ന്യൂദൽഹി: അസം കലാപത്തിൽ ബോഡോ കലാപകാരികൾക്ക് പിന്തുണ നൽകിയ ബി.ജെ.പി വടക്കുകിഴക്കൻ സംസ്ഥാനക്കാരായ വിദ്യാ൪ഥികൾക്കു നേരെ ആക്രമണത്തിന് പദ്ധതിയുണ്ടെന്ന ഊഹാപോഹവും ഏറ്റുപിടിച്ചു. ഇന്ത്യക്കാരും വിദേശികളും തമ്മിലുള്ള പ്രശ്നമാണിതെന്നും വോട്ടുബാങ്ക് രാഷ്ട്രീയത്തിന് അറുതി വരുത്തി ദേശവിരുദ്ധ ശക്തികൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ബി.ജെ.പി അഖിലേന്ത്യാ പ്രസിഡൻറ് നിതിൻ ഗഡ്കരി ആവശ്യപ്പെട്ടു.
ആ൪.എസ്.എസ് മുഖപത്രമായ കേസരിയുടെ മുൻ എഡിറ്ററും രാജ്യസഭാ എം.പിയുമായ തരുൺവിജയ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള 20ഓളം വിദ്യാ൪ഥികളുമായി പാ൪ലമെൻറ് വളപ്പിനകത്തെ ഗാന്ധി പ്രതിമക്ക് മുന്നിൽ ധ൪ണ നടത്താൻ ശ്രമിച്ചെങ്കിലും സുരക്ഷാവിഭാഗം തടഞ്ഞു. കൊക്രജറിലും പുണെയിലും ബംഗളൂരുവിലും താലിബാനികൾ വടക്കു കിഴക്കൻ സംസ്ഥാനക്കാ൪ക്കെതിരെ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെടുന്ന ബാന൪പിടിച്ചുകൊണ്ടായിരുന്നു തരുൺ വിജയിയും വിദ്യാ൪ഥികളുമെത്തിയത്. പാ൪ലമെൻറിൽ പ്രവേശിക്കാൻ തരുൺ വിജയ് തന്നെയാണ് ഇവ൪ക്ക് പാസ് തരപ്പെടുത്തിക്കൊടുത്തത്. എം.പിമാ൪ക്കല്ലാത്തവ൪ക്ക് ധ൪ണ നടത്താൻ അവകാശമില്ലാത്ത ഗാന്ധിപ്രതിമയുടെ മുന്നിലേക്ക് തരുണിനോടൊപ്പം വന്ന വിദ്യാ൪ഥികളെ സുരക്ഷാ വിഭാഗം തടഞ്ഞ് തിരിച്ചയച്ചു. ഇതേ തുട൪ന്ന് രോഷാകുലനായി മാധ്യമങ്ങളോട് സംസാരിച്ച തരുൺ വിജയ് കൊക്രജറിൽ കലാപമുണ്ടാക്കിയ താലിബാനിസ്റ്റ് മുസ്ലിംകൾ രാജ്യത്തിൻെറ എല്ലാ ഭാഗത്തും കുഴപ്പമുണ്ടാക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണെന്നും രാജ്യം വിദേശികളുടെതാക്കാനാണ് ശ്രമമെന്നും ആരോപിച്ചു.
പിന്നീട് വിദ്യാ൪ഥികളുമായി പാ൪ലമെൻറിനകത്തേക്ക് പോയ തരുൺ സുഷമ സ്വരാജ്, അരുൺ ജെയ്റ്റ്ലി എന്നിവരുമായി കൂടിക്കാഴ്ചക്ക് അവസരമൊരുക്കി.
കൊക്രജറിലെ കലാപത്തിനു ശേഷം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിദ്യാ൪ഥികൾ ആക്രമണ ലക്ഷ്യമായി മാറിയിരിക്കുകയാണെന്ന് സുഷമ സ്വരാജ് പറഞ്ഞു. വിലാസ്റാവു ദേശ്മുഖിൻെറ നിര്യാണത്തെ തുട൪ന്ന് പാ൪ലമെൻറിൻെറ ഇരുസഭകളും പിരിഞ്ഞില്ലായിരുന്നെങ്കിൽ വടക്കുകിഴക്കൻ വിദ്യാ൪ഥികൾക്കുണ്ടായ ഭീതി ഉന്നയിക്കുമായിരുന്നു. ക൪ണാടക ആഭ്യന്തര മന്ത്രിയോട് പ്രധാനമന്ത്രി സംസാരിച്ചെങ്കിലും മഹാരാഷ്ട്രയിലെയും ആന്ധ്രയിലെയും ആഭ്യന്തരമന്ത്രിമാരോട് സംസാരിച്ചിട്ടില്ലെന്ന് സുഷമ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.