ഉത്തേജക വിവാദം: ആംസ്ട്രോങ്ങിന്റെ കിരീടങ്ങള്‍ തിരിച്ചെടുക്കും

ാഷിങ്ടൺ: കാൻസ൪ രോഗത്തെ അതിജീവിച്ച് സൈക്ളിങ് ട്രാക്കിൽ അദ്ഭുതങ്ങൾ സൃഷ്ടിച്ച ലാൻസ് ആംസ്ട്രോങ് തനിക്കെതിരെ ഉയ൪ന്ന ഉത്തേജക മരുന്ന് ആരോപണവുമായി ബന്ധപ്പെട്ട കേസിൽനിന്ന് പിന്മാറി. അമേരിക്കൻ ഉത്തേജക വിരുദ്ധ ഏജൻസിയുടെ (ഉസാഡ) ആരോപണത്തിനെതിരെ പോരാട്ടം നടത്തില്ലെന്ന് അമേരിക്കൻ സൈക്ളിങ് താരം ലാൻസ് ആംസ്ട്രോങ് അറിയിച്ചു. അതേസമയം, ആംസ്ട്രോങ്ങിന്റെ പ്രസ്താവന കുറ്റസമ്മതമാണെന്നും അതിനാൽ ആജീവനാന്ത വിലക്ക് ഏ൪പ്പെടുത്തുന്നതായും ആംസ്ട്രോങ്ങിന് ലഭിച്ച ഏഴ് ടൂ൪ ഡി ഫ്രാൻസ് കിരീടങ്ങൾ തിരിച്ചെടുക്കുമെന്നും അമേരിക്കൻ ഉത്തേജക വിരുദ്ധ ഏജൻസി അറിയിച്ചു.
1999ൽ ആദ്യ ടൂ൪ ഡി ഫ്രാൻസ് കിരീടം ചൂടിയതോടെയാണ് ലാൻസ് ആംസ്ട്രോങ്ങിന്റെ കരിയറിനെ കുറിച്ച് കായിക പ്രേമികൾ ശ്രദ്ധിക്കുന്നത്. അതുവരെ അമേരിക്കയിൽപോലും അറിയപ്പെടാത്ത താരമായിരുന്നു. കാൻസ൪ രോഗത്തെ അതിജീവിച്ച് തിരിച്ചെത്തി സൈക്ളിങ്ങിലെ പ്രധാന കിരീടമായ ടൂ൪ ഡി ഫ്രാൻസ് ഏഴുവട്ടം തുട൪ച്ചയായി സ്വന്തമാക്കിയ ആംസ്ട്രോങ് വീരപുരുഷനും ഒപ്പം അവിശ്വസനീയ താരവുമായി മാറുകയായിരുന്നു.
ബാഴ്സലോണ ഒളിമ്പിക്സിലും അറ്റ്ലാന്റ ഒളിമ്പിക്സിലും ചില ലോകപോരാട്ടങ്ങളിലും സാന്നിധ്യമറിയിച്ച് തിളങ്ങി നിൽക്കേ 1996 ഒക്ടോബറിലാണ് ആംസ്ട്രോങ്ങിനെ കാൻസ൪ പിടികൂടുന്നത്. തലച്ചോറിനെയും ശ്വാസകോശത്തെയും ബാധിച്ച കാൻസറിനെ അതിജീവിക്കാൻ അദ്ദേഹം സ്ഥിരമായി കീമോതെറപ്പിക്ക് വിധേയനായി.  ജീവിതത്തിലേക്ക് തിരിച്ചു വരില്ലെന്ന് ഡോക്ട൪ വിധിയെഴുതിയെങ്കിലും ആംസ്ട്രോങ് ഏവരെയും അദ്ഭുതപ്പെടുത്തി 1998ൽ വീണ്ടും പരിശീലനം ആരംഭിച്ചു. തൊട്ടടുത്ത വ൪ഷം ടൂ൪ ഡി ഫ്രാൻസ് കിരീടം സ്വന്തമാക്കിയതോടെ ലോകചരിത്രത്തിൽ തന്നെ ഇടംപിടിക്കുകയായിരുന്നു. തുട൪ന്ന് 2005 വരെ കിരീടം നിലനി൪ത്തുകയും ചെയ്തു. റെക്കോഡ് പ്രകടനത്തോടെ ലോകത്തെ എക്കാലത്തെയും മികച്ച കായികതാരമെന്ന പേരും സ്വന്തമാക്കി.  2005ലെ ടൂ൪ ഡി ഫ്രാൻസ് പോരാട്ടത്തിനുശേഷം കരിയറിൽനിന്ന് വിരമിച്ചെങ്കിലും 2009 ൽ വീണ്ടും ട്രാക്കിലിറങ്ങി.
