിലെ അങ്ങാടികളെയെല്ലാം വിഴുങ്ങാൻ ഏറെക്കാലമായി ആ൪ത്തിപൂണ്ട് കാത്തിരിക്കുന്ന അമേരിക്കക്ക് ചോദിച്ചതിലേറെ വാരിക്കൊടുത്താണ് ആ ഇന്ത്യയെ തല്ലാൻ നടന്നത്. ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ളിയിൽ ആഗോളവത്കരണത്തിൻെറ ഇരുണ്ട വശങ്ങളെക്കുറിച്ച് പറഞ്ഞതെല്ലാം പ്രധാനമന്ത്രി സൗകര്യപൂ൪വം മറന്നു. അദ്ദേഹംതന്നെ ഒരിക്കൽ കൊട്ടിഘോഷിച്ച ‘മനുഷ്യമുഖമുള്ള പരിഷ്കാരം’ എന്ന വാഗ്ദാനം തന്നെനോക്കി പരിഹസിക്കുന്നത് മൻമോഹൻസിങ്ങിന് കാണാൻ കഴിയുന്നില്ല. രണ്ട് ദശാബ്ദം മുമ്പ് ആഗോളവത്കരണം വിളംബരം ചെയ്ത ‘സ൪വതല സ്പ൪ശിയായ വള൪ച്ചയല്ല’ ലോകത്തുണ്ടായത്. ഇക്കാലയളവിൽ രാജ്യങ്ങൾ തമ്മിലും രാജ്യങ്ങൾക്കുള്ളിലും അസമത്വം പെരുകുകയായിരുന്നെന്നാണ് ഐക്യരാഷ്ട്രസഭ തന്നെ വ്യക്തമാക്കുന്നത്. ഇന്ത്യൻ അനുഭവവും അതുതന്നെ. അസമത്വങ്ങൾക്കും ദുരിതങ്ങൾക്കും വളംവെക്കുന്ന ഇത്തരം നവലിബറൽ നയങ്ങളുടെ വീറുറ്റ വക്താവായിരുന്നു പ്രണബ്കുമാ൪ മുഖ൪ജി. പക്ഷേ, രാഷ്ട്രപതിയായി അധികാരമേറ്റയുടൻ രാഷ്ട്രത്തോടായി ചെയ്ത പ്രസംഗത്തിൽ അദ്ദേഹത്തിന് ഒരു സത്യം പറയേണ്ടിവന്നു-‘ട്രിക്ൾ ഡൗൺ തിയറി (ഇറ്റിറ്റുവീഴൽ സിദ്ധാന്തം)യുടെ വക്കീലന്മാ൪ക്കൊന്നും രാജ്യം നേരിടുന്ന ദാരിദ്ര്യത്തിൻെറ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്ന സത്യം. അതേ, പ്രശ്നം അതുതന്നെയാണ്. ഇരുപതു രൂപയുടെ വരുമാനംകൊണ്ട് ജീവിക്കാൻ കഴിയാതെ വലയുന്ന 80 കോടിയിൽപരം ഇന്ത്യക്കാരുടെ (അ൪ജുൻ സെൻ ഗുപ്ത കമ്മിറ്റി) നിലനിൽപും അതിജീവനവും തന്നെയാണ് ഇന്ത്യൻ വികസനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
അവരോടാണ് പ്രധാനമന്ത്രി പണം കായ്ക്കുന്ന മരത്തെപ്പറ്റി തത്ത്വചിന്താപരമായി സംസാരിക്കുന്നത്. ഭൂമിയിൽ അങ്ങനെ ഒരു മരമില്ല. ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കാൻ സ൪ക്കാറിന് കഴിയാത്തത് ആ അദ്ഭുതമരം ഇല്ലാത്തതു കൊണ്ടാണ്. ഭക്ഷ്യസുരക്ഷക്കു വേണ്ടിവരുന്നത് പ്രതിവ൪ഷം 95,000 കോടി രൂപയാണത്രെ. അതില്ലാത്തതുകൊണ്ട് ഭക്ഷ്യസുരക്ഷ ഇന്നും കടലാസിൽ ചത്തുകിടപ്പാണ്. പണം കായ്ക്കുന്ന ആ മരം ഉണ്ടാകുന്നതുവരെ ആ സ്ഥിതി അങ്ങനെ തുടരാനാണോ ഗവൺമെൻറിൻെറ പുറപ്പാട്. ഡീസലിന് വിലകൂട്ടിയതും പാചകവാതകത്തിൻെറ കഴുത്തുപിടിച്ചതും വിദേശ നിക്ഷേപക൪ക്കു വാതിൽ തുറന്നുകൊടുത്തതും മരത്തിൽ പണം കായ്ക്കാത്തതുകൊണ്ടാണെന്നാണ് ധാ൪ഷ്ട്യംനിറഞ്ഞ ജാമ്യാപേക്ഷയിൽ ഡോ. മൻമോഹൻ സിങ് പറഞ്ഞത്. എന്നാൽ, കഴിഞ്ഞ നാലു വ൪ഷത്തിനിടയിൽ അഞ്ചുലക്ഷം കോടിരൂപയുടെ സൗജന്യങ്ങളാണ് വൻകിട കോ൪പറേറ്റ് സ്ഥാപനങ്ങൾക്ക് വാരിക്കോരി കൊടുത്തത്. ഏതു മരത്തിൽനിന്നാണ് ഇത്രയും ഭീമമായ സംഖ്യ ഗവൺമെൻറ് കുലുക്കിവീഴ്ത്തിയത്? ആ മരം കുലുക്കിയാൽ പണക്കാ൪ക്കുവേണ്ടി മാത്രമേ പണം വീഴൂ എന്നുണ്ടോ? അങ്ങനെയുളള മരം വെട്ടിക്കളയണമെന്നായിരിക്കും ഇന്നു തിരിച്ചുവന്നാൽ മഹാത്മാഗാന്ധി പറയുക.
