തിരുവനന്തപുരം: കേരളാപൊലീസിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തക൪ത്ത് എസ്.ബി.ടി ഒമ്പതാമത് എസ്.ബി.ടി-ജി.വി.രാജ ഓൾ ഇന്ത്യ ഫുട്ബാൾ ടൂ൪ണമെൻറിൽ ജേതാക്കളായി. യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ എസ്.ബി.ടിയുടെ പൂ൪ണാധിപത്യമാണ് കണ്ടത്. വിജയികൾക്കായി പി. ഉസ്മാൻ രണ്ടും ക്യാപ്റ്റൻ കെ.എം. അബ്ദുൽനൗഷാദ്, സി.ജെ. റിനിൽ, വി.കെ. ഷിബിൻലാൽ എന്നിവ൪ ഓരോ ഗോൾ വീതവും നേടി.
12ാം മിനിറ്റിൽ മധ്യനിരയിൽ നിന്ന് ലഭിച്ച പാസ് ലോങ്റേഞ്ചറിലൂടെ വലയിലെത്തിച്ച് ഷിബിൻലാലാണ് എസ്.ബി.ടിയുടെ ആദ്യഗോൾ നേടിയത് (1-0). 18ാം മിനിറ്റിൽ മുന്നേറിയ ഉസ്മാൻ മുന്നോട്ട് കയറിയ ഗോളിയെയും പ്രതിരോധ നിരയിലെ സിദ്ധിക്കിനെയും കബളിപ്പിച്ച് പന്ത് വലയിലെത്തിക്കുകയായിരുന്നു (2-0).
38ാം മിനിറ്റിൽ ഇടതുവിങ്ങിൽ നിന്ന് സുമേഷ് നൽകിയ ക്രോസ് തട്ടിയകറ്റാൻ പൊലീസിൻെറ ഗോളിയും പ്രതിരോധനിരയും പരാജയപ്പെട്ടപ്പോൾ നൗഷാദ് ലക്ഷ്യം കണ്ടു (3-0). 44ാം മിനിറ്റിൽ സാഹിറിൻെറ കോ൪ണ൪ കൃത്യമായി കാലുകളിലേക്ക് ലഭിച്ച റിനിലിന് പന്ത് വലയിലേക്ക് തട്ടിവെക്കുകയെന്ന ദൗത്യം മാത്രമേയുണ്ടായിരുന്നുള്ളൂ (4-0).
രണ്ടാംപകുതിയിൽ കേരളാപൊലീസ് ഗോൾകീപ്പ൪ മെൽബിന് പകരം നിഷാദിന് അവസരം നൽകി. 48ാം മിനിറ്റിൽ ഐ.എം. വിജയനെയും പൊലീസ് ഇറക്കി. 56ാം മിനിറ്റിൽ എസ്.ബി.ടിയുടെ അക്കൗണ്ടിലേക്ക് അഞ്ചാമത്തെ ഗോളെത്തി.
വലതുവിങ്ങിലൂടെ ഒരപ്രതീക്ഷിത മുന്നേറ്റം നടത്തി അബ്ദുൽനൗഷാദ് നൽകിയ ക്രോസിൽ ഉസ്മാൻ വല കുലുക്കി (5-0). 80ാം മിനിറ്റിൽ വിജയനെ ഫൗൾ ചെയ്തതിന് രണ്ടാമത്തെ മഞ്ഞകാ൪ഡ് കണ്ട് റിനിൽ പുറത്തായി. 82ാം മിനിറ്റിൽ വിജയനെ പെനാൽറ്റി ബോക്സിനുള്ളിൽ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി കിക്കിൽ നിന്ന് ഷരീഫ് പൊലീസിൻെറ ആശ്വാസഗോൾ നേടി (5-1).
വിജയികൾക്ക് സ്പീക്ക൪ ജി. കാ൪ത്തികേയൻ സമ്മാനങ്ങൾ വിതരണം ചെയ്തു. മികച്ച കളിക്കാരനും ടോപ്സ്കോററുമായി കേരളാപൊലീസിൻെറ നാസറുദ്ദീനെയും മികച്ച ഗോൾകീപ്പറായി എസ്.ബി.ടിയുടെ ജീൻ ക്രിസ്റ്റ്യനെയും തെരഞ്ഞെടുത്തു.
ടൈറ്റാനിയത്തിൻെറ റംഷീദാണ് ഭാവിയുടെ താരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.