പ്രവാചക നിന്ദ: പ്രതിഷേധ ജ്വാല കൂടുതല്‍ രാജ്യങ്ങളില്‍

ഇസ്ലാമാബാദ്: പ്രവാചകനെ അവഹേളിക്കുന്ന അമേരിക്കൻ സിനിമക്കും ഫ്രഞ്ച് വാരികയിലെ കാ൪ട്ടൂണുകൾക്കുമെതിരായി വെള്ളിയാഴ്ച നിരവധി ലോകരാജ്യങ്ങളിൽ പ്രതിഷേധം അരങ്ങേറി. ഇസ്ലാം നിന്ദയെ വിവിധ നേതാക്കൾ ശക്തിയായി അപലപിച്ചു.
മുഹമ്മദ് നബിയെ അവഹേളിക്കുന്ന സിനിമക്കെതിരെ പാകിസ്താനിലെ പെഷാവറിലുണ്ടായ വ്യാപക പ്രതിഷേധത്തിൽ ഒരാൾ കൊല്ലപ്പെട്ടു. രണ്ടു സിനിമാ തിയറ്ററുകൾക്ക് തീയിട്ട പ്രതിഷേധക്കാ൪ കനത്ത നാശനഷ്ടമുണ്ടാക്കി.പെഷാവറിലെ ചേംബ൪ ഓഫ് കോമേഴ്സിനുനേരെയും ആക്രമണമുണ്ടായി. ഇതേതുട൪ന്നുണ്ടായ വെടിവെപ്പിലാണ് ഒരു സ്വകാര്യ ടെലിവിഷൻ ചാനലിലെ ജീവനക്കാരൻ കൊല്ലപ്പെട്ടത്.  
എഴുപേ൪ക്ക് പരിക്കേറ്റു.  ചിലരുടെ നില ഗുരുതരമാണ്. മുളവടിയും മറ്റുമായി പ്രക്ഷോഭകാരികൾ സിനിമ തിയറ്റ൪ ആക്രമിച്ചപ്പോൾ സുരക്ഷാ ഗാ൪ഡ് വെടിയുതി൪ത്തതിലും നിരവധി പേ൪ക്ക് പരിക്കേറ്റു. യു.എസ് കോൺസുലേറ്റിനുനേരെയും ശക്തമായ പ്രതിഷേധം ഉണ്ടായി. വലിയ ഷിപ്പിങ് കണ്ടെയ്നറുകൾ റോഡിൽ നിരത്തിയാണ് അധികൃത൪ ജനക്കൂട്ടത്തെ തടഞ്ഞത്.  
പാകിസ്താനിലെ 15 പ്രമുഖ നഗരങ്ങളിലെ മൊബൈൽഫോൺ നെറ്റ്വ൪ക്ക് അധികൃത൪ തടസ്സപ്പെടുത്തിയിരുന്നു. റാവൽപിണ്ടിയിലും പ്രതിഷേധക്കാ൪ അക്രമാസക്തരായി. പൊലീസിനെ ആക്രമിച്ച ജനം ഒരു ടോൾബൂത്ത് പ്ളാസ അടിച്ചുതക൪ത്തു.
പ്രവാചക സ്നേഹ ദിനാചരണം പ്രഖ്യാപിച്ച പാക് അധികൃത൪ അതിൻെറ ഭാഗമായി വെള്ളിയാഴ്ച പൊതു അവധി പ്രഖ്യാപിച്ചിരുന്നു. സമാധാനപരമായ റാലി മാത്രമെ നടത്താവൂ എന്ന് പ്രധാനമന്ത്രി രാജാ പ൪വേസ് അശ്റഫ് ആഹ്വാനം ചെയ്തിരുന്നുവെങ്കിലും തെരുവുകളിൽ അക്രമാസക്തമായ പ്രകടനങ്ങളാണ് അരങ്ങേറിയത്.
ഇറാൻ: ഇറാനിലെ വിവിധ നഗരങ്ങളിൽ പ്രതിഷേധ റാലികൾ അരങ്ങേറി. ദൈവദൂതനെ ഹീനമായി ഇകഴ്ത്തിയശേഷം നടപടിയെ ആവിഷ്കാര സ്വാതന്ത്ര്യത്തിൻെറ പേരിൽ ന്യായീകരിക്കുന്നത് ശുദ്ധകാപട്യമാണെന്ന് ഇറാൻ പ്രസിഡൻറ് അഹ്മദി നെജാദ് കുറ്റപ്പെടുത്തി.
ഇറാഖ്:  ഇറാഖിലെ ബസറയിൽ നടന്ന പ്രതിഷേധ റാലിയിൽ 3000ത്തോളം പേ൪ പങ്കെടുത്തു. ‘അമേരിക്ക തുലയട്ടെ’ എന്ന മുദ്രാവാക്യമുയ൪ത്തിയ പ്രകടനക്കാ൪ യു.എസ്, ഇസ്രായേലി പതാകകൾ അഗ്നിക്കിരയാക്കി.
ഇന്തോനേഷ്യ: ഇന്തോനേഷ്യൻ തലസ്ഥാനമായ ജകാ൪ത്തയിലും സുരഭി, മെദാൻ തുടങ്ങിയ നഗരങ്ങളിലും പ്രകടനങ്ങൾ അരങ്ങേറി. ജകാ൪ത്തയിലെ അമേരിക്കൻ എംബസി ദിവസങ്ങളായി അടച്ചിട്ടിരിക്കുകയാണ്.
ബംഗ്ളാദേശ്: ബംഗ്ളാദേശ് തലസ്ഥാനമായ ധാക്കയിൽ പ്രകടനക്കാ൪ അമേരിക്കൻ പതാകയും യു.എസ് പ്രസിഡൻറ് ബറാക് ഒബാമയുടെ കോലവും ചാമ്പലാക്കി.
ലബനൻ, ശ്രീലങ്ക, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലും പ്രകടനങ്ങൾ അരങ്ങേറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.