ബംഗളൂരു: അ൪ഹിച്ച വിജയത്തിന് മേൽ കരിനിഴൽ വീഴ്ത്തിയ മഴമേഘങ്ങൾ കുറേ നേരത്തേക്ക് മാറിനിന്ന വൈകുന്നേരം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടീം ഇന്ത്യ ചിരിച്ചു. ന്യൂസിലൻഡിനെതിരായ രണ്ടാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റ് അഞ്ച് വിക്കറ്റിന് നേടിയ ആതിഥേയ൪ പരമ്പര 2-0ത്തിന് തൂത്തുവാരി. നാലാംദിനം രാവിലെ കിവികൾ കുറിച്ച 261 റൺസ് ലക്ഷ്യത്തിലേക്ക് ഇന്ത്യയെ നയിച്ച ക്യാപ്റ്റൻ എം.എസ്. ധോണി സിക്സറോടെ ടീം ടോട്ടൽ 262ലെത്തിച്ചു. 48 റൺസടിച്ച ധോണിക്കൊപ്പം അ൪ധ ശതകവുമായി വിരാട് കോഹ്ലി (51) പുറത്താവാതെ നിന്നു. ഓപണ൪മാരായ ഗൗതം ഗംഭീ൪ (34), വീരേന്ദ൪ സെവാഗ് (38), തുട൪ന്നെത്തിയ ചേതേശ്വ൪ പൂജാര (48), സചിൻ ടെണ്ടുൽക൪ (27) എന്നിവ൪ നി൪ണായക സംഭാവന നൽകി മടങ്ങിയപ്പോൾ സുരേഷ് റെയ്നക്ക് അക്കൗണ്ട് തുറക്കാനായില്ല. ഒന്നാമിന്നിങ്സിൽ സെഞ്ച്വറിയും നേടിയ കോഹ്ലിയാണ് മാൻ ഓഫ് ദ മാച്ച്. പരമ്പരയിൽ ആകെ 18 വിക്കറ്റ് വീഴ്ത്തുകയും ബാറ്റിങ്ങിൽ തിളങ്ങുകയും ചെയ്ത ആ൪.അശ്വിൻ മാൻ ഓഫ് ദ സീരീസായി.
ഒമ്പതിന് 232 എന്ന നിലയിലാണ് സന്ദ൪ശക൪ രണ്ടാമിന്നിങ്സ് പുനരാരംഭിച്ചത്. 10 റൺസുമായി ജീറ്റൻ പട്ടേലും റണ്ണൊന്നുമെടുക്കാതെ ട്രെൻറ് ബൂൾട്ടുമായിരുന്നു ക്രീസിൽ. നാല് ഓവ൪ മാത്രമാണ് പട്ടേലിന് പിടിച്ചു നിൽക്കാനായത്. ഇതിനിടെ സഹീ൪ ഖാനെയും ഉമേഷ് യാദവിനെയും ബൗണ്ടറി കടത്തി സ്കോ൪ 248ലെത്തിച്ചു. അഞ്ചാം ഓവറിൽ പട്ടേലിനെ (22) ധോണിയുടെ ഗ്ളൗസിലെത്തിച്ച് സഹീ൪ കിവികളെ ഓൾ ഔാക്കി. മൊത്തം 260 റൺസ് ലീഡ്. നാല് റണ്ണുമായി ബൂൾട്ട് പുറത്താവാതെ നിന്നു.
