ലണ്ടൻ: മത്സരത്തിനിടെ ഹൃദയാഘാതം മൂലം ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് മരണവുമായി മല്ലടിച്ച ബോൾട്ടൺ വാണ്ടറേഴ്സ് മിഡ്ഫീൽഡ൪ ഫാബ്രിസ് മുവാംബ കളിയോട് വിടചൊല്ലി. ഡോക്ടറുടെ ഉപദേശപ്രകാരമാണ് 24കാരൻ തിരിച്ചുവരവ് പ്രതീക്ഷകൾ അവസാനിപ്പിച്ച് ഹൃദയവ്യഥയോടെ പുൽമേട്ടിലെ പോരാട്ടവീര്യങ്ങളിൽനിന്ന് പടിയിറങ്ങിയത്.
മരിച്ചുവെന്ന് കരുതിയ ഘട്ടത്തിൽനിന്ന് അതിശയകരമായാണ് മുവാംബ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ടോട്ടൻഹാമിൻെറ തട്ടകമായ വൈറ്റ് ഹാ൪ട്ട് ലെയ്നിൽ എഫ്.എ കപ്പ് മത്സരത്തിനിടെ 78 മിനിറ്റ് ഹൃദയത്തിൻെറ പ്രവ൪ത്തനം നിലച്ചുപോയ താരത്തെ അടിയന്തര ചികിത്സ നൽകി ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുകയായിരുന്നു.
‘ഞാനിപ്പോൾ ജീവിച്ചിരിക്കുന്നതിൽ ദൈവത്തോട് അങ്ങേയറ്റം നന്ദിയുണ്ട്. എൻെറ കാര്യത്തിൽ പ്രതീക്ഷ കൈവെടിയാതിരുന്ന വൈദ്യസംഘത്തോടുള്ള കടപ്പാട് അതിരില്ലാത്തതാണ്’ -ക്ളബിൻെറ ഔദ്യാഗിക വെബ്സൈറ്റിൽ മുവാംബ പറഞ്ഞു. ഹാ൪ട്ട് അറ്റാക് സംഭവിച്ച് ഒരു മാസത്തിനുശേഷം ഹോസ്പിറ്റലിൽനിന്ന് ഡിസ്ചാ൪ജ് ചെയ്യപ്പെട്ടശേഷം തിരിച്ചുവരവിനെക്കുറിച്ച പോസിറ്റീവ് ചിന്തകളായിരുന്നു മനസ്സു നിറയെ. കളി തുടരാമെന്ന ചിന്ത എൻെറയുള്ളിൽ സജീവമായിരുന്നു. ബോൾട്ടനുവേണ്ടി വീണ്ടും പന്തുതട്ടുന്നത് ഞാൻ പല തവണ സ്വപ്നംകണ്ടു. ചികിത്സയുടെ ഭാഗമായി കഴിഞ്ഞയാഴ്ച ബെൽജിയത്തിലുള്ള പ്രമുഖ ഹൃദ്രോഗവിദഗ്ധനെ കണ്ട് ഉപദേശം തേടിയിരുന്നു. എന്നാൽ, അദ്ദേഹം പറഞ്ഞത് ഞാൻ ആഗ്രഹിച്ചതിന് തീ൪ത്തും വിപരീതമായിരുന്നു. അതിനാലാണ് ഇപ്പോൾ വിരമിക്കൽ പ്രഖ്യാപനം നടത്തേണ്ടിവന്നത്. കുഞ്ഞുന്നാൾ മുതൽ ഫുട്ബാളായിരുന്നു എൻെറ ജീവിതം. അതെനിക്ക് ഏറെ അവസരങ്ങൾ തന്നു. എല്ലാറ്റിലുമുപരി ഞാൻ കളിയെ അതിയായി സ്നേഹിച്ചു. ഉന്നത ശ്രേണിയിൽ കളിക്കാൻ സാധിച്ചതിൽ ഏറെ ഭാഗ്യവാനായി തോന്നുന്നു. കരിയറിലുടനീളം എന്നെ പ്രോത്സാഹിപ്പിച്ച എല്ലാവ൪ക്കും ഒരിക്കൽകൂടി നന്ദി. ബോൾട്ടൺ ആരാധക൪ എന്നെ പിന്തുണച്ച രീതി സവിശേഷമായിരുന്നു. ഈ സന്ദ൪ഭത്തിൽ കുടുംബത്തിൻെറയും കൂട്ടുകാരുടെയും നിറഞ്ഞ പ്രാ൪ഥനകളാണ് എനിക്ക് കരുത്തുപകരുന്നത്’ -മുവാംബ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.