ദേശീയപാത സ്ഥലമേറ്റെടുപ്പ് താല്‍കാലികമായി നിര്‍ത്തി

പാരിപ്പള്ളി(കൊല്ലം): ദേശീയപാത വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിൻെറ ഭാഗമായി അലൈൻമെൻറ് രേഖപ്പെടുത്തി കല്ലുകൾ സ്ഥാപിക്കാനുള്ള നീക്കം ജനകീയ പ്രതിരോധത്തെതുട൪ന്ന് നി൪ത്തിവെച്ചു. കലക്ടറുടെ സാന്നിധ്യത്തിൽ വ്യാഴാഴ്ച ച൪ച്ച നടക്കും.
രാവിലെ മുതൽ അളവ് ആരംഭിക്കുമെന്ന് അറിയിച്ചതിനെതുട൪ന്ന് ഹൈവേ ആക്ഷൻ ഫോറത്തിൻെറയും കല്ലുവാതുക്കൽ ഇമ്മാനുവൽ മാ൪ത്തോമാ പള്ളിയുടെയും നേതൃത്വത്തിൽ ജനങ്ങൾ കടമ്പാട്ടുകോണത്ത് എത്തിച്ചേ൪ന്നിരുന്നു. സംഘ൪ഷം മുന്നിൽകണ്ട് ചാത്തന്നൂ൪ എ.സി.പി സന്തോഷ്കുമാ൪, പരവൂ൪ സി.ഐ ജവഹ൪ ജനാ൪ദ്ദ്, ചാത്തന്നൂ൪, പാരിപ്പള്ളി, പരവൂ൪ എസ്.ഐ മാ൪ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം ഏ൪പ്പെടുത്തിയിരുന്നു. ജനക്കൂട്ടം വ൪ധിച്ചതോടെ സായുധ പൊലീസും നിലയുറപ്പിച്ചു. ദേശീയപാതയുടെ ഇരുവശങ്ങളിലും പൊലീസും പ്രതിരോധത്തിനെത്തിയ ജനങ്ങളും നിറഞ്ഞതോടെ വാഹനഗതാഗതം ബുദ്ധിമുട്ടായി. 10 ഓടെ ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കലക്ട൪ ഡി. സുധീന്ദ്രൻെറ നേതൃത്വത്തിൽ ഉദ്യോഗസ്ഥ൪ സ്ഥലത്തെത്തിയപ്പോൾ ഹൈവേ ആക്ഷൻ ഫോറം സംസ്ഥാന പ്രസിഡൻറ് പ്രകാശ് മേനോൻ, സംസ്ഥാന ജനറൽ സെക്രട്ടറി മൈലക്കാട് എം. സുന്ദരേശൻപിള്ള എന്നിവരുടെ നേതൃത്വത്തിൽ ജനങ്ങൾ പ്രതിരോധം തീ൪ത്തു.
തുട൪ന്ന് മണിക്കൂറുകളോളം സംഘ൪ഷാവസ്ഥ നിലനിന്നു. നേതാക്കളും പൊലീസും ഉദ്യോഗസ്ഥരും ഏറെ നേരം ച൪ച്ച നടത്തിയെങ്കിലും പരിഹാരമുണ്ടായില്ല. 45 മീറ്റ൪ വീതിയിൽ അളന്നുകല്ലിടാനുള്ള ശ്രമം ജനങ്ങളുടെ പ്രതിഷേധത്തെതുട൪ന്ന് 2010 നവംബറിൽ നി൪ത്തിവെക്കുകയും 2011 ജനുവരി 10ന് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻെറ അധ്യക്ഷതയിൽ ഇതിനെക്കുറിച്ച് ച൪ച്ച നടത്തുകയും ചെയ്തിരുന്നു.
ഇതിൻെറ അടിസ്ഥാനത്തിൽ മന്ത്രിമാരായ എം. വിജയകുമാ൪, സി. ദിവാകരൻ എന്നിവ൪ സ്ഥലത്തെത്തി അലൈൻമെൻറിൽ അപാകതയുണ്ടെന്ന് കണ്ടെത്തിരുന്നു. ഇത് കണക്കിലെടുക്കാതെ വീണ്ടും അതേ അലൈൻമെൻറുമായി മുന്നോട്ടുപോകാനുള്ള നീക്കം അനുവദിക്കില്ലെന്ന് ഹൈവേ ആക്ഷൻ ഫോറം അറിയിച്ചു. എന്നാൽ നിലവിലുള്ള രീതിയിൽ തന്നെ അലൈൻമെൻറ് പൂ൪ത്തിയാക്കുമെന്ന നിലപാടിൽ ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കലക്ടറും ഉദ്യോഗസ്ഥരും ഉറച്ചുനിന്നു. ഏറെനേരത്തെ അനിശ്ചിതത്വത്തിനുശേഷം ഉദ്യോഗസ്ഥസംഘം ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും അളന്ന് തിരിക്കൽ താൽകാലികമായി നി൪ത്തിവെക്കാൻ നിശ്ചയിക്കുകയുമായിരുന്നു.
 ഇതിൻെറ അടിസ്ഥാനത്തിൽ സെൻറ൪ അലൈൻമെൻറ് ഒരു ഭാഗത്ത് രേഖപ്പെടുത്താൻ ഇരുവിഭാഗവും ധാരണയായി.  ഉദ്യോഗസ്ഥ൪ ഒരിടത്ത് രേഖപ്പെടുത്തിയശേഷം ഇരുവിഭാഗവും പിൻമാറുകയായിരുന്നു. കലക്ടറുടെ സാന്നിധ്യത്തിൽ വ്യാഴാഴ്ച നടക്കുന്ന ച൪ച്ചയുടെ അടിസ്ഥാനത്തിൽ തുട൪നടപടികൾ സ്വീകരിക്കുമെന്ന് ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കലക്ട൪ എൻ. സുധീന്ദ്രൻ പറഞ്ഞു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.