കിങ് കോവര്‍മാന്‍സ്

ന്യൂദൽഹി: ടോട്ടൽ ഫുട്ബാളിൻെറ മണ്ണിൽ നിന്നെത്തിയ യൂറോ ചാമ്പ്യൻ വിം കോവ൪മാൻസിൻെറ തന്ത്രങ്ങളിൽ ഇന്ത്യൻ ഫുട്ബാളിൽ മാറ്റത്തിൻെറ കാറ്റ് വീശിത്തുടങ്ങി. ബോബ് ഹൂട്ടൻ എന്ന ഇംഗ്ളീഷ് പരിശീലകൻ പാതിവഴിയിൽ ഉപേക്ഷിച്ചുപോയ ടീമിന് ഉടച്ചുവാ൪ക്കലിൻെറ രണ്ടാം ഘട്ടം. കഴിഞ്ഞ ജൂലൈ ഒന്നിനാണ് നെത൪ലൻഡ്സിൻെറ 1980 യൂറോ ചാമ്പ്യൻ ടീമിൽ അംഗമായ കോവ൪മാൻസ് ഇന്ത്യൻ ടീമിൻെറ കോച്ചായി കുപ്പായമണിയുന്നത്. കൃത്യം രണ്ടു മാസത്തിനിപ്പുറം നീലപ്പടയുടെ ഭാവി തൻെറ കൈകളിൽ ഭദ്രമെന്ന് ഈ ഡച്ചുകാരൻ തെളിയിച്ചുകഴിഞ്ഞു. ഇന്ത്യയുടെ ഏക രാജ്യാന്തര ടൂ൪ണമെൻറായ നെഹ്റു കപ്പിൽ തുട൪ച്ചയായി മൂന്നാം തവണയും ആതിഥേയരെ ചാമ്പ്യന്മാരാക്കുകയെന്ന വലിയ വെല്ലുവിളി ആവേശപ്പോരാട്ടത്തിനൊടുവിൽ എത്തിപ്പിടിച്ച് ഇന്ത്യൻ ഫുട്ബാൾ വീണ്ടും മാറ്റത്തിൻെറ പാതയിൽ.
പന്തടിച്ചകറ്റി തൊണ്ണൂറ് മിനിറ്റ് വിയ൪ത്തുകഴിച്ചുകൂട്ടുന്ന ‘ഗ്രേറ്റ് ഇന്ത്യൻ ശൈലി’ വലിയൊരളവോളം മാറ്റിയെടുത്താണ് കോവ൪മാൻസ് ആദ്യ പരീക്ഷണത്തിൽ വിജയം കണ്ടെത്തിക്കഴിഞ്ഞത്. കളിയുടെ പരമാവധി സമയം പന്ത് കൈവശം വെക്കുക, പാസ് ചെയ്ത് നീക്കങ്ങൾ നെയ്തെടുക്കുക, പന്ത് നഷ്ടപ്പെട്ടാൽ എത്രയും പെട്ടെന്ന് തിരിച്ചുപിടിക്കുക; വീണ്ടും പാസ് ചെയ്യുക- ബാഴ്സലോണയും സ്പെയിൻ ടീമുമൊക്കെ കളത്തിൽ വിജയകരമായി നടപ്പാക്കുന്ന ബാലപാഠങ്ങൾ സുനിൽ ഛെത്രിക്കും സംഘത്തിനും പഠിപ്പിച്ചു നൽകിയതിന് ചുരുങ്ങിയ കാലംകൊണ്ടുതന്നെ ഫലവും ലഭിച്ചുകഴിഞ്ഞിരിക്കുന്നു.
ആവേശകരമായ ഫൈനൽ മത്സരത്തിൽ കാമറൂണിനെ ഷൂട്ടൗട്ടിൽ കീഴടക്കി കിരീടം ചൂടിയ മത്സരത്തിലും ഡച്ച് വീര്യം തെളിയുന്നു. ആദ്യം ഗോളടിച്ച് ലീഡ് ചെയ്തിട്ടും പിന്തള്ളപ്പെട്ടപ്പോൾ, സമനില വീണ്ടെടുത്ത ഇന്ത്യ പെനാൽറ്റി ഷൂട്ടൗട്ടിലും പതറിയില്ല. മെയ്ക്കരുത്തിൽ ഏറെ മുന്നിലുള്ള ആഫ്രിക്കൻ കുട്ടി സിംഹങ്ങളെ 120 മിനിറ്റും പിടിച്ചുകെട്ടിയാണ് ഛെത്രിയും കൂട്ടരും ഷൂട്ടൗട്ടിൻെറ ഭാഗ്യപരീക്ഷണത്തിൽ നി൪ണായക വിജയം നേടിയത്.
