നെഹ്റു കപ്പ്: ദ്വീപുകാരെ ഇന്ത്യ മുക്കി

ന്യൂദൽഹി: നെഹ്റു കപ്പിൽ ഹാട്രിക് മോഹവുമായിറങ്ങിയ ഇന്ത്യക്ക് തുട൪ച്ചയായ രണ്ടാം ജയം. ആദ്യ മത്സരത്തിൽ സിറിയയെ തോൽപിച്ച ആതിഥേയ൪ മറുപടിയില്ലാത്ത മൂന്ന് ഗോളിന് മാലദ്വീപിനെയും തോൽപിച്ച് ഫൈനൽ സാധ്യത ശക്തമാക്കി. ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ഇരട്ടഗോളിന്റെയും ബംഗാൾ താരം സെയ്ദ് റഹീം നബിയുടെ ഒരു ഗോളിന്റെയും പിൻബലത്തിലാണ് 3-0ത്തിന്റെ ത്രസിപ്പിക്കുന്ന ജയം. ചൊവ്വാഴ്ച നേപ്പാളിനും വെള്ളിയാഴ്ച കാമറൂണിനുമെതിരെയാണ് ഇന്ത്യയുടെ ശേഷിക്കുന്ന മത്സരങ്ങൾ. രണ്ട് ജയവുമായി പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഛേത്രിയുടെ സംഘം. കളിയുടെ ഒന്നാംപകുതിയിലെ ഇഞ്ച്വറി ടൈമിൽ പെനാൽറ്റിയിലൂടെയും 70ാം മിനിറ്റിൽ ഹെഡറിലൂടെയുമാണ് ഛേത്രി ഗോൾ വല കുലുക്കിയത്. 54ാം മിനിറ്റിലായിരുന്നു നബിയുടെ ഗോൾ.
ഡച്ചുകാരൻ വിം കോവ൪മാൻസിന്റെ തന്ത്രങ്ങൾ ഏറക്കുറെ ഭംഗിയായിത്തന്നെ കളത്തിൽ അവതരിപ്പിക്കാൻ ശ്രമിച്ച ഇന്ത്യയായിരുന്നു ആദ്യ മിനിറ്റ് മുതൽ കണ്ടത്. എന്നാൽ, കളമുണരും മുമ്പ് പന്ത് ഇന്ത്യൻ ഗോൾമുഖത്തെത്തുന്നതാണ് കണ്ടത്. രണ്ടാം മിനിറ്റിൽ അപകടകരമെന്ന് തോന്നിയ നീക്കം ഗോൾ കീപ്പ൪ സുബ്രതാ പാൽ ഒഴിവാക്കി. തൊട്ടടുത്ത മിനിറ്റിൽ തന്നെ മെഹ്താബ് ഹുസൈൻ നല്ലൊരു നീക്കം നടത്തി ഇന്ത്യൻ ആക്രമണത്തിന് തുടക്കംകുറിച്ചു. എട്ടാം മിനിറ്റിൽ സുനിൽ ഛേത്രിയിലൂടെ ആദ്യ ഗോളവസരം സൃഷ്ടിച്ച ഇന്ത്യ കളിയിൽ തങ്ങൾക്കുതന്നെ മുൻതൂക്കമെന്ന് പ്രഖ്യാപിച്ചു. ഒത്തിണക്കവും മികച്ച നിലവാരം പുല൪ത്തിയ പാസിങ്ങുകളുമായി പന്ത് ചലിപ്പിച്ച ഇന്ത്യ കളിക്കളത്തിൽ വ്യക്തമായ ആധിപത്യം പുല൪ത്തിയിരുന്നു. കൂട്ടായ മുന്നേറ്റത്തിനിടയിൽ വീണുകിട്ടുന്ന അവസരങ്ങളുമായി മാലദ്വീപും പ്രത്യാക്രമണം നടത്തി. മികച്ച പ്രതിരോധകോട്ട തീ൪ത്തായിരുന്നു ഇന്ത്യ പലഘട്ടങ്ങളിലും രക്ഷപ്പെട്ടത്. ഗോൾ കീപ്പ൪ സുബ്രതാ പാലും രക്ഷകനായി.
ആക്രമണവും മറു ആക്രമണവുമഡായി പുരോഗമിച്ച മത്സരത്തിനൊടുവിൽ ആദ്യ പകുതി ഗോൾരഹിതമായി  പിരിയുമെന്ന് തോന്നിയ ഘട്ടത്തിലാണ് ഇന്ത്യക്ക് ഗോൾ പിറക്കുന്നത്. 45 മിനിറ്റും കഴിഞ്ഞ് ഇഞ്ച്വറി ടൈമിലെ രണ്ടാം മിനിറ്റിലാണ് ഛേത്രിയിൽനിന്ന് ഗോൾ. നബിയുടെ ക്രോസ് കൈകൊണ്ട് തടുക്കാൻ ശ്രമിച്ച എതി൪ ഡിഫൻഡറുടെ പിഴവിന് ലഭിച്ച പെനാൽറ്റി ഉന്നം തെറ്റാതെ ലക്ഷ്യത്തിലേക്ക് അടിച്ചുകയറ്റിയാണ് ഛേത്രി ആദ്യ ഗോൾ നേടിയത്. ഒന്നാം പകുതിയിൽ ഇന്ത്യക്ക് 1-0 ലീഡ്.
വ൪ധിത ആത്മവിശ്വാസത്തോടെ രണ്ടാം പകുതി ആരംഭിച്ച ഇന്ത്യയുടെ നിയന്ത്രണത്തിലായിരുന്നു കളി. തുട൪ച്ചയായ മൂന്ന് അവസരങ്ങൾക്കുപിന്നാലെ നബിയുടെ ഹെഡറിൽ നുന്ന് 54ാം മിനിറ്റിൽ രണ്ടാം ഗോൾ. ക്ളിഫോ൪ഡ് മിറാൻഡയുടെ കോ൪ണ൪ കിക്കിന് ഉയ൪ന്നുചാടിയ നബിക്ക് ഒന്നും പിഴച്ചില്ല. മാലദ്വീപ് ഗോളി ഇമ്രാൻ മുഹമ്മദിനെ കാഴ്ചക്കാരനാക്കി പന്ത് വലയിൽ.  നിരന്തര ആക്രമണത്തിൽ ക്ഷീണംപിടിച്ച മാലദ്വീപ് താരങ്ങളെ വീണ്ടും നിരാശപ്പെടുത്തി ക്യാപ്റ്റൻ ഛേത്രിയുടെ ശിരസ്സിന് വീണ്ടും ഗോളിന്റെ പൊൻകിരീടം. ഫ്രാൻസിസ് ഫെ൪ണാണ്ടസിന്റെ ക്രോസ് ഹെഡറിലൂടെ വലയിലെത്തിച്ചാണ് ഛേത്രി ടൂ൪ണമെന്റിലെ മൂന്നാം ഗോൾ സ്വന്തമാക്കിയത്. ഗോൾവേട്ടയിലും ഇന്ത്യൻ ക്യാപ്റ്റൻ മുന്നിലെത്തി. മൂന്ന് ഗോൾ ലീഡ് നേടിയതോടെ പതിവ് ലാഘവത്വത്തിലേക്ക് പിന്മാറിയ ഇന്ത്യൻ ഗോൾമുഖം പിന്നെ സംഘ൪ഷഭരിതമായി. മാലദ്വീപിന്റെ നിരന്തര മുന്നേറ്റങ്ങൾ പ്രതിരോധം ശക്തിപ്പെടുത്തിയാണ് ആതിഥേയ൪ നേരിട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.