സിറിയയുടെ ഒ.ഐ.സി അംഗത്വം മരവിപ്പിച്ചു

മക്ക: അന്താരാഷ്ട്രസമൂഹത്തിൻെറയും അറബ് മുസ്ലിം കൂട്ടായ്മയുടെയും സമാധാനശ്രമങ്ങൾ കാറ്റിൽ പറത്തി സ്വന്തം ജനതയെ നിഷ്ഠുരമായി അടിച്ചമ൪ത്തുന്ന ബശ്ശാ൪  അൽഅസദിനെ ഒറ്റപ്പെടുത്തുന്നതിന് സിറിയയുടെ അംഗത്വം മരവിപ്പിക്കാൻ ഒ.ഐ.സിയുടെ മക്ക ഉച്ചകോടി തീരുമാനിച്ചു. മ്യാന്മറിലെ റോഹിങ്ക്യൻ വംശഹത്യക്കെതിരായി യു.എൻ ജനറൽ അസംബ്ളിയിൽ പ്രമേയം കൊണ്ടുവരാനും ഇസ്രായേലിൻെറ പുതിയ അധിനിവേശ തന്ത്രങ്ങൾക്കെതിരെ സത്വരനടപടികൾ സ്വീകരിക്കാനും ഉച്ചകോടിയിൽ തീരുമാനമായി. മക്കയിലെ സഫാപാലസിൽ രണ്ടുനാൾ നീണ്ട നാലാമത് അസാധാരണ സമ്മേളനത്തിനൊടുവിൽ അംഗീകരിച്ച മക്ക പ്രഖ്യാപനത്തിലാണ് പശ്ചിമേഷ്യയിൽ ഏറെ രാഷ്ട്രീയ പ്രത്യാഘാതങ്ങളുളവാക്കുന്ന തീരുമാനങ്ങൾ പുറത്തുവിട്ടത്. ഒ.ഐ.സി സെക്രട്ടറി ജനറൽ ഇക്മാലുദ്ദീൻ ഇഹ്സാനോഗ്ലു മക്കാപ്രഖ്യാപനം വാ൪ത്താലേഖക൪ക്കു മുമ്പിൽ വിശദീകരിച്ചു. ബോംബ൪വിമാനങ്ങളും ടാങ്കും മിസൈലുമായി സ്വന്തം ജനതയെ വകവരുത്തുന്ന സ്വേച്ഛാഭരണത്തെ പൊറുപ്പിക്കാൻ ഇനിയും ലോകത്തിനു കഴിയില്ല. സിറിയൻ പ്രതിസന്ധി സമാധാനപൂ൪വം പരിഹരിക്കുന്നതിനു മുസ്ലിം രാഷ്ട്രങ്ങളുടെ മുൻകൈയിൽ നടന്ന നീക്കങ്ങളെയെല്ലാം ബശ്ശാ൪ അവഗണിക്കുകയായിരുന്നുവെന്ന് പ്രഖ്യാപനം കുറ്റപ്പെടുത്തി.
യു.എൻ പ്രമേയത്തിൻെറ അടിസ്ഥാനത്തിൽ 1967 മുതൽ കൈയടക്കിയ പ്രദേശങ്ങളിൽനിന്ന് പിന്മാറാൻ ഇസ്രായേലിനെ പ്രേരിപ്പിക്കുക, ഫലസ്തീനിൽ ഖുദ്സിനെ വിമോചിപ്പിക്കാൻ ശ്രമിക്കുക, അംഗരാഷ്ട്രങ്ങൾക്കിടയിൽ അനൈക്യവും ശൈഥില്യവും ഒഴിവാക്കി പരസ്പര ഐക്യത്തിൻെറയും സഹകരണത്തിൻെറയും വഴികൾ തുറന്നിടുക, കൂടിയാലോചനയിലൂടെ നീതിയിലധിഷ്ഠിതമായ ഭരണക്രമം കെട്ടിപ്പടുക്കുക, ഭരണകൂടങ്ങൾ വിവേകപൂ൪വം രാഷ്ട്രത്തിനും സമൂഹത്തിനും ഏറ്റവും ഗുണകരമായ വികസനപദ്ധതികൾ ആവിഷ്കരിക്കുക, ജനതയുടെ ക൪മശേഷിയും സവിശേഷസിദ്ധികളും സമുദായസമുദ്ധാരണത്തിനായി പ്രയോജനപ്പെടുത്തുക, ജാതി, വ൪ഗ, വ൪ണ പക്ഷപാതിത്വങ്ങളുടെയും മദ്ഹബ്പരമായ സംഘ൪ഷങ്ങളുടെയും ബാധയിൽനിന്ന് മുസ്ലിം സമൂഹത്തെ രക്ഷിക്കുക, സഹകരണവും സാഹോദര്യവും പരിരക്ഷിക്കുന്നതിൽ മാധ്യമങ്ങൾ തങ്ങളുടെ ബാധ്യത നിറവേറ്റുക തുടങ്ങിയ ക്രിയാത്മകമായ ഒട്ടേറെ നി൪ദേശങ്ങൾ ഉച്ചകോടി അംഗരാഷ്ട്രങ്ങളുടെ സജീവപരിഗണനക്കായി സമ൪പ്പിച്ചിട്ടുണ്ട്.  അംഗരാഷ്ട്രങ്ങൾക്ക് ഒ.ഐ.സി പ്രത്യേകം ക൪മപദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുമെന്ന് ഇഹ്സാനോഗ്ലു പറഞ്ഞു. മുസ്ലിം ലോകത്തിൻെറ ഐക്യത്തിനും സഹകരണാടിസ്ഥാനത്തിലുള്ള പുരോഗതിക്കും വള൪ച്ചക്കും പദ്ധതികൾ ആവിഷ്കരിക്കാനും സമ്മേളനം തീരുമാനിച്ചു. രാഷ്ട്രീയവത്കൃത മദ്ഹബ് പക്ഷപാതിത്വങ്ങളും ചേരിതിരിവും അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് റിയാദിൽ സംവാദകേന്ദ്രം സ്ഥാപിക്കാനുള്ള തീരുമാനം ഉച്ചകോടിയുടെ നാഴികക്കല്ലായി വിശേഷിപ്പിക്കപ്പെടുന്നു. സിറിയയിലെ നിലവിലെ പ്രതിസന്ധിക്ക് സുന്നി-ശിയാ ഭിന്നത കൂടി ആക്കം കൂട്ടുന്നതായ നിരീക്ഷണങ്ങൾക്കിടെ, ഈ തീരുമാനത്തിന് ഏറെ രാഷ്ട്രീയപ്രാധാന്യമുള്ളതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.