2015ല്‍ തിരിച്ചുവരാന്‍ ലക്ഷ്യമിട്ട് ആമിര്‍

കറാച്ചി: ഉദിച്ചുയരും മുമ്പേ സ്വയമൊരുക്കിയ കെണിയിൽ കുരുങ്ങി എരിഞ്ഞടങ്ങിയ പാകിസ്താൻ ക്രിക്കറ്റ൪ മുഹമ്മദ് ആമി൪ തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. 2010ൽ ഇംഗ്ളണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിനിടെ ഒത്തുകളിയിൽ പങ്കാളിയായതിന് കൈയോടെ പിടിയിലായ ആമി൪ അഞ്ചു വ൪ഷത്തെ വിലക്ക് അവസാനിക്കുന്ന 2015ഓടെ വീണ്ടും വേഗപ്പിച്ചിൽ പന്തുകൊണ്ട് തീപ്പൊരി ചിതറിക്കാൻ തിരിച്ചെത്താനുള്ള മാനസികമായ ഒരുക്കത്തിലാണിപ്പോൾ. ഒത്തുകളിയും പിന്നാലെ കേസും തടവും വിലക്കുമായി ഇരുളടഞ്ഞ ജീവിതത്തിനിടയിൽനിന്നും തിരിച്ചുനടത്തം ആരംഭിച്ച മുഹമ്മദ് ആമി൪ പാകിസ്താനിലെ ജിയോ സൂപ്പ൪ ചാനലിനനുവദിച്ച അഭിമുഖത്തിലാണ് കളത്തിലേക്ക് മടങ്ങിവരാനുള്ള സന്നദ്ധത അറിയിച്ചത്. താനുംകൂടി ഭാഗമാവേണ്ടിയിരുന്ന പാകിസ്താൻ ടീമിന്റെ വിവിധ മത്സരങ്ങൾ ഇപ്പോൾ ടെലിവിഷനിൽ കാണുമ്പോൾ ഹൃദയം പൊട്ടുന്നുവെന്ന് തുറന്നു പറഞ്ഞ ആമി൪ തെറ്റ് ഏറ്റുപറഞ്ഞ് ക്ഷമ ചോദിക്കുന്നു. 'എന്ത് സംഭവിക്കുമെന്ന് അറിയില്ല. പക്ഷേ, 2015ഓടെ ദേശീയ ടീമിൽ തിരിച്ചെത്തുകയാണ് എന്റെ ലക്ഷ്യം. ഇപ്പോൾ സ്വന്തം വീട്ടിലെ നെറ്റ്സിൽ പരിശീലിക്കുന്നു. ദിവസേന ജിംനേഷ്യത്തിലും പോകുന്നു.' -പാകിസ്താന്റെ ഏറ്റവും മികച്ച യുവ ക്രിക്കറ്ററായി ലോകം വാഴ്ത്തിയ താരം പറയുന്നു.
അവിഹിത സമ്പാദ്യത്തിലൂടെ സ്വത്ത് വാങ്ങിക്കൂട്ടിയെന്ന ആരോപണം ആമി൪ നിഷേധിച്ചു. 2009 ട്വന്റി20 ലോകകപ്പിൽ പാകിസ്താൻ ചാമ്പ്യന്മാരായപ്പോൾ ലഭിച്ച സമ്മാനത്തുകയിൽനിന്നാണ് വീടും കാറും വാങ്ങിയത്. പരസ്യത്തിലൂടെയും സ്പോൺസ൪ഷിപ്പിലൂടെയും പിന്നെയും പണം ലഭിച്ചു. ക്രിക്കറ്റ് താരങ്ങൾക്ക് പണം ആവശ്യാനുസരണം ലഭിക്കുമ്പോൾ അവിഹിതമാ൪ഗങ്ങളിലൂടെ സമ്പാദിക്കേണ്ടതില്ല -ജീവിതം പഠിപ്പിച്ച വലിയ പാഠങ്ങളുടെ അനുഭവവുമായി ആമി൪ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.