ലണ്ടൻ: യൂറോപ ലീഗ് ഫുട്ബാളിൽ റൂബിൻ കസാനെതിരെ പിന്നിട്ടുനിന്ന ശേഷം പൊരുതിക്കയറിയ ഇൻറ൪ മിലാൻ ഇഞ്ചുറി ടൈം ഗോളിൽ 2-2ന് സമനില നേടി. ജാപ്പനീസ് ഡിഫൻഡ൪ യുതോ നഗാടോമോ നേടിയ ഗോളിലാണ് ഇൻറ൪ വിലപ്പെട്ട ഒരു പോയൻറ് സ്വന്തമാക്കിയത്. മിലാനിൽ നടന്ന മത്സരത്തിൻെറ 17ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കിക്ക് റൂബിൻ താരം നാച്ചോ തൊടുത്തത് ഇൻറ൪ ഗോളി ഹൻഡാനോവിച് തടഞ്ഞിട്ടപ്പോൾ റീബൗണ്ടിൽ അലക്സാണ്ട൪ റ്യസാൻറ്സേവ് റൂബിനെ മുന്നിലെത്തിച്ചു. 39ാം മിനിറ്റിൽ ക്രൊയേഷ്യൻ താരം മാ൪കോ ലിവജയിലൂടെ ഇറ്റാലിയൻ ടീം സമനില നേടി. പിന്നീട് ഇരുനിരയും അവസരങ്ങൾ തുലച്ചശേഷം 84ാം മിനിറ്റിൽ ജോസ് റോൻഡൺ റഷ്യക്കാ൪ക്ക് ലീഡ് തിരിച്ചു നൽകി. ഈ ഗോളിൽ വിജയം ഉറപ്പിച്ചിരിക്കെയാണ് അന്തിമ വിസിലിന് നിമിഷങ്ങൾ ശേഷിക്കേ നഗാടോമോ വല കുലുക്കിയത്. ഗ്രൂപ് ‘എച്ചി’ൽ നെഫ്റ്റി പി.എഫ്.കെ-പാ൪ട്ടിസാൻ മത്സരവും സമനിലയിൽ പിരിഞ്ഞു.
ഇംഗ്ളീഷ് പ്രീമിയ൪ ലീഗിലെ മുൻനിരക്കാരായ ലിവ൪പൂൾ വാശിയേറിയ മത്സരത്തിൽ സ്വസ് ക്ളബായ യങ് ബോയ്സിനെ 5-3ന് കീഴടക്കി. അവസാന കാൽമണിക്കൂറിനിടെ രണ്ടു തവണ വലകുലുക്കിയ സബ്സ്റ്റിറ്റ്യൂട്ട് ജോൻജോ ഷെവ്ലിയാണ് രണ്ടാം നിര ടീമിനെ കളത്തിലിറക്കിയ ലിവ൪പൂളിൻെറ വിജയശിൽപി. മത്സരം 23 മിനിറ്റ് ബാക്കിനിൽക്കെ 3-2ന് പിന്നിലായ ശേഷമാണ് ലിവ൪പൂൾ തിരിച്ചെത്തിയത്. ആന്ദ്രേ വിസ്ഡം, സെബാസ്റ്റ്യൻ കോട്സ് എന്നിവ൪ ഓരോ ഗോൾ നേടിയപ്പോൾ നാലാം മിനിറ്റിൽ ചെങ്കുപ്പായക്കാ൪ ലീഡ് നേടിയത് എതി൪താരം ജുഹാനി ഒജാലയുടെ സെൽഫ് ഗോളിലൂടെയായിരുന്നു. ഈ ഗ്രൂപ്പിൽ ഇറ്റലിയിലെ യുദിനീസും സാമുവൽ എറ്റൂ നയിക്കുന്ന റഷ്യൻ ടീമായ അൻഹി മഖച്കാലയും 1-1ന് സമനിലയിൽ പിരിഞ്ഞു. ഇഞ്ചുറി ടൈമിൽ അൻേറാണിയോ ഡി നതാലെയാണ് യുദിനീസിൻെറ സ്കോറ൪.
ഗ്രൂപ് ‘എഫി’ൽ ചിലിയൻ സ്ട്രൈക്ക൪ എഡ്വാ൪ഡോ വാ൪ഗാസിൻെറ ഹാട്രിക് മികവിൽ നാപ്പോളി 4-0ത്തിന് സ്വീഡിഷ് ക്ളബായ എ.ഐ.കെ സോൾനയെ തക൪ത്തു.
ഗ്രൂപ്ഘട്ട പോരാട്ടങ്ങൾക്ക് കഴിഞ്ഞ ദിവസം തുടക്കമായപ്പോൾ സ്പോ൪ട്ടിങ് ലിസ്ബൺ-എഫ്.സി ബാസെൽ, ടോട്ടൻഹാം-ലാസിയോ, ബയേ൪ ലെവ൪കുസൻ-മെറ്റാലിസ്റ്റ്, മരിറ്റിമോ-ന്യൂകാസിൽ യുനൈറ്റഡ് മത്സരങ്ങൾ ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ബഫെറ്റിംബി ഗോമിസും ലിസാൻഡ്രോയും നേടിയ ഗോളുകളിൽ ലിയോൺ 2-1ന് സ്പാ൪ട്ടാ പ്രാഗിനെ പരാജയപ്പെടുത്തി. ക്രിസ്റ്റ്യൻ റോഡ്രിഗ്വസ്, ഡീഗോ കോസ്റ്റ, റൗൾ ഗാ൪സിയ എന്നിവരുടെ ഗോളുകളിൽ സ്പാനിഷ് കരുത്തരും നിലവിലെ ചാമ്പ്യന്മാരുമായ അത്ലറ്റികോ മഡ്രിഡ് 3-0ത്തിന് ഇസ്രായേൽ ക്ളബായ ഹപോവൽ തെൽ അവീവിനെ തക൪ത്തു. അതേസമയം, സ്പാനിഷ് ക്ളബായ അത്്ലറ്റിക് ബിൽബാവോ മറ്റൊരു ഇസ്രായേൽ ക്ളബായ കി൪യാത് ഷ്മോണയോട് സ്വന്തം ഗ്രൗണ്ടിൽ 1-1ന് സമനില വഴങ്ങി. പിന്നിൽനിന്ന ശേഷം തിരിച്ചടിച്ച ബിൽബാവോക്കുവേണ്ടി 40ാം മിനിറ്റിൽ മാ൪കെൽ സുസായേറ്റയാണ് ഗോൾ നേടിയത്.
വി.എഫ്.ബി സ്റ്റുട്ഗ൪ട്ടിനെ സ്റ്റ്യൂവ ബുകാറസ്റ്റ് 2-2ന് തളച്ചപ്പോൾ ഡച്ച് കരുത്തരായ പി.എസ്.വി ഐന്തോവനെ യുക്രെയ്ൻ ടീമായ ദിനിപ്രോ 2-0ത്തിന് അട്ടിമറിച്ചു. ഫ്രഞ്ച് ക്ളബായ ബോ൪ദോ 4-0ത്തിന് ബെൽജിയൻ നിരയായ ക്ളബ് ബ്രൂഗിനെ തക൪ത്തപ്പോൾ ലെവൻെറ 1-0ത്തിന് ഹെൽസിങ്ബോ൪ഗിനെ മറികടന്നു. ഫിന൪ബാഡെ 2-2ന് മാഴ്സെയെയും ട്വൻറി എഫ്.സി അതേ സ്കോറിന് ഹാനോവറിനെയും തളച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.