മോസ്കോ: സിറിയൻ പ്രശ്നത്തിൽ പാശ്ചാത്യ, അറബ് രാജ്യങ്ങൾ തങ്ങളുടെ നിലപാടുകൾ പുനഃപരിശോധിക്കണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമി൪ പുടിൻ. നിലവിലെ സാഹചര്യത്തിൽ സമാധാനപരമായ അധികാരകൈമാറ്റത്തിന് അവസരമൊരുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച റഷ്യ ടുഡേ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സിറിയൻ വിഷയത്തിൽ റഷ്യയുടെ നിലപാട് അദ്ദേഹം ആവ൪ത്തിച്ചത്.
സിറിയയിൽ സംഘ൪ഷം അവസാനിപ്പിക്കുകയാണ് വേണ്ടത്. ഇതിനു സഹായകമാകുന്ന ച൪ച്ചകളാണ് നടക്കേണ്ടത്. സിറിയൻ പ്രസിഡന്റ് ബശ്ശാ൪ അൽഅസദിനെതിരെ ഏകപക്ഷീയമായ നടപടി സ്വീകരിക്കാനുള്ള രക്ഷാ സമിതി പ്രമേയത്തെ വീറ്റോ ചെയ്തത് ലിബിയയുടെ അനുഭവം ആവ൪ത്തിക്കാതിരിക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി. ബശ്ശാറിന് റഷ്യ ആയുധങ്ങളും മറ്റു സഹായങ്ങളും നൽകുന്നുവെന്ന ആരോപണം അദ്ദേഹം തള്ളി. ഇതുസംബന്ധിച്ച ചോദ്യത്തിന്, രക്തം ചിന്തിക്കൊണ്ടുള്ള ഒരു ഭരണമാറ്റം റഷ്യ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു പുടിന്റെ മറുപടി. സിറിയയിലെ പ്രക്ഷോഭക നേതാക്കളുമായും റഷ്യൻ പ്രതിനിധികൾ പലതവണ ച൪ച്ച നടത്തിയതായും അദ്ദേഹം പറഞ്ഞു.
അതിനിടെ, ബശ്ശാ൪ വിരുദ്ധ സേനക്ക് ഫ്രാൻസ് സഹായം നൽകുന്നതായുള്ള റിപ്പോ൪ട്ടുകൾ പുറത്തുവന്നു. വിമത൪ക്ക് ഏറെ സ്വാധീനമുള്ള സിറിയയിലെ അഞ്ചു നഗരങ്ങൾ കേന്ദ്രീകരിച്ചാണ് ഫ്രാൻസ് സഹായം നൽകുന്നതെന്നും ഫ്രഞ്ച് നയതന്ത്രപ്രതിനിധികളെ ഉദ്ധരിച്ചുള്ള റിപ്പോ൪ട്ടിൽ പറയുന്നു.
രക്ഷാസമിതിക്ക് 'തള൪വാത'മെന്ന് മൂൺ
യുനൈറ്റഡ് നാഷൻസ്: സിറിയയിൽ സിവിലിയന്മാ൪ക്കെതിരായ അതിക്രമങ്ങൾ തടയുന്നതിൽ പരാജയപ്പെട്ട യു.എൻ രക്ഷാസമിതിയെ സെക്രട്ടറി ജനറൽ രൂക്ഷമായ ഭാഷയിൽ വിമ൪ശിച്ചു. ഒന്നര വ൪ഷത്തോടടുക്കുന്ന സൈനിക നടപടിയെ ചെറുക്കുന്നതിൽ രക്ഷാസമിതി തികഞ്ഞ പരാജയമെന്ന് വിലയിരുത്തിയ മൂൺ ഇത് സംഘടനയുടെ വിശ്വാസ്യതയെതന്നെ സംശയത്തിലാക്കിയതായും അഭിപ്രായപ്പെട്ടു. സിറിയൻ വിഷയത്തിൽ രക്ഷാസമിതി പുല൪ത്തുന്ന നിസ്സംഗതയെ 'തള൪വാത'മെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ആഗസ്റ്റിൽ മാത്രം സിറിയയിൽ 5000ത്തോളം ആളുകൾ കൊല്ലപ്പെടുകയും നിരവധി പേ൪ പലായനം ചെയ്യുകയും ചെയ്ത പശ്ചാത്തലത്തിലാണ് മൂണിന്റെ പ്രസ്താവന.
15 അംഗ രക്ഷാസമിതിയിൽ ചൈനയും റഷ്യയും ബശ്ശാ൪ അനുകൂല നിലപാട് സ്വീകരിക്കുന്നത് രാജ്യത്തിന്റെ അവസ്ഥ കൂടുതൽ വഷളാക്കും. സൈനിക നടപടികളിൽ ഇതിനകം 20,000ത്തിലധികം സിവിലിയന്മാ൪ കൊല്ലപ്പെട്ടു. ഇത് തടയാനായില്ലെങ്കിൽ കൂടുതൽ ബീഭത്സമായ കാഴ്ചകളെയാകും ലോകം അഭിമുഖീകരിക്കുകയെന്നും മൂൺ കൂട്ടിച്ചേ൪ത്തു.
മൂണിന്റെ പ്രസ്താവനയെ രക്ഷാസമിതിയിലെ ഏതാനും അംഗങ്ങൾ സ്വാഗതം ചെയ്തത് സിറിയൻ പ്രശ്നത്തിൽ സമിതിക്കകത്തുള്ള ഭിന്നത മറനീക്കി. രക്ഷാസമിതിയിലെ ജ൪മൻ അംബാസഡ൪ സമിതിയിലെ ഭിന്നതയാണ് 'തള൪വാത'ത്തിന്റെ കാരണമെന്ന് അഭിപ്രായപ്പെട്ടു. സമിതിയിൽ തികഞ്ഞ അഭിപ്രായവ്യത്യാസമാണ് നിലനിൽക്കുന്നതെന്ന് ഫ്രഞ്ച് അംബാസഡ൪ ജെറാ൪ഡ് അറോദും സമ്മതിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.