ശ്മശാനത്തില്‍ നായ്ക്കളെ കുഴിച്ചുമൂടിയ സംഭവം: കേസെടുത്തു

സുൽത്താൻ ബത്തേരി: ഗ്രാമപഞ്ചായത്തിലെ മണിച്ചിറ മാവാടിക്കുന്ന് ഹിന്ദു ശ്മശാനത്തിൽ തെരുവുനായ്ക്കളെ കുഴിച്ചുമൂടിയ സംഭവത്തിൽ സുൽത്താൻ ബത്തേരി പൊലീസ് കേസെടുത്തു. പ്രതികളെ കണ്ടെത്താൻ അന്വേഷണം തുടങ്ങി. പൊലീസ് സ൪ജൻ, വെറ്ററിനറി സ൪ജൻ എന്നിവരുടെ സാന്നിധ്യത്തിൽ നായ്ക്കളുടെ ജഡം വെള്ളിയാഴ്ച എടുത്തുമാറ്റും. പരാതിയില്ലാതെ പുറത്ത് മറ്റൊരു സ്ഥലത്ത് സംസ്കരിക്കും.
കലക്ട൪ കെ. ഗോപാലകൃഷ്ണ ഭട്ട്, മാനന്തവാടി സബ് കലക്ട൪ വീണ എൻ. മാധവൻ, സുൽത്താൻ ബത്തേരി തഹസിൽദാ൪ കെ.കെ. വിജയൻ എന്നിവ൪ ബി.ജെ.പി-ഹിന്ദു ഐക്യവേദി നേതാക്കളുമായി നടത്തിയ ച൪ച്ചയിലാണ്  തീരുമാനം. വെള്ളിയാഴ്ചത്തെ വയനാട് ഹ൪ത്താൽ പിൻവലിക്കില്ലെന്നും എന്നാൽ, സമാധാനഭംഗമുണ്ടാവുന്ന നടപടികളുണ്ടാകില്ലെന്നും നേതാക്കൾ ഉറപ്പുനൽകി. വൈകീട്ട് സബ് കലക്ടറുടെ അധ്യക്ഷതയിൽ താലൂക്ക് കോൺഫറൻസ് ഹാളിൽ ചേ൪ന്ന സ൪വകക്ഷിയോഗം ഹിന്ദു ഐക്യവേദിയും അനുകൂല സംഘടനകളും ബഹിഷ്കരിച്ചു. ശ്മശാനത്തിൽ നായ്ക്കളെ കുഴിച്ചുമൂടിയ സംഭവത്തെ യോഗത്തിൽ പങ്കെടുത്ത മുഴുവൻ രാഷ്ട്രീയ കക്ഷി നേതാക്കളും അപലപിച്ചു. ജനങ്ങൾക്ക് ഭീഷണിയായി മാറിയ തെരുവുനായ്ക്കളെ കൊല്ലാൻ കരാ൪ കൊടുത്തതല്ലാതെ ശ്മശാനത്തിൽ കുഴിച്ചുമൂടിയതിൽ ഭരണസമിതിക്ക് അറിവില്ലെന്ന് പഞ്ചായത്ത് പ്രസിഡൻറ് പി.പി. അയ്യൂബ് അറിയിച്ചു. തികച്ചും നി൪ഭാഗ്യകരമായ സംഭവത്തിൽ പ്രസിഡൻറ് ഖേദം പ്രകടിപ്പിച്ചു. പ്രക്ഷോഭ പരിപാടികളിൽനിന്ന് പിന്മാറാൻ യോഗം ഏകകണ്ഠമായി ഹിന്ദു ഐക്യവേദിയോടും അനുകൂല സംഘടനകളോടും അഭ്യ൪ഥിച്ചു.
സി.പി.എം ജില്ലാ സെക്രട്ടറി സി.കെ. ശശീന്ദ്രൻ, കേരള കോൺഗ്രസ് ജില്ലാ പ്രസിഡൻറ് കെ.ജെ. ദേവസ്യ, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കുന്നത്ത് അഷ്റഫ്, സി.കെ. സഹദേവൻ, ഒ.എം. ജോ൪ജ്, ടി.എൽ. സാബു, കെ. ശശാങ്കൻ, രാധാ രവീന്ദ്രൻ, ടി. മുഹമ്മദ്, അബ്ദുല്ല മാടക്കര തുടങ്ങിയവ൪ യോഗത്തിൽ സംസാരിച്ചു. സംഘ്പരിവാ൪ സംഘടനകളെ പ്രതിനിധാനംചെയ്തെത്തിയ സി.ആ൪. ഷാജി, പി.കെ. അച്യുതൻ, കെ.ജി. പരമേശ്വരൻ തുടങ്ങിയവ൪ യോഗം ബഹിഷ്കരിക്കുകയാണെന്നറിയിച്ച് ഇറങ്ങിപ്പോയി.
സംഭവത്തിൽ പ്രതിഷേധിച്ച് സംഘ്പരിവാ൪ നേതൃത്വത്തിൽ ബത്തേരി ടൗണിൽ വ്യാഴാഴ്ച വൈകീട്ട് കൂറ്റൻ പ്രകടനം നടത്തി. പഞ്ചായത്ത് പ്രസിഡൻറിൻെറ കോലം കത്തിച്ചു. ശക്തമായ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.