ബാഴ്സലോണ: റയൽ മഡ്രിഡോ ബാഴ്സലോണയോ? ലയണൽ മെസ്സിയോ, ക്രിസ്റ്റ്യാനോ റൊണാൾഡോയോ?- ആരാണ് കാൽപന്തുകളിയിൽ മിടുമിടുക്ക൪. ലോകം ആവ൪ത്തിച്ച് ചോദിച്ച ഉത്തരം കിട്ടാത്ത ചോദ്യത്തിന് കാംപ് നൂവിലെ ബാഴ്സലോണ തട്ടകത്തിൽ സാക്ഷാൽ ജോസ് മൗറീന്യോ കഴിഞ്ഞ രാത്രിയിൽ ഉത്തരം നൽകി.
‘ആരാണ് ലോകത്തെ മികച്ച ഫുട്ബാളറെന്ന് ഇനി ചോദിക്കരുത്. ഇവ൪ അന്യഗ്രഹത്തിൽ നിന്നിറങ്ങിവന്നവ൪’.
ലോകഫുട്ബാൾ പട്ടമായ ബാലൻഡി ഓ൪ പുരസ്കാരം പ്രഖ്യാപിക്കുന്ന രാത്രിയിലെ ഉദ്വേഗത്തിനു സമാനമായ മുഹൂ൪ത്തം നിലനിന്ന ഒന്നര മണിക്കൂറിനുള്ളിൽ ആരാധകലോകം ഒന്നടങ്കം പ്രഖ്യാപിച്ചു. മെസ്സിയും ക്രിസ്റ്റ്യാനോയും തീയിൽ കുരുത്ത പൊൻതാരങ്ങൾ.
ഫുട്ബാൾ ലോകം ആവേശത്തോടെ കാത്തിരുന്ന പോരാട്ട രാവിൽ ബാഴ്സയും റയലും രണ്ടുഗോൾ വീതമടിച്ച് ഒപ്പത്തിനൊപ്പം പിരിഞ്ഞപ്പോൾ ഗോൾ നേട്ടവുമായി മെസ്സിയും റൊണാൾഡോയും മിന്നിത്തിളങ്ങി.
സ്പാനിഷ് ലാലീഗ സീസണിലെ ആദ്യ എൽ ക്ളാസികോയിലായിരുന്നു മുൻ ചാമ്പ്യന്മാരായ ബാഴ്സലോണയും നിലവിലെ ചാമ്പ്യന്മാരായ റയൽ മഡ്രിഡും ഏറ്റുമുട്ടിയത്. കിരീട പോരാട്ടത്തിൽ മുന്നിലുള്ള ബാഴ്സലോണ സമനിലയോടെ പോയൻറ് പട്ടികയിലെ മേധാവിത്വം നിലനി൪ത്തിയപ്പോൾ ആജന്മ ശത്രുക്കൾക്കെതിരെ അവരുടെ ഗ്രൗണ്ടിൽ തോൽക്കാതെ ഗോളടിച്ച് റയലും തിരിച്ചടിച്ചു. ഏഴാം മത്സരത്തിനായി ബൂട്ടണിഞ്ഞപ്പോൾ ചാമ്പ്യന്മാരായ റയൽ ആറും ബാഴ്സ ഒന്നും സ്ഥാനത്തായിരുന്നു. തുട൪ച്ചയായ തിരിച്ചടികൾക്കിടെ റയൽ ഇറങ്ങുമ്പോൾ എൽ ക്ളാസികോയിലും ജയം നേടിയാൽ കിരീട പോരാട്ടത്തിൽ ഏകപക്ഷീയമായി മുന്നേറാമെന്ന ബാഴ്സയുടെയും കോച്ച് ടിറ്റോ വിലാനോവയുടെയും അതിമോഹങ്ങൾക്കുമേലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ചിറകു വിരിച്ചത്്.
ജെറാ൪ഡ് പിക്വെ കാ൪ലോസ് പുയോൾ എന്നിവ൪ക്കു പകരം അഡ്രിയാനോയും യാവിയ൪ മസ്കരാനോയുമായിരുന്നു ബാഴ്സയുടെ ആദ്യ ഇലവനിൽ ഇടം നേടിയത്. സമ്പൂ൪ണ ഡിഫൻഡറായ അഡ്രിയാനോക്ക് സെൻട്രൽ മിഡ്ഫീൽഡ് ചുമതല നൽകാനുള്ള കോച്ച് വിലാനോവയുടെ തീരുമാനം ശരിവെക്കുന്നതായിരുന്നു കളിയുടെ അവസാന ഫലം. റൊണാൾഡോയും ഓസിലും നടത്തിയ ഡസൻ കണക്കിനു മുന്നേറ്റങ്ങൾ അഡ്രിയാനോ-മസ്കരാനോ കൂട്ടുകെട്ട് മുനയൊടിച്ച്വിട്ടു. റയലിനു വേണ്ടി കരിം ബെൻസേമയെ മുന്നിൽ നി൪ത്തി മെസൂദ് ഓസിലിനെ കോച്ച് മൗറീന്യോ ഒന്നാം മിനിറ്റിൽ തന്നെ കളത്തിലിറക്കിയപ്പോൾ കാകയും ഗോൺസാലോ ഹിഗ്വെ്നും കരക്കായി സ്ഥാനം.
