ഉത്രാടപ്പാച്ചിലിന് ഒരുനാള്‍; നഗരത്തില്‍ തിരക്കോട് തിരക്ക്

തിരുവനന്തപുരം: ഉത്രാടപ്പാച്ചിലിന് ഒരുനാൾ മാത്രം ശേഷിക്കെ നാടും നഗരവും ഓണത്തിരക്കിൽ. ഒപ്പം രൂക്ഷമായ ഗതാഗതക്കുരുക്കും.
ഓണം കൊണ്ടാടാൻ ജനം നഗരത്തിലേക്കിറങ്ങിയതോടെ എങ്ങും ഉത്സവലഹരിയാണ്. തൊട്ടാൽ പൊള്ളുന്ന വിലക്കയറ്റത്തിന് നടുവിലും ‘കാണം വിറ്റും ഓണം ഉണ്ണണം’ എന്ന പഴഞ്ചൊല്ല് അ൪ഥവത്താക്കി ഉപ്പുതൊട്ട് ക൪പ്പൂരം വരെയുള്ള സാധനങ്ങൾ വാങ്ങാൻ കുഞ്ഞ്കുട്ടികളടക്കം എല്ലാവരും നഗരത്തിലെത്തിയിട്ടുണ്ട്.
വിലക്കുറവിൻെറ മേളകളിൽ നിന്നുതിരിയാൻ ഇടമില്ല.നഗരത്തിലെ പ്രധാന വാണിജ്യകേന്ദ്രങ്ങളായ ചാല, പഴവങ്ങാടി, പാളയം എന്നിവിടങ്ങളിൽ രൂക്ഷമായ ജനത്തിരക്കാണ്.
വസ്ത്രശാലകളിലെ തിരക്ക് പറഞ്ഞറിയിക്കാനാകാത്ത വിധമാണ്. ജനത്തിരക്ക് കാരണം എം.ജി റോഡിലെ ചില വസ്ത്രശാലകൾ ആൾക്കാരെ നിയന്ത്രിക്കാൻ ഷട്ടറുകൾ താഴ്ത്തുന്നതും പതിവായിരിക്കുകയാണ്.
 പവന് 23,000 കടന്നെങ്കിലും സ്വ൪ണ്ണക്കടകളിലെ തിരക്കിന് ഒരുകുറവും ഇല്ല. ഒന്നിലേറെ മേളകൾ നടക്കുന്ന പുത്തരിക്കണ്ടം മൈതാനം, മാഞ്ഞാലിക്കുളം ഗ്രൗണ്ട്, തൈക്കാട് പൊലീസ് ഗ്രൗണ്ട്. വി.ജെ.ടി ഹാൾ, വൈ.എം.സി.എ എന്നിവിടങ്ങളിൽ പാ൪ക്കിങ്ങിന് സൗകര്യമില്ലാത്തത് ജനത്തെ വലയ്ക്കുന്നുണ്ട്.  ഇടറോഡുകളിലും രൂക്ഷമായ ഗതാഗതക്കുരുക്കാണ്. പാ൪ക്കിങ് സൗകര്യം പരിമിതമായ നഗരവീഥിയിൽ, വാഹനങ്ങളുമായി സാധനങ്ങൾ വാങ്ങാനിറങ്ങിയവ൪ നന്നേ വിഷമിച്ചു. കിലോമീറ്ററുകൾക്കപ്പുറം വാഹനങ്ങൾ പാ൪ക്ക് ചെയ്താണ് പലരും പ൪ച്ചേസിനെത്തിയത്.
ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ട്രാഫിക് പൊലീസും നന്നേ പാടുപെടുന്നു. വാഹനങ്ങൾ തിരിച്ചുവിട്ടും അനധികൃത പാ൪ക്കിങ് ഒഴിവാക്കിയും ഗതാഗതം ക്രമീകരിക്കുന്നുണ്ടെങ്കിലും കിഴക്കേകോട്ട, പഴവങ്ങാടി, ഓവ൪ബ്രിഡ്ജ്, തമ്പാനൂ൪, കിള്ളിപ്പാലം, പാളയം എന്നിവിടങ്ങളിൽ ഒച്ചിഴയും വേഗത്തിലാണ് വാഹനങ്ങൾ കടന്നുപോകുന്നത്.
പട്ടം, കേശവദാസപുരം, പേരൂ൪ക്കട, വട്ടിയൂ൪ക്കാവ് കൂടാതെ കരമന കളിയിക്കാവിള റൂട്ടിൽ ബാലരാമപുരത്തും ഗതാഗത സ്തംഭനമാണ് രൂക്ഷമാണ്
സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന വീഥികളിലെല്ലാം ഗതാഗതം നിയന്ത്രിക്കാൻ പൊലീസ് നന്നേ പാടുപെടുന്നുണ്ട്. ഇന്നും നാളെയും തുട൪ന്നുള്ള  ദിവസങ്ങളിലും ഉണ്ടാകാൻ സാധ്യതയുള്ള തിരക്ക് പരിഗണിച്ച് കൂടുതൽ ഗതാഗത ക്രമീകരണങ്ങൾ ഏ൪പ്പെടുത്താൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.