2012 ജൂണിലാണ് സൈക്ളിങ് താരത്തിനെതിരെ അമേരിക്കൻ ഉത്തേജക വിരുദ്ധ ഏജൻസി കേസ് ചാ൪ജ് ചെയ്തത്. 2009ലും 2010 ലും ശേഖരിച്ച രക്ത സാമ്പിളുകളുടെ അടിസ്ഥാനത്തിലായിരുന്നു കേസ്.
ആംസ്ട്രോങ്ങിനെതിരെ നേരത്തെ പലതവണ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി ആരോപണം ഉയ൪ന്നിരുന്നു. കാൻസ൪ രോഗമുക്തനായി തിരിച്ചെത്തിയ ആംസ്ട്രോങ്ങിന്റെ പ്രകടനം അവിശ്വസനീയമാണെന്നും വിമ൪ശമുയ൪ന്നിരുന്നു. എന്നാൽ, ഇതുവരെ അദ്ദേഹത്തിനെതിരെ ഒരു കുറ്റവും തെളിയിക്കപ്പെട്ടിട്ടില്ല. പരിശോധനകളിൽനിന്നും നടപടികളിൽനിന്നും അദ്ദേഹം പലപ്പോഴും ഒഴിഞ്ഞുമാറുകയാണെന്നാണ് ആരോപണം.
'ആംസ്ട്രോങ്ങിന്റെ  കിരീടങ്ങൾ തിരിച്ചെടുക്കുകയാണ്. സ്പോ൪ട്സിനെ പ്രണയിക്കുന്നവ൪ക്ക് മോശം ദിവസമാണ്.'-ഉസാഡ ചീഫ് എക്സിക്യൂട്ടിവ് ട്രാവിസ് ടികാ൪ട്ട് പറഞ്ഞു.
കിരീടങ്ങൾ തിരിച്ചുപിടിക്കാൻ ഉസാഡക്ക് അവകാശമില്ലെന്ന് ആംസ്ട്രോങ് പ്രതികരിച്ചു. 'തനിക്കെതിരെ ഉന്നയിച്ച ആരോപണത്തിന് ഒരു തെളിവും ഇല്ല. നിരവധി തവണ പരിശോധനക്ക് വിധേയനായിട്ടുണ്ട്. അതുകൊണ്ട് നിയമ പോരാട്ടവുമായി മുന്നോട്ടുപോയി സമയം കളയാൻ ആഗ്രഹിക്കുന്നില്ല. കാൻസ൪ രോഗികളുടെ ക്ഷേമത്തിനായി സ്ഥാപിച്ച ലാൻസ് ആംസ്ട്രോങ്ങ് ഫൗണ്ടേഷന്റെ പ്രവ൪ത്തനങ്ങളിലാണ് തന്റെ ശ്രദ്ധ മുഴുവൻ. കാൻസ൪ രോഗബാധിത൪ക്കും സമൂഹത്തിലെ പിന്നാക്ക വിഭാഗക്കാ൪ക്കും വേണ്ടിയാണ് തന്റെ പ്രവ൪ത്തനങ്ങൾ. അതിനാൽ ഈ അധ്യായം ഇവിടെ അവസാനിപ്പിക്കുകയാണ്.' -ലാൻസ് ആംസ്ട്രോങ് പറഞ്ഞു.
സ്പോ൪ട്സ് ഇല്ലസ്ട്രേറ്റഡ് വീക്ക്ലി, എ.ബി.സി വൈഡ് വേൾഡ് ഓഫ് സ്പോ൪ട്സ്,  ബി.ബി.സി, ഇ.എസ്.പി.എൻതുടങ്ങിയവരുടെ ഏറ്റവും മികച്ച കായികതാരത്തിനുള്ള പുരസ്കാരം ആംസ്ട്രോങ്ങിന് ലഭിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.