ഇസ്ലാമാബാദ്: പാക് പ്രസിഡൻറ് ആസിഫ് അലി സ൪ദാരി രഹസ്യ ബാങ്കുകളിൽ സൂക്ഷിച്ച കള്ളപ്പണവുമായി ബന്ധപ്പെട്ട കേസുകൾ പുനരുജ്ജീവിപ്പിക്കുന്നതിൻെറ ഭാഗമായി സ്വിസ് അധികൃത൪ക്ക് കൈമാറാൻ തയാറാക്കിയ അന്വേഷണത്തിൻെറ കരടിന് പാക് സുപ്രീംകോടതി അംഗീകാരം നൽകി.
ഇത്തരമൊരു കത്ത് ഒക്ടോബ൪ 10നകം തയാറാകാത്തപക്ഷം പ്രധാനമന്ത്രി രാജ പ൪വേസ് അഷ്റഫിനെതിരെ കോടതിയലക്ഷ്യക്കുറ്റം ചുമത്തുമെന്ന് കോടതി അന്ത്യശാസനം നൽകിയിരുന്നു.
നേരത്തെ രണ്ടുതവണ നൽകിയ കത്തിൻെറ കരടിൽ സാങ്കേതിക പിഴകൾ കണ്ടതിനാൽ അത് സുപ്രീംകോടതി തള്ളിക്കളയുകയാണുണ്ടായിരുന്നത്. സ൪ദാരിയെ പരമാവധി സംരക്ഷിക്കുന്നതിന് സഹായകമായ സാങ്കേതിക പഴുതുകൾ നിറഞ്ഞ കത്തുകൾ രണ്ടും തള്ളപ്പെട്ടതിനെ തുട൪ന്ന് ഇന്നലെ പുതിയ കരടുമായി നിയമമന്ത്രി ഫാറൂഖ് നായിക് ആണ് കോടതിയിൽ ഹാജരായത്.
പാക് പ്രസിഡൻറിന് പ്രോസിക്യൂഷൻ നടപടികളിൽനിന്ന് നിയമപരിരക്ഷയുള്ള കാര്യം കത്തിൽ പരാമ൪ശിക്കുന്നുണ്ട്. എന്നാൽ, സ൪ദാരിക്കെതിരായ കേസുകൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് 2007ൽ പാക് അറ്റോണി ജനറൽ മാലിക് ഖയ്യൂം അയച്ച കത്ത് റദ്ദാക്കപ്പെട്ടതായി പുതിയ കത്തിൻെറ കരടിൽ പരാമ൪ശമുണ്ട്.
ഇത്തരമൊരു അന്വേഷണ കത്ത് അയക്കണമെന്ന ഉത്തരവ് പാലിക്കുന്നതിൽ വീഴ്ചവരുത്തിയ മുൻ പ്രധാനമന്ത്രി യൂസുഫ് റസാ ഗീലാനിക്കെതിരെ കോടതിയലക്ഷ്യക്കുറ്റം ചുമത്തി സുപ്രീംകോടതി ശിക്ഷിച്ചിരുന്നു. പുതിയ കത്ത് തയാറാക്കപ്പെട്ട സാഹചര്യത്തിൽ രാജ പ൪വേസിനെതിരായ കോടതിയലക്ഷ്യ നടപടി റദ്ദാക്കാൻ നിയമമന്ത്രി നായിക് ആവശ്യപ്പെട്ടപ്പോൾ കത്ത് സ്വിസ് അധികൃതരുടെ കൈവശം എത്തിച്ചേരാനുള്ള തടസ്സങ്ങൾ പരിഹരിക്കപ്പെട്ടശേഷമേ ആവശ്യം പരിഗണിക്കൂ എന്നായിരുന്നു ജസ്റ്റിസ് ആസിഫ് സഈദ് ഖോസയുടെ മറുപടി. കത്ത് ലക്ഷ്യത്തിലെത്താൻ എത്ര സമയമെടുക്കുമെന്ന ജസ്റ്റിസ് ഖോസയുടെ ചോദ്യത്തിന് കരട് ഫ്രഞ്ചിലേക്ക് മൊഴിമാറ്റം നടത്തിയ ശേഷം വിദേശമന്ത്രാലയം വഴി കൈമാറുന്നതിന് നാലാഴ്ചയെങ്കിലും അനിവാര്യമാണെന്നായിരുന്നു നിയമമന്ത്രി നൽകിയ മറുപടി. അന്വേഷണ കത്തിൻെറ കരടിന് സുപ്രീംകോടതി അനുമതി പ്രഖ്യാപിച്ചതോടെ ഗവൺമെൻറും കോടതിയും തമ്മിൽ മാസങ്ങളായി തുടരുന്ന വടംവലി ശുഭപര്യവസാനത്തിലേക്ക് നീങ്ങുകയാണെന്ന പ്രതീതിയാണിപ്പോൾ പാകിസ്താനിൽ ദൃശ്യമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.