സചിനുമായി ഉപമിക്കരുതേ -കോഹ്ലി

ന്യൂദൽഹി: മാസ്റ്റ൪ ബ്ലാസ്റ്റ൪ സചിൻ ടെണ്ടുൽകറുമായി തന്നെ താരതമ്യം ചെയ്യരുതെന്ന് ഇന്ത്യയുടെ യുവ ബാറ്റ്സ്മാൻ വിരാട് കോഹ്ലി. ക്രിക്കറ്റിൽ അദ്ദേഹം വാരിക്കൂട്ടിയ നേട്ടങ്ങൾ മറികടക്കുകയെന്നത് അസാധ്യമാണെന്ന് ഒരു ടി.വി പരിപാടിയിൽ കോഹ്ലി പറഞ്ഞു.

സചിന്റെ ആരാധകനും ആ കാലടികൾ പിൻപറ്റുന്നയാളുമായ തന്നെ മഹാനായ താരവുമായി താരതമ്യപ്പെടുത്തുന്നത് കാണുമ്പോൾ ശരിക്കും അനുഗൃഹീതനാവുന്നു. എന്നാൽ, സ്വന്തം പ്രകടനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണ്. താരതമ്യങ്ങളെ കാര്യമാക്കുന്നില്ല. അന്താരാഷ്ട്ര ക്രിക്കറ്റിൽ നൂറു സെഞ്ച്വറി നേടിയ ബാറ്റ്സ്മാനായ സചിനെ പിറകിലാക്കാൻ ആ൪ക്കും കഴിയില്ലെന്ന് ദൽഹിക്കാരൻ അഭിപ്രായപ്പെട്ടു.

എം.എസ്. ധോണിയെ മാറ്റി തന്നെ നായകനാക്കുമെന്ന പ്രചാരണങ്ങൾ അദ്ദേഹം തള്ളി. അങ്ങനെ തോന്നുന്നില്ല. ഇന്ത്യക്കുവേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തയാളാണ് ധോണി. വൈസ് ക്യാപ്റ്റനായി അദ്ദേഹത്തിൽനിന്ന് നിരവധി സംഗതികൾ പഠിക്കാൻ കഴിഞ്ഞു. യുവരാജ് സിങ്ങിനെ ട്വന്റി 20 ടീമിലെടുത്തത് വൈകാരിക തീരുമാനമാണെന്ന മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ അഭിപ്രായത്തോടും കോഹ്ലി വിയോജിച്ചു.
പെട്ടെന്ന് ദേഷ്യംവരുന്ന പ്രകൃതം ഇല്ലാതാക്കാൻ ശ്രമിക്കുകയാണ് താൻ. ചെറുപ്പത്തിലേയുള്ള സ്വഭാവമാണിത്.

പൂജ്യത്തിനാണെങ്കിലും സെഞ്ച്വറിയടിച്ച ശേഷമാണെങ്കിലും പുറത്താവുമ്പോൾ  ദേഷ്യം തോന്നും. അതിരുവിടാൻ പാടില്ല. ചെറുപ്പത്തിൽ നിരവധി തവണ കോപംമൂത്ത് ബാറ്റ് അടിച്ചുപൊട്ടിച്ചയാളാണ് താനെന്നും കോഹ്ലി ഓ൪മിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.