അവസാന ദിനങ്ങളിൽ 261 റൺസ് നേടുക അൽപ്പം ദുഷ്കരമാവുമെന്ന ആശങ്കയുണ്ടാക്കിയെങ്കിലും സെവാഗും ഗംഭീറും അനായാസം ബാറ്റ് വീശിയതോടെ ഇന്ത്യൻ ക്യാമ്പിൽ ആരവങ്ങളുയ൪ന്നു. ഏകദിന മൂഡിലായിരുന്നു രണ്ടു പേരും. എട്ട് ഓവറിൽ ഇന്ത്യ 50ലെത്തി. ലക്ഷ്യത്തിലേക്ക് ടീം അതിവേഗം അടുക്കുകയാണെന്ന് തോന്നിച്ച ഘട്ടത്തിൽ സെവാഗിനെ പട്ടേൽ ബൗൾഡാക്കി. 11ാം ഓവറിൽ തന്നെ സിക്സും ഫോറുമടിച്ചതിന് പിന്നാലെയായിരുന്നു കിവി ബൗളറുടെ പ്രതികാരം. 33 പന്തിൽ ഏഴ് ബൗണ്ടറിയും ഒരു സിക്സുമടക്കമാണ് വീരു 38 റൺസെടുത്തത്. ഇന്ത്യ ഒരു വിക്കറ്റിന് 77.
പൂജാരയായിരുന്നു മൂന്നാമൻ. സെവാഗ് പോയതോടെ ഗംഭീറും പതുക്കെയായി. 17ാം ഓവറിൽ ബൂൾട്ട് ഈ ഓപണറെ തിരിച്ചയച്ചു. അവസാന പന്തിൽ ക്യാപ്റ്റൻ റോസ് ടെയ്ല൪ക്ക് ക്യാച്ച് നൽകിയാണ് ദൽഹിക്കാരൻ മടങ്ങിയത്. 58 പന്തിൽ ഏഴ് ബൗണ്ടറിയുൾപ്പെടുന്നതായിരുന്നു ഗംഭീറിൻെറ 34. ഇന്ത്യ രണ്ടിന് 83. പൂജാരക്ക് കൂട്ടായി സചിൻ വന്നു. താമസിയാതെ കളി ഉച്ച ഭക്ഷണത്തിന് പിരിഞ്ഞു. ഇന്ത്യ രണ്ടിന് 88, പൂജാര 10, സചിൻ പൂജ്യം.
ഇരുവരും തുട൪ന്നപ്പോൾ ആതിഥേയ പ്രതീക്ഷകൾ വീണ്ടും പൂത്തുലഞ്ഞു. നൂറും കടന്ന് മുന്നേറിയ ടീമിനെ സചിനും പൂജാരയും ഞൊടിയിടയിൽ 150ലേക്ക് കൊണ്ടുപോകവെയാണ് മഴയെത്തിയത്. 33ാം ഓവറിൽ അഞ്ച് പന്ത് എറിഞ്ഞ ശേഷം കളി നി൪ത്തിവെക്കുമ്പോൾ ഇന്ത്യ രണ്ടിന് 147. ജയത്തിലേക്ക് 114 റൺസ് ദൂരം. പൂജാരയും (41) സചിനും (23) ക്രീസിൽ. മഴ തുട൪ന്നതോടെ ചായ സമയം പ്രഖ്യാപിച്ചു.
ഒന്നേ കാൽ മണിക്കൂ൪ കഴിഞ്ഞാണ് മത്സരം പുനരാരംഭിച്ചത്. പിന്നാലെ ടിം സൗത്തീ സചിനെ ബൗൾഡാക്കി ഇന്ത്യയെ ഞെട്ടിച്ചു. 34 പന്തിൽ ഏഴ് ബൗണ്ടറിയുൾപ്പെടെ 27 റൺസ് നേടിയ സചിൻെറ രൂപത്തിൽ മൂന്നാം വിക്കറ്റ് വീഴുമ്പോൾ ഇന്ത്യ മൂന്നിന് 152. കോഹ്ലിക്കൊപ്പം പോരാടിയ പൂജാര (48) പട്ടേലിന് രണ്ടാം വിക്കറ്റും ഡാനിയൽ ഫ്ളിന്നിന് ക്യാച്ചും സമ്മാനിച്ചു. 104 പന്ത് കളിച്ച ബാറ്റ്സ്മാൻ ഏഴ് തവണ പന്ത് അതി൪ത്തി കടത്തിയിരുന്നു. സ്കോ൪ നാലിന് 158. ജയത്തിലേക്ക് 100 റൺസിലധികം വേണ്ടിയിരുന്നതിനാൽ ഇന്ത്യൻ ക്യാമ്പിൽ നേരിയ മ്ളാനത.
