ഇന്ത്യയെ തളച്ച് നേപ്പാള്‍

ന്യൂദൽഹി: നെഹ്റു കപ്പ് ഫുട്ബാളിൽ ഫൈനൽ ഉറപ്പിക്കാനുള്ള സുവ൪ണാവസരം ഇന്ത്യ കളഞ്ഞുകുളിച്ചു. കരുത്തരായ സിറിയയെയും മാലദ്വീപിനെയും തോൽപിച്ചശേഷം തുട൪ച്ചയായ മുന്നാം ജയം തേടി നേപ്പാളിനെതിരെ ബൂട്ടുകെട്ടിയിറങ്ങിയ ആതിഥേയ൪ നേപ്പാളിനോട് ഗോൾരഹിത സമനില വഴങ്ങി. ജയിച്ചിരുന്നെങ്കിൽ ഫൈനൽ ഉറപ്പിക്കാമായിരുന്നു. ഇന്ത്യക്ക് കലാശക്കളിയിലെത്താൻ വെള്ളിയാഴ്ച അവസാന ലീഗ് മത്സരത്തിൽ കരുത്തരായ കാമറൂണിനെതിരെ മികവു കാട്ടണം. മൂന്നു കളികളിൽ ഏഴു പോയന്റുമായി ഇന്ത്യയാണ് ഇപ്പോഴും ഒന്നാമത്. ആറു പോയന്റുള്ള മാലദ്വീപ് രണ്ടാമതും രണ്ടു കളിയിൽ നാലു പോയന്റുമായി കാമറൂൺ മൂന്നാമതുമാണ്. കാമറൂൺ ഇന്ന് മാലദ്വീപിനെ തോൽപിച്ചാൽ ഇന്ത്യക്ക് പ്രതീക്ഷക്ക് വകയുണ്ട്.
മഴപെയ്ത് ചളിക്കളമായ മൈതാനത്ത് നീക്കങ്ങൾ താളംതെറ്റുന്നത് പതിവു കാഴ്ചയായിരുന്നു. പരിക്കേറ്റ നി൪മൽ ഛേത്രിക്കു പകരം ഡെൻസിൽ ഫ്രാങ്കോയെ ഇറക്കിയ ഇന്ത്യ സഞ്ജു പ്രധാനെ മാറ്റി ആന്റണി പെരീറക്ക് അവസരം നൽകിയാണ് മൂന്നാം മത്സരത്തിനിറങ്ങിയത്. കളിയുടെ തുടക്കത്തിൽ നേപ്പാളാണ് മധ്യനിരയിൽ ആതിഥേയരേക്കാൾ മിടുക്ക് കാട്ടിയത്. കാമറൂണിനെതിരെ നിറംമങ്ങിയ നേപ്പാൾ, ഇന്ത്യൻ താരങ്ങൾക്ക് അവസരം നൽകാതെ സമ൪ഥമായി പ്രതിരോധിക്കുകയും ചെയ്തു. സന്ദീപ് റായ് ഉതി൪ത്ത ഫ്രീകിക്കിൽ ഭോലാനാഥ് സിൽവായ് ഇന്ത്യൻ വല ലക്ഷ്യമിട്ടെങ്കിലും ഗോളി സുബ്രതാപാൽ പന്ത് പിടിച്ചൊതുക്കി. 13ാം മിനിറ്റിൽ തുടരെ കോ൪ണറുകൾ ലഭിച്ച നേപ്പാളിന് നി൪ഭാഗ്യംകൊണ്ടാണ് വല കുലുക്കാൻ കഴിയാതെപോയത്. ജഗ്ജിത് ശ്രേഷ്ഠയുടെ കോ൪ണ൪ കിക്കിനെ പ്രതിരോധിക്കാനുള്ള ഡെൻസിലിന്റെ ശ്രമം നേരിയ വ്യത്യാസത്തിനാണ് സെൽഫ് ഗോളിൽനിന്ന് രക്ഷപ്പെട്ടത്.
15ാം മിനിറ്റിൽ ഇന്ത്യക്ക് അവസരം ലഭിച്ചെങ്കിലും സുനിൽ ഛേത്രിക്ക് പാസ് നൽകാതെ സ്വയം ഷോട്ടെടുക്കാൻ ശ്രമിച്ച ലെനി റോഡ്രിഗ്വസിന്റെ നീക്കം അമ്പേ പാളി. ആദ്യ 20 മിനിറ്റിനകം നേപ്പാൾ അഞ്ചു കോ൪ണറുകൾ സമ്പാദിച്ചപ്പോൾ ഇന്ത്യക്ക് ഒന്നുപോലും ലഭിച്ചില്ല. ആദ്യ അരമണിക്കൂറിൽ 55 ശതമാനം സമയവും പന്ത് നേപ്പാൾ താരങ്ങളുടെ കാലുകളിലായിരുന്നു.  ഇടവേളക്കു തൊട്ടുമുമ്പ് ആതിഥേയ൪ നേരിയ ശ്രമം നടത്തിയെങ്കിലും നേപ്പാൾ ഡിഫൻസിനെ മുൾമുനയിൽ നി൪ത്താൻ പോന്നതായിരുന്നില്ല അത്.
രണ്ടാം പകുതിയുടെ തുടക്കത്തിലും ചിത്രം വ്യത്യസ്തമായിരുന്നില്ല. നേപ്പാളിന്റെ ആധിപത്യത്തിൽനിന്ന് ഇന്ത്യ പതിയെ കുതറിമാറാൻ തുടങ്ങിയത് കളി ഒരു മണിക്കൂ൪ പിന്നിട്ടശേഷമാണ്. റോഡ്രിഗ്വസിനു പകരം ജുവൽ രാജ വന്നതും ഇന്ത്യക്ക് ഉണ൪വു നൽകി. അവസരങ്ങൾ തുറന്നെടുത്ത ഇന്ത്യക്ക് ഫിനിഷിങ്ങിൽ പാളി. ഫ്രാൻസിസ് ഫെ൪ണാണ്ടസിന്റെ പാസിൽ ജുവലിന്റെ ഗോളെന്നുറച്ച ശ്രമം കോ൪ണറിനു വഴങ്ങിയാണ് നേപ്പാൾ പ്രതിരോധിച്ചത്. രാജു ഗെയ്ക്വാദിന്റെ ശ്രമം തട്ടിയകറ്റിയ നേപ്പാൾഗോളി കിരൺ ചെംചോങ് റീബൗണ്ടിൽ റോബിൻ സിങ്ങിന്റെ ശ്രമം കാലുകൊണ്ട് പ്രതിരോധിച്ചു. 85ാം മിനിറ്റിൽ ഛേത്രിക്കും അവസരം മുതലെടുക്കാനായില്ല.
റഫറിയെ അധിക്ഷേപിച്ചതിന് ബികാഷ് സിങ് ഛേത്രി ചുകപ്പു കാ൪ഡ് കണ്ടതോടെ നേപ്പാൾ നിരയിൽ ആളെണ്ണം കുറഞ്ഞത് മുതലെടുക്കാൻ ഇന്ത്യക്ക് കഴിഞ്ഞില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.