വലനിറച്ചു തുടങ്ങി

മഡ്രിഡ്: കഴിഞ്ഞ സീസണിൽ അവസാനിപ്പിച്ചിടത്ത് ബാഴ്സലോണയും ലയണൽ മെസ്സിയും തുടങ്ങി. സ്പാനിഷ് ലീഗിൽ പോരാട്ടത്തിനിറങ്ങിയ മുൻചാമ്പ്യന്മാ൪ പകിട്ടൊട്ടും കുറക്കാതെ പുതുസീസണിന് തുടക്കംകുറിച്ചപ്പോൾ നിലവിലെ ചാമ്പ്യന്മാരായ റയൽ മഡ്രിഡിന് അടിതെറ്റി. സ്വന്തം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ബാഴ്സലോണ 5-1ന് റയൽ സൊസീഡാഡിനെ തക൪ത്തപ്പോൾ മെസ്സിയുടെ വക പിറന്നത് രണ്ടുഗോളുകൾ. മറ്റൊരു ഗോളിലേക്കുള്ള വഴിയൊരുക്കിയതും അ൪ജൻറീനൻ സൂപ്പ൪  സ്ട്രൈക്ക൪ തന്നെ. റയൽ മഡ്രിഡ് വലൻസിയയെ 1-1ന് സമനിലയിൽ തളച്ചു.
പെപ് ഗ്വാ൪ഡിയോളയിൽ നിന്നും പരിശീലക കുപ്പായം ഏറ്റെടുത്ത പുതിയ കോച്ച് ടിറ്റോ വിലാനോവയുടെ പ്രതീക്ഷകൾക്കൊത്തുയ൪ന്നായിരുന്നു ബാഴ്സയുടെ പ്രകടനം. മെസ്സിക്കുപുറമെ ക്യാപ്റ്റൻ കാ൪ലോസ് പുയോൾ, പെഡ്രോ, ഡേവിഡ് വിയ്യ എന്നിവരാണ് കറ്റാലൻസിൻെറ ഗോളുകൾ അടിച്ചുകൂട്ടിയത്.
കളിയുടെ നാലാം മിനിറ്റിൽ പുയോളിൻെറ ഗോളിലൂടെയാണ് ബാഴ്സ തുടങ്ങിയത്. ആദ്യ മിനിറ്റ് മുതൽ ആക്രമണം ആയുധമാക്കി പതിവ് പോലെ തുടങ്ങിയ ബാഴ്സക്ക് അനുകൂലമായി ലഭിച്ച ആദ്യ അവസരം, സാവിയുടെ കോ൪ണ൪ കിക്ക് പറന്നുവന്നപ്പോൾ ആശങ്കകളില്ലാത്ത ഫിനിഷിങ്ങിലൂടെ എതി൪ വലയിലേക്ക് കുത്തികയറ്റിയപ്പോൾ ബാഴ്സക്ക് 1-0 ലീഡ്. എന്നാൽ, ആശ്വസിക്കാൻ വകയില്ലായിരുന്നു. അഞ്ച് മിനിറ്റിനകം എതിരാളികൾ തിരിച്ചടിച്ചു. ഓപൺ അറ്റാക്കിലൂടെ മുന്നേറിയ സൊസിഡാഡ് മുന്നേറ്റം ഡാനി ആൽവ്സിനെയും പുയോളിനെയും മറികടന്നാണ് അനായാസം ഗോൾ നേടിയത്. ഐസ൪ ഇല്ലറാമെൻഡിയുടെ പാസിൽ ചോറി കാസ്ട്രോ ഗോൾ നേടി ടീമിനെ ഒപ്പമെത്തിച്ചു. സമനില വഴങ്ങിയ ശേഷമായിരുന്നു മെസ്സിയുടെ ബൂട്ടുകൾ ഗോളിലേക്ക് പന്ത് ചലിപ്പിച്ചു തുടങ്ങിയത്. 11ാം മിനിറ്റിൽ വിങ്ങിൽ നിന്നും ടെല്ലോയുടെ ക്രോസ് മെസ്സിക്ക് പിടിച്ചു നി൪ത്താൻ കഴിഞ്ഞില്ല. പന്തെടുത്ത പെഡ്രോ അച്ചടക്കത്തോടെ മെസ്സിയിലേക്ക് തിരിച്ചപ്പോൾ അ൪ജൻറീനൻ താരത്തിന് ഗോൾവേട്ടയുടെ മറ്റൊരു സീസണിലേക്ക് ആദ്യ സ്കോ൪. 16ാം മിനിറ്റിൽ മെസ്സി രണ്ടാം ഗോളും നേടി. ഇക്കുറിയും വിങ്ങിൽ നിന്ന് ടെല്ലോയാണ് ഗോളിലേക്ക് അവസരം സൃഷ്ടിച്ചത്. രണ്ട് ഗോളിൻെറ മേധാവിത്വം സ്ഥാപിച്ചതോടെ ആതിഥേയ൪ പതിവ് ആധികാരികതയിലേക്ക് മുന്നേറി. മെസ്സിയും ഫാബ്രിഗസും ചേ൪ന്ന് ഇടതടവില്ലാതെ പ്രതിരോധം ഭേദിച്ചപ്പോൾ സൊസിഡാഡിൻെറ ഗോൾമുഖം ആടിയുലഞ്ഞു. 41ാം മിനിറ്റിൽ പെഡ്രോ നേടിയ ഗോളിനു പിന്നിൽ മെസ്സി-സാവി-ഫാബ്രിഗസ് ത്രയത്തിൻെറ മനോഹര നീക്കമാണ് വലനെയ്തത്. ആദ്യ പകുതി പിരിയുമ്പോൾ ബാഴ്സയുടെ ലീഡ് 4-1. 84ാം മിനിറ്റിൽ ഇനിയേസ്റ്റയുടെ നീക്കത്തിൽ നിന്നാണ് ഡേവിഡ് വിയ്യ അവസാന ഗോൾ നേടി വിജയം ആധികാരികമാക്കുന്നത്. ഇരുവരും പകരക്കാരായി ഗ്രൗണ്ടിലിറങ്ങി മിനിറ്റുകൾ കഴിയും മുമ്പായിരുന്നു നീക്കം. ഇതോടെ, ഈയാഴ്ചയിലെ സൂപ്പ൪ കപ്പിനുള്ള ബാഴ്സയുടെ ഒരുക്കവും ആത്മവിശ്വാസത്തോടെയായി.
വലൻസിയക്കെതിരെ സ്വന്തം ഗ്രൗണ്ടിലിറങ്ങിയ റയൽ മഡ്രിഡ് 10ാം മിനിറ്റിൽ ഗോൺസാലോ ഹിഗ്വെ്ൻ നേടിയ ഗോളിലൂടെ മുന്നേറിയെങ്കിലും വിജയത്തോടെ സീസൺ തുടങ്ങാൻ കഴിഞ്ഞില്ല. 42ാം മിനിറ്റിൽ ജൊനാസിൻെറ ഗോളിലൂടെ വലൻസിയ സമനില പിടിച്ചു. സ്പാനിഷ് ലീഗിലെ മറ്റുമത്സരങ്ങളിൽ ബെറ്റിസ് 5-3ന് അത്ലറ്റികോ ബിൽബാവോയെയും മയ്യോ൪ക്ക 2-1ന് എസ്പാനിയോളിനെയും സെവിയ്യ 2-1ന് ഗെറ്റാഫയെയും കീഴടക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.