ഇന്ത്യയ്ക്ക് എട്ടു വിക്കറ്റിന്‍െറ തകര്‍പ്പന്‍ ജയം

കൊളംബോ: പാകിസ്താനെതിരെ ലോകകപ്പിൽ സമ്പൂ൪ണ വിജയമെന്ന ചരിത്രം ഇന്ത്യ കാത്തു.  ട്വൻറി20 ക്രിക്കറ്റ് ലോകകപ്പിൽ ഞായറാഴ്ച നടന്ന സൂപ്പ൪ എട്ട് മത്സരത്തിൽ എട്ട് വിക്കറ്റ് ജയവുമായി ടീം സെമി ഫൈനൽ പ്രതീക്ഷ നിലനി൪ത്തി. ടോസ് നേടി ബാറ്റ് ചെയ്ത പാകിസ്താനെ ഇന്ത്യൻ ബൗള൪മാ൪ 19.4 ഓവറിൽ 128ന് പുറത്താക്കിയപ്പോൾ 61 പന്തിൽ എട്ടു ഫോറും രണ്ടു സിക്സുമടക്കം അപരാജിതനായി 78 റൺസടിച്ച വിരാട് കോഹ്ലിയുടെ മികവിൽ ഇന്ത്യ 17 ഓവറിൽ രണ്ട് വിക്കറ്റിന് ലക്ഷ്യം കണ്ടു. കോഹ്ലിയാണ് മാൻ ഓഫ് ദ മാച്ച്. ചൊവ്വാഴ്ച സൂപ്പ൪ എട്ടിലെ അവസാന മത്സരത്തിൽ ടീം ഇന്ത്യ, ദക്ഷിണാഫ്രിക്കയെ നേരിടും.
രണ്ടാംപന്തിൽ ഗൗതം ഗംഭീറിനെ നഷ്ടപ്പെട്ട ടീമിനുവേണ്ടി വീരേന്ദ൪ സെവാഗും കോഹ്ലിയും ചേ൪ന്ന് പൊരുതി. റസാ ഹസൻ സ്വന്തം പന്തിൽ പിടിച്ചാണ് ഗംഭീറിനെ പൂജ്യത്തിന് മടക്കിയത്. 11ാം ഓവറിൽ സെവാഗിനെ (24 പന്തിൽ നാലു ഫോറടക്കം 29) ശാഹിദ് അഫ്രീദിയുടെ പന്തിൽ ഉമ൪ ഗുൽ ബൗണ്ടറിക്കരികെ പിടികൂടുമ്പോൾ സ്കോ൪ ബോ൪ഡിൽ 75 റൺസ്. തുട൪ന്നെത്തിയ യുവരാജ് സിങ് കോഹ്ലിക്കൊപ്പം ഇന്ത്യയെ ജയത്തിലേക്ക് നയിച്ചു. ഫീൽഡിങ്ങിൽ ഏറെ പാളിച്ചകൾ വരുത്തിയ പാകിസ്താൻ ടീം ക്യാച്ചുകൾ പലതും കൈവിട്ടതോടെ ഇന്ത്യ ആധികാരികമായി ജയിച്ചുകയറുകയായിരുന്നു. 16 പന്തിൽ 19 റൺസുമായി യുവരാജ് പുറത്താവാതെ നിന്നു.
22 പന്തിൽ 28 റൺസെടുത്ത് ശുഐബ് മാലിക് പാകിസ്താൻെറ ടോപ് സ്കോററായി. ഇന്ത്യക്ക് വേണ്ടി എൽ. ബാലാജി മൂന്ന് വിക്കറ്റെടുത്തപ്പോൾ യുവരാജും  അശ്വിനും രണ്ടുപേരെ വീതം മടക്കി. ഇ൪ഫാൻ പത്താനും വിരാട് കോഹ്ലിക്കും ഓരോ വിക്കറ്റ് ലഭിച്ചു.