ബൗണ്ടറികളുമായി കോഹ്ലി പ്രയാണം തുട൪ന്നെങ്കിലും 10 പന്ത് നേരിട്ടിട്ടും റണ്ണൊന്നുമെടുക്കാതെ പട്ടേലിൻെറ ഓവറിൽ റെയ്ന ബൗൾഡായത് ഇന്ത്യക്ക് തിരിച്ചടിയായി. സ്കോ൪ ബോ൪ഡിൽ അപ്പോൾ 166 റൺസ്. ഒന്നാമിന്നിങ്സിൽ ദീ൪ഘനേരം ബാറ്റ് ചെയ്ത കോഹ്ലി-ധോണി കൂട്ടുകെട്ട് വീണ്ടും രംഗത്തെത്തിയതോടെ കളി അഞ്ചാം ദിവസത്തിലേക്ക് നീളില്ലെന്ന് ഉറപ്പായി. തുടക്കത്തിൽ വിക്കറ്റ് കാക്കുന്നതിന് പ്രാമുഖ്യം നൽകിയ നായകൻ പിന്നെപ്പിന്നെ ഉപനായകനൊപ്പം ആഞ്ഞടിച്ചു. 63ാം ഓവറിൽ സൗത്തീയെ മൂന്നു തവണ അതി൪ത്തിയിലേക്ക് പായിച്ച കോഹ്ലി ടെസ്റ്റിലെ അഞ്ചാം അ൪ധശതകം സ്വന്തമാക്കി. അടുത്ത ഓവറിലെ ആദ്യ പന്തിൽ പട്ടേലിനെ ഫോറടിച്ച കോഹ്ലി ലക്ഷ്യം വെറും അഞ്ച് റൺസാക്കി ചുരുക്കി. രണ്ടാം പന്തിൽ സ്വതസിദ്ധമായ ശൈലിയിൽ സിക്സ൪. 82 പന്തിൽ ഒമ്പത് ബൗണ്ടറി പിറന്നു കോഹ്ലിയുടെ 51 റൺസിൽ. 60 പന്തിൽ മൂന്നു ഫോറും രണ്ട് സിക്സുമടങ്ങുന്നതായിരുന്നു ധോണിയുടെ (48) പ്രകടനം.
ന്യൂസിലൻഡിൻെറ ഇന്ത്യൻ പര്യടനത്തിൽ ഇനി രണ്ട് ട്വൻറി20 മത്സരങ്ങളാണുള്ളത്. ഇവ ഈ മാസം എട്ടിന് വിശാഖ പട്ടണത്തും 11ന് ചെന്നൈയിലും നടക്കും.
സ്കോ൪ ബോ൪ഡ്
ന്യൂസിലൻഡ് ഒന്നാമിന്നിങ്സ് 365
ഇന്ത്യ ഒന്നാമിന്നിങ്സ് 353
ന്യൂസിലൻഡ് രണ്ടാമിന്നിങ്സ് 248
ഇന്ത്യ രണ്ടാമിന്നിങ്സ്
ഗംഭീ൪ സി ടെയ്ല൪ ബി ബൂൾട്ട് 34, സെവാഗ് ബി പട്ടേൽ 38, പൂജാര സി ഫ്ളിൻ ബി പട്ടേൽ 48, സചിൻ ബി സൗത്തീ 27, കോഹ്ലി നോട്ടൗട്ട് 51, ധോണി നോട്ടൗട്ട് 48, എക്സ്ട്രാസ് 16, ആകെ (63.2 ഓവറിൽ അഞ്ചു വിക്കറ്റിന്) 262.
വിക്കറ്റ് വീഴ്ച: 1-77, 2-83, 3-152, 4-158, 5-166.
ബൗളിങ്: ബൂൾട്ട് 16-4-64-1, സൗത്തീ 18-3-68-1, ബ്രെയ്സ്വെൽ 14-3-52-0, പട്ടേൽ 15.2-3-68-3.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.