ഇസ്തംബൂൾ: ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിച്ചതിന് മൂന്ന് മുൻ ആ൪മി ജനറൽമാരുൾപ്പെടെ 326 സൈനിക ഉദ്യോഗസ്ഥ൪ക്ക് ഇസ്തംബൂൾ ഹൈ ക്രിമിനൽ കോടതി തടവുശിക്ഷ വിധിച്ചു.
മുൻ വ്യോമസേനാമേധാവി ഇബ്റാഹീം ഫി൪മ, മുൻ നാവികസേനാ മേധാവി ഉസ്ദൻ ഓ൪നെക്, മുൻ കരസേനാ കമാൻഡ൪ സെതിൻ ദോഗൻ എന്നിവ൪ക്ക് 20 വ൪ഷം തടവുശിക്ഷയാണ് വിധിച്ചത്. ജീവപര്യന്തമാണ് വിധിച്ചിരുന്നതെങ്കിലും അട്ടിമറിശ്രമം വിഫലമായതിനാൽ 20 വ൪ഷമാക്കി കുറക്കുകയായിരുന്നു. ഇവ൪ മൂന്നുപേരുമാണ് പദ്ധതിയുടെ സൂത്രധാരന്മാ൪. ഗൂഢാലോചനയിൽ പങ്കാളിയായ കുറ്റത്തിന് വിരമിച്ചവരും അല്ലാത്തവരുമായ 323 പേ൪ക്കെതിരെയും ശിക്ഷ വിധിച്ചിട്ടുണ്ട്. 36 പേ൪ വിട്ടയക്കപ്പെട്ടപ്പോൾ മൂന്നുപേരുടെ കേസ് നീട്ടിവെച്ചു. അതേസമയം, കോടതിവിധിക്കെതിരെ ഇവ൪ അപ്പീൽ പോയേക്കും.
രാജ്യത്ത് കലാപം സൃഷ്ടിച്ച് ജസ്റ്റിസ് ആൻഡ് ഡെവലപ്മെൻറ് പാ൪ട്ടി നയിക്കുന്ന ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിച്ചു എന്ന കുറ്റമാണ് പ്രോസിക്യൂഷൻ ഉന്നയിച്ചത്. ഇതിനായി 2003ൽ ആ൪മി സെമിനാ൪ സംഘടിപ്പിച്ചു. പള്ളികൾക്ക് ബോംബിടുക, യുദ്ധവിമാനങ്ങൾ തക൪ക്കുക തുടങ്ങിയവ വഴി രാജ്യത്ത് കലാപം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം.
അതേസമയം, കോടതിവിധിയെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ തു൪ക്കി ഭരണകൂടം തയാറായില്ല.
വിധിയുടെ വിശദാംശങ്ങൾ അറിയാതെ പ്രതികരിക്കുന്നത് ഉചിതമല്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉ൪ദുഗാൻ യഥാ൪ഥ വിധി വന്നു എന്നതിലാണ് പ്രാധാന്യമെന്നും കൂട്ടിച്ചേ൪ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.