സെപ്റ്റംബ൪ 21നാണ് പ്രധാനമന്ത്രി പണം/മരം പ്രസംഗം നടത്തിയത്. വികാരഭരിതനായി മൻമോഹൻ സിങ് ഇങ്ങനെ പറഞ്ഞു. ‘പരിഷ്കാരങ്ങളുടെ പാതയിൽ എന്നെ വിശ്വസിക്കുക; ഞാൻ ഫലമുണ്ടാക്കി കാണിച്ചുതരാം’. സെപ്റ്റംബ൪ 24നുതന്നെ അദ്ദേഹം ഫലം കാണിച്ചുതന്നു. അത് ഊ൪ജവിതരണ രംഗത്തെ കോ൪പറേറ്റ് സ്ഥാപനങ്ങൾക്കുള്ള 1.79 ലക്ഷം കോടിയുടെ ഇളവുകളായിരുന്നു. ‘ഡിസ്കോം’ എന്ന് വിളിപ്പേരുള്ള ഡിസ്ട്രിബ്യൂഷൻ കമ്പനികൾ വരുത്തിവെച്ച കടത്തിൻെറ ഭാരം മുഴുവൻ സംസ്ഥാന സ൪ക്കാറുകളുടെ കഴുത്തിൽ കെട്ടിവെക്കാനുള്ള പരിഷ്കരണ നടപടിക്ക് വായുവിനേക്കാൾ വേഗത്തിലാണ് സാമ്പത്തിക കാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി സമ്മതം മൂളിയത്. അംബാനിക്കും ടാറ്റക്കും സഹായകമായ അത്തരമൊരു നടപടിക്ക് ഒരുനിമിഷംപോലും വൈകിക്കൂടെന്നു നി൪ബന്ധമുള്ളവരാണ് മന്ത്രിമാ൪. തീരുമാനമെടുക്കുംമുമ്പ് ഒരുമുഖം മനസ്സിൽ കാണണമെന്ന് മഹാത്മാഗാന്ധി നയരൂപവത്കരണ ക൪ത്താക്കളെ ഉപദേശിച്ചിരുന്നു. അത് അന്നുകണ്ട ഏറ്റവും ദൈന്യനായ മനുഷ്യൻെറ മുഖമായിരിക്കണമെന്നും അദ്ദേഹം ഓ൪മപ്പെടുത്തി. മൻമോഹൻസിങ് ഗാന്ധിജിയെ നിരാശപ്പെടുത്തുകയില്ല. നി൪ണായക തീരുമാനത്തിൻെറ വേളയിൽ ഒരു മുഖത്തിനു പകരം അദ്ദേഹം പല മുഖങ്ങളാണ് ഓ൪ക്കുന്നത്. ആ മുഖങ്ങൾക്ക് വാൾമാ൪ട്ടിൻെറയും റിലയൻസിൻെറയും ഛായയാണെന്നു മാത്രം. ആ മുഖങ്ങളിലും ദൈന്യത നിഴലിക്കുന്നതു മൻമോഹൻ സിങ്ങിനല്ലാതെ ആ൪ക്കാണ് വായിക്കാൻ കഴിയുക! ഈ മഹാരാജ്യത്തെ ഒറ്റയടിക്കു വിഴുങ്ങാൻ കഴിയുന്നില്ലല്ലോ എന്ന ചിന്തയിൽനിന്ന് ഉയരുന്ന ദൈന്യതയാണത്. പരിഷ്കരണത്തിൻെറ പാതയിലെ ഈ അതിവേഗയാത്രയിൽ മൻമോഹൻ സിങ് അവരെയല്ലാതെ ആരെയും സ്മരിക്കുന്നില്ല. വീണ്ടും കച്ചവടക്കാ൪ രംഗം കീഴ്പ്പെടുത്തുകയാണ്. വിദേശത്തുനിന്നുള്ളവ൪ മാത്രമല്ല; റിലയൻസിനെപ്പോലുള്ള സ്വദേശികളും ഡി.എൽ.എഫിനെപ്പോലുള്ള റിയൽ എസ്റ്റേറ്റ് ചക്രവ൪ത്തിമാരുമാണ് ഇന്ന് നയരൂപവത്കരണത്തിൻെറ വഴികാട്ടികൾ. അവ൪ക്ക് പണത്തെയും ലാഭത്തെയും പറ്റി മാത്രമേ ചിന്തിക്കാൻ കഴിയൂ. ജനങ്ങൾ അവരുടെ പരിഗണനാ പട്ടികയിൽ ഏറ്റവും താഴെയാണ് സ്ഥാനം പിടിക്കുന്നത്. എന്നിട്ടും ഇന്ത്യ ലോകത്തെ ഏറ്റവുംവലിയ ജനാധിപത്യ രാഷ്ട്രമായി തുടരുന്നു. ഈ വൈരുധ്യമാണ് ഇന്ത്യൻ സമ്പദ്വ്യവസ്ഥയും രാഷ്ട്രീയഘടനയും നേരിടുന്ന വെല്ലുവിളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.