യു.ഡി.എഫ് ആഹ്ലാദ പ്രകടനത്തിനിടെ സി.പി.എം ആക്രമണം; സ്ഥാനാർഥികൾക്കും ഏജന്‍റിനും പരിക്ക്

കാഞ്ഞിരപ്പള്ളി (കോട്ടയം): തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് യു.ഡി.എഫ് നടത്തിയ പ്രകടനത്തിന് നേരെ സി.പി.എം പ്രവർത്തകരുടെ ആക്രമണം. കോട്ടയം കാഞ്ഞിരപ്പള്ളിയിലാണ് സംഭവം.

കോൺഗ്രസ് നേതാവും യു.ഡി.എഫ് കൗണ്ടിങ് ഏജന്‍റുമായ ടി.എസ്. നിസു, എട്ടാം വാർഡ് മെമ്പർ സുനിൽ തേനംമാക്കൽ, പത്താം വാർഡ് മെമ്പർ സുറുമി കെ.എ (സുറുമി ടീച്ചർ) എന്നിവർക്ക് ആക്രമണത്തിൽ പരിക്കേറ്റു. നിസുവിന്‍റെ നെറ്റിക്കാണ് ഗുരുതര പരിക്കേറ്റത്. പരിക്കേറ്റവരുടെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


വിജയാഹ്ലാദ പ്രകടനം നടക്കവെ കാഞ്ഞിരപ്പള്ളി കെ.എം.എ ഹാൾ ജങ്ഷന് സമീപമായിരുന്നു സംഘർഷം. സംഘം ചേർന്നെത്തിയ സി.പി.എം പ്രവർത്തകർ പ്രകടനത്തിനിടയിൽ കടന്നുകയറി മരക്കഷണം ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിൽ മികച്ച തിരിച്ചുവരവാണ് കോൺഗ്രസ് നേതൃത്വത്തിൽ യു.ഡി.എഫ് നടത്തിയത്. 24 സീറ്റിൽ 13 സീറ്റുകളിൽ യു.ഡി.എഫ് വിജയിച്ചിരുന്നു. ഇടത് സിറ്റിങ് സീറ്റായ കാഞ്ഞിരപ്പള്ളി പേട്ട വാർഡിൽ സി.പി.എം സ്ഥാനാർഥി ബി.ആർ. അന്‍ഷാദിനെയാണ് കോൺഗ്രസിന്‍റെ അഡ്വ. സുനിൽ തേനംമാക്കൽ നൂറോളം വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയത്.

പൂതക്കുഴി വാർഡിൽ യു.ഡി.എഫ് സ്വതന്ത്ര സുറുമി കെ.എ (സുറുമി ടീച്ചർ)  150ലധികം വോട്ടിന് വിജയിച്ചു. യു.ഡി.എഫിന്‍റെ സിറ്റിങ് സീറ്റിലാണ് സുറുമി ടീച്ചർ എൽ.ഡി.എഫ് സ്വതന്ത്രയെ പരാജയപ്പെടുത്തിയത്.

Tags:    
News Summary - CPM attack during UDF's victory celebration in Kanjirappally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.