കോട്ടയം: മുന്നണികളുടെ പ്രതീക്ഷകൾ തകർത്തെറിഞ്ഞ് കോട്ടയം ജില്ലയിൽ യു.ഡി.എഫിന്‍റെ കൊടുങ്കാറ്റ്. കോൺഗ്രസ് നേതൃത്വത്തെപോലും അമ്പരപ്പിക്കുന്ന വിജയമാണ് മുന്നണിക്ക് ജില്ലയിൽ ഉണ്ടായത്. കേരള കോൺഗ്രസ് എമ്മുമായി ചേർന്ന് ജില്ലാഭരണം നിലനിർത്താമെന്ന് പ്രതീക്ഷിച്ച എൽ.ഡി.എഫിന് കനത്തപ്രഹരവുമായി തെരഞ്ഞെടുപ്പ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വിജയിച്ച ജില്ലാപഞ്ചായത്തുകളിലും ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലും വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് യു.ഡി.എഫ് അധികാരത്തിലേക്ക് എത്തുന്നത്. 23 ജില്ലാപഞ്ചായത്ത് ഡിവിഷനുകളിൽ 16ലും 11 ബ്ലോക്കുകളിൽ ഒമ്പതിലും 71 ഗ്രാമപഞ്ചായത്ത് ഡിവിഷനുകളിൽ 44 ലും വിജയിച്ചാണ് യു.ഡി.എഫ് ‘കൈ’ ഉയർത്തിയത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വളരെ കുറഞ്ഞ ഭൂരിപക്ഷത്തിന് യു.ഡി.എഫ് ഭരണം നടത്തിയിരുന്ന മുനിസിപ്പാലിറ്റികളിൽ ഇക്കുറി വ്യക്തമായ ഭൂരിപക്ഷം നേടാനും അവർക്ക് കഴിഞ്ഞു. ഈരാറ്റുപേട്ട, ഏറ്റുമാനൂർ, വൈക്കം, ചങ്ങനാശ്ശേരി, കോട്ടയം മുനിസിപ്പാലിറ്റികളിൽ ത്രസിപ്പിക്കുന്ന വിജയം നേടാനും അവർക്ക് സാധിച്ചു. കേരള കോൺഗ്രസ് എമ്മിന്‍റെ ശക്തി കേന്ദ്രങ്ങളിലുൾപ്പെടെ വ്യക്തമായ ആധിപത്യമാണ് ഈ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് കൈവരിക്കാനായത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗവും ജില്ലയിൽ ശക്തി തെളിയിച്ചു.
മന്ത്രി വി.എൻ. വാസവന്‍റെ തട്ടകത്തിലുൾപ്പെടെ യു.ഡി.എഫ് മേൽക്കൈ നേടി. ചങ്ങനാശ്ശേരി, കോട്ടയം, ഏറ്റുമാനൂർ, കടുത്തുരുത്തി, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, പാലാ നിയോജക മണ്ഡലങ്ങളിലെല്ലാം വ്യക്തമായ മുന്നേറ്റമാണ് യു.ഡി.എഫ് നേടിയത്. ബി.ജെ.പിക്ക് രണ്ട് ഗ്രാമപഞ്ചായത്തുകളിൽ ഭരണം നഷ്ടപ്പെട്ടെങ്കിലും പൂഞ്ഞാർ തെക്കേക്കര, കിടങ്ങൂർ, അയ്മനം എന്നിവിടങ്ങളിൽ വിജയം നേടി. കോട്ടയം മുനിസിപ്പാലിറ്റിയിൽ രണ്ട് സീറ്റുകൾ കുറഞ്ഞെങ്കിലും ഏറ്റുമാനൂർ, ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റികളിലും ശക്തമായ പോരാട്ടം നടത്തി. വെൽഫെയർപാർട്ടി, എസ്.ഡി.പി.ഐ തുടങ്ങിയവരും ജില്ലയിലെ ചിലയിടങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.