സഹീ൪ ഖാനെ കൈകാര്യം ചെയ്ത് ആദ്യ ഓവറിൽ ഓപണ൪മാരായ ഇമ്രാൻ നസീറും മുഹമ്മദ് ഹഫീസും 13 റൺസ് ചേ൪ത്തു. ഇ൪ഫാനെ ബൗണ്ടറിയടിച്ച് തുടങ്ങിയ നസീ൪ (എട്ട്) പിന്നാലെ വിക്കറ്റിന് മുന്നിൽ കുടുങ്ങി. ബാറ്റിങ് ഓ൪ഡറിൽ സ്ഥാനക്കയറ്റം നേടിയെത്തിയ അഫ്രീദി ഈ ഓവറിൽ രണ്ട് തവണ പന്ത് അതി൪ത്തി കടത്തി. അഫ്രീദിയുടെ ഭീഷണിക്ക് അഞ്ചാം ഓവറിൽ എൽ. ബാലാജി അന്ത്യമിട്ടു. സിക്സറിലേക്ക് പറത്തിയ നാലാം പന്ത് ഡീപ് സ്ക്വയ൪ ലെഗിൽ റെയ്ന പിടിച്ചു. 12 പന്തിൽ 14 റൺസുമായി അഫ്രീദി മടങ്ങുമ്പോൾ പാകിസ്താൻ മൂന്നിന് 35.
യുവരാജിൻെറ വരവ് എതിരാളികൾക്ക് മറ്റൊരു ആഘാതം സമ്മാനിച്ചു. ഏഴാം ഓവറിലെ നാലാം പന്തിൽ നസീ൪ ജംഷെദിനെ (നാല്) വിക്കറ്റിന് പിറകിൽ ക്യാപ്റ്റൻ എം.എസ് ധോണി ക്യാച്ചെടുത്തു. ഇന്നിങ്സിലെ ഒമ്പതാമത്തെയും യുവിയുടെ രണ്ടാമത്തെയും ഓവറിൽ ഇന്ത്യക്ക് ഒരു വിക്കറ്റ് കൂടി ലഭിച്ചു. അഞ്ച് റൺസെടുത്ത കമ്രാൻ അക്മലിനെ ധോണി ഗ്ളൗസിലൊതുക്കി. പാകിസ്താൻ നാലിന് 49. അടുത്തത് കോഹ്ലിയുടെ ഊഴമായിരുന്നു. ക്രീസിൽ പിടിച്ചുനിന്ന ഓപണ൪ ഹഫീസിനെ (15) അഞ്ചാം പന്തിൽ കോഹ്ലി ബൗൾഡാക്കി. 10 ഓവറിൽ പാകിസ്താൻ അഞ്ചിന് 60.
കോഹ്ലിയെയും ഇ൪ഫാനെയും നേരിട്ട് മാലിക്-ഉമ൪ അക്മൽ സഖ്യം ടീമിനെ 14ാം ഓവറിൽ 100ലെത്തിച്ചു. എന്നാൽ അശ്വിൻ തൻെറ മൂന്നാം ഓവറിലെ രണ്ടാം പന്തിൽ മാലിക്കിനെ (28) രോഹിത് ശ൪മയുടെ കൈകളിലേക്കയച്ചു. 18ാം ഓവറിൽ അക്മലിനെ റെയ്നയെ ഏൽപ്പിച്ച് അശ്വിൻ രണ്ടാമത്തെ ഇരയെ സ്വന്തമാക്കി. 18 പന്തിൽ 21 റൺസെടുത്ത അക്മൽ ടീം സ്കോ൪ 115ൽ നിൽക്കെയാണ് പുറത്തായത്.
യാസി൪ അറഫാത്തിനെ (എട്ട്) നേരിട്ടുള്ള ഏറിൽ യുവരാജ് റണ്ണൗട്ടാക്കിയതോടെ പാകിസ്താന് എട്ടാമനെയും നഷ്ടമായി. ബാലാജി എറിഞ്ഞ 19ാം ഓവറിലെ മൂന്നും നാലും പന്തുകളിൽ ശേഷിച്ച വിക്കറ്റുകളും വീണു. 10 പന്തിൽ 12 റൺസെടുത്ത ഉമ൪ ഗുലിനെയും തുട൪ന്ന് സഈദ് അജ്മലിനെയും (പൂജ്യം) ധോണി അനായാസം പിടികൂടി.
ആസ്ട്രേലിയക്കെതിരെ വീരേന്ദ൪ സെവാഗിനെ പുറത്തിരുത്തിയ ഇന്ത്യ ആ തെറ്റ് തിരുത്തിയാണ് അയൽക്കാ൪ക്കെതിരെ കളത്തിലിറങ്ങിയത്. സെവാഗും ബാലാജിയും തിരിച്ചെത്തിയപ്പോൾ ഓസീസിനെതിരെ ഏറെ റൺ വഴങ്ങിയ സ്പിന്ന൪മാരായ ഹ൪ഭജൻ സിങ്ങിനും പീയൂഷ് ചൗളക്കും കരക്കിരിക്കേണ്ടിവന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.