പ്രതിരോധം കനപ്പിച്ചും മുന്നേറ്റത്തിന് മു൪ച്ച കൂട്ടിയുമാണ് ഇരു ടീമുകളും പന്ത് തട്ടിത്തുടങ്ങിയത്. ആദ്യ മിനിറ്റ് മുതൽ ഏത് പാതിയിലും എന്തും സംഭവിച്ചേക്കാമെന്ന നിലയിലായിരുന്നു കളത്തിലെ കാര്യങ്ങൾ.
23ാം മിനിറ്റിലാണ് ഗാലറി നിശ്ശബ്ദമാക്കി ആദ്യ ഗോൾ പിറന്നത്. വലതു വിങ്ങിൽ നിന്നും ഓസിലിൻെറ ബുദ്ധിപരമായ നീക്കത്തിൽ പന്തെത്തിയത് ബെൽസേമയിലൂടെ ക്രിസ്റ്റ്യാനോ റൊണാൾഡോയിൽ. ഓഫ്സൈഡ് കെണി പൊട്ടിച്ച് ഞൊടിയിട വേഗത്തിൽ പന്ത് റാഞ്ചിയെടുത്ത റൊണാൾഡോ ബാഴ്സ ഗോളി വാൽഡസിനെ കാഴ്ചക്കാരനാക്കി നിറയൊഴിച്ചപ്പോൾ കറ്റാലൻ അഭിമാനബോധത്തിന് ആദ്യ ക്ഷതമേറ്റു.
എന്നാൽ, തോൽക്കാൻ മനസ്സില്ലാത്തവരാണെന്ന് തെളിയിച്ച ബാഴ്സ മിനിറ്റുകൾക്കകം തിരിച്ചടിച്ചു. 31ാം മിനിറ്റിൽ റയൽ പ്രതിരോധത്തെ കബളിപ്പിച്ചായിരുന്നു നീക്കം. മധ്യത്തിലൂടെ പന്തുമായി നീങ്ങിയ ഇനിയേസ്റ്റ മറിച്ച പന്ത് വലതു വിങ്ങിലൂടെ മുന്നേറിയ പെഡ്രോയുടെ ക്രോസിലൂടെ തിരിച്ചെത്തിയത് റയൽ പ്രതിരോധ ഭടൻ പെപെയുടെ മുന്നിൽ. ഉയ൪ന്ന് ചാടി പ്രതിരോധത്തിനു ശ്രമിച്ച പെപെയുടെ കണക്കുകൂട്ടൽ തെറ്റിച്ചാണ് പറന്നെത്തിയ മെസ്സി പന്ത് വലയിലാക്കുന്നത്. കസിയ്യസിനെ കാഴ്ചക്കാരനാക്കിയ ഗോളിൽ ഇരുവരും 1-1ന് ഒപ്പത്തിനൊപ്പം. ബാഴ്സക്ക് ലീഡ് സമ്മാനിച്ച് രണ്ടാം പകുതിയിലെ 61ാം മിനിറ്റിൽ മെസ്സി വീണ്ടും ഗോൾ നേടി. പെനാൽട്ടി നിഷേധിച്ചതിന് കണക്കു തീ൪ത്താണ് അ൪ജൻറീനൻ ഫുട്ബാൾ വിസ്മയത്തിൻെറ പ്രതിഭ മുഴുവൻ വരച്ചിട്ട ഫ്രീകിക്കിലൂടെ ഗോൾ പിറന്നത്. റയൽ പ്രതിരോധം ഒന്നിച്ചുയ൪ന്നിട്ടും 30വാര അകലെ നിന്ന് വില്ലുപോലെ കുലച്ച പന്തിനെ തൊടാനായില്ല. ഗോൾകീപ്പറെയും തോൽപിച്ച് മെസ്സിയുടെ രണ്ടാം ഗോൾ.
വിജയം ആഘോഷിക്കാൻ തുടങ്ങിയ ബാഴ്സയെ ഞെട്ടിച്ചാണ് ക്രിസ്റ്റ്യാനോ 66ാം മിനിറ്റിൽ റയലിൻെറ സമനില ഗോൾ നേടിയത്. ബാഴ്സ പ്രതിരോധത്തെ പൂ൪ണമായും കീഴടക്കി മുന്നേറിയ റൊണാൾഡോ ഓസിലിൽ നിന്നു പന്ത് സ്വീകരിച്ച് അനായാസം വലയിലേക്ക് അടിച്ചു കയറ്റുകയായിരുന്നു.
ലീഗിലെ മറ്റൊരു മത്സരത്തിൽ അത്ലറ്റികോ മഡ്രിഡ് 2-1ന് മലാഗയെ കീഴടക്കി. ബിൽബാവോ 1-0ത്തിന് ഒസാസുനയെയും ഗ്രനഡെ 2-1ന് മയ്യോ൪ക്കയെയും കീഴടക്കി.
പോയൻറ് പട്ടികയിൽ ഏഴ് കളിയിൽ ആറ് ജയവും ഒരു സമനിലയുമായി 19 പോയൻേറാടെ ബാഴ്സ ഒന്നും ഇത്രയും പോയൻറുമായി അത്ലറ്റികോ മഡ്രിഡ് രണ്ടും സ്ഥാനത്താണ്. 11 പോയൻറുമായി റയൽ മഡ്രിഡ് അഞ്ചാം സ്ഥനത്തേക്ക് ഉയ൪ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.