മത്സരത്തോടുള്ള സമീപനത്തിലെ ഇന്ത്യൻ മാറ്റം ടൂ൪ണമെൻറിലുടനീളം ശ്രദ്ധേയമായിരുന്നു. കരുത്തരായ സിറിയക്കെതിരെ നേടിയ വിജയവും മോശക്കാരല്ലാത്ത മാലദ്വീപിനെ തക൪ത്തെറിഞ്ഞതും കളിയുടെ സമീപനത്തിലെ മാറ്റത്തിൻെറ തെളിവായി. കോച്ചിൻെറ പുതിയ പാഠങ്ങൾ കളിക്കാരെയും സ്വാധീനിച്ചതായി ടീമംഗങ്ങളും ഒരേ ശ്വാസത്തിൽ ശരിവെക്കുന്നു. ഗൗ൪മാംഗി സിങ്ങിനും സെയ്ദ് റഹിം നബിക്കും ക്യാപ്റ്റൻ സുനിൽ ഛെത്രിക്കുമെല്ലാം ഈ അഭിപ്രയം തന്നെ. ബൈച്യുങ് ബൂട്ടിയയുടെ യുഗത്തിനുശേഷം റാങ്കിങ്ങിൽ പിന്തള്ളപ്പെട്ട് 168ാം സ്ഥാനക്കാരായാണ് നെഹ്റു കപ്പിൽ മത്സരിക്കാനിറങ്ങിയത്. മാസങ്ങൾ നീണ്ട കഠിന പരിശീലനത്തിനൊടുവിലായിരുന്നു 60ാം റാങ്കുകാരായ കാമറൂണും തങ്ങളേക്കാൾ മുന്നിലുള്ള സിറിയയും അണിനിരന്ന ടൂ൪ണമെൻറിൽ മാറ്റുരച്ചത്. എന്നാൽ, അന്തിമഫലം വന്നപ്പോൾ ലീഗിലെ അവസാന മത്സരത്തിൽ തങ്ങളെ കീഴടക്കിയ കാമറൂണിനെയും തക൪ത്ത് നീലപ്പടയാളികൾക്ക് നെഹ്റു കപ്പിൽ മൂന്നാം മുത്തം.
അവിശ്വസനീയ നേട്ടമെന്നാണ് കോവ൪മാൻസ് കിരീടവിജയത്തെ വിശേഷിപ്പിച്ചത്. ‘കാമറൂൺ ഏറെ കരുത്തരായ എതിരാളികളാണ്. എന്നാൽ, ഞങ്ങൾ നന്നായി പോരടിച്ചു. ഒരു ടീമെന്ന നിലയിൽ കാഴ്ചവെച്ച മികച്ച പ്രകടനത്തിൻെറ ഫലമാണ് ഈ നേട്ടം. എതിരാളിയുടെ വലിയ പെരുമകൾക്കുമുന്നിൽ അവ൪ പേടിച്ചുപോയില്ല. എൻെറ കോച്ചിങ് കരിയറിൽ ചെറിയ ഉയരമാണിത്; പക്ഷേ, ഏറെ സവിശേഷമായ മുഹൂ൪ത്തവും’ -ഷൂട്ടൗട്ടിൽ കാമറൂണിൻെറ അവസാന കിക്ക് ബാറിൽ തട്ടി തെറിച്ച് ഇന്ത്യ കിരീടമുറപ്പിച്ച നിമിഷത്തെക്കുറിച്ച് കോവ൪മാൻസിൻെറ വാക്കുകൾ.
എന്നാൽ, ഫൈനലിനും മുമ്പ് പരിശീലന സെഷനിലെ കാര്യങ്ങൾ വിലയിരുത്തുമ്പോൾ ഒരു പ്രതീക്ഷയുമില്ലായിരുന്നുവെന്ന് കോച്ച്. ‘വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരു കാര്യം പറയാം. ഫൈനലിന് തലേദിനം പെനാൽറ്റി പരിശീലിച്ചപ്പോൾ എടുത്ത എട്ടു കിക്കുകളും പാഴാക്കിയാണ് ഇന്ത്യൻ കളിക്കാ൪ നി൪ണായക മത്സരത്തിനൊരുങ്ങിയത്. ഒരിക്കലും പാടില്ലാത്ത കാര്യമാണിതെന്ന് അപ്പോഴേ മുന്നറിയിപ്പ് നൽകി. ഫൈനലിലാവട്ടെ തിരിച്ചെത്തിയ ബോയ്സ് അഞ്ചിൽ അഞ്ചും ഗോളാക്കി മാറ്റി’ -കോച്ച് പറഞ്ഞു.
അടുത്തഘട്ടമെന്ന നിലയിൽ കൂടുതൽ വിദേശ പരിശീലന മത്സരങ്ങൾ സംഘടിപ്പിക്കാൻ അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷനോട് കോച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബ൪, നവംബ൪ മാസങ്ങളിൽ ചില സൗഹൃദ മത്സരങ്ങളുണ്ടാവുമെന്നാണ് പ്രതീക്ഷ. കൂടുതൽ മത്സരങ്ങൾ കളിക്കുന്നത് ഗുണമാവും. ഏഷ്യാകപ്പ് യോഗ്യതയാണ് അടുത്ത ലക്ഷ്യം. അതിനു മുമ്പായി ഈ മാസം 19ന് ആരംഭിക്കുന്ന ഫെഡറേഷൻ കപ്പ് മത്സരങ്ങളും നിരീക്ഷിക്കും -നെത൪ലൻഡ്സിൻെറ യൂത്ത് ടീം പരിശീലകൻ കൂടിയായിരുന്ന കോവ൪മാൻസിൻെറ വാക്കുകൾ.
2006 മുതൽ 2011 വരെ ഇന്ത്യൻ പരിശീലകനായ ബോബ് ഹൂട്ടനു കീഴിൽ രണ്ടു തവണ നെഹ്റു കപ്പും എ.എഫ്.സി ചലഞ്ച് കപ്പും രണ്ട് തവണ സാഫ് കപ്പും നേടി തിരിച്ചുവരവിൻെറ പാതയിലായിരുന്ന ഇന്ത്യക്ക് പൊടുന്നനെയാണ് താളംപിഴച്ചത്. പിൻഗാമിയായി സ്ഥാനമേറ്റ അ൪മാൻഡോ കൊളാസോ ഏഷ്യാകപ്പിനുശേഷം ഒഴിവായി. അസിസ്റ്റൻറ് കോച്ചായിരുന്ന സാവിയോ മെദീരക്കായിരുന്നു താൽക്കാലിക ചുമതല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.