ഹൂസ്റ്റൺ: 66ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തിളക്കം കൂട്ടാൻ രാജ്യത്തിന് ബഹിരാകാശത്തുനിന്നൊരു സ്വാതന്ത്ര്യദിനാശംസ. ഇന്ത്യൻ-അമേരിക്കൻ ബഹിരാകാശയാത്രിക സുനിത വില്യംസാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഇന്ത്യയുടെ ത്രിവ൪ണ പതാക വീശി രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും സ്വാതന്ത്ര്യദിനാശംസ നേ൪ന്നത്.
ഈ ദിനത്തിൽ ഇന്ത്യക്ക് ഞാൻ സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു. ഇന്ത്യ മനോഹരമായ ഒരു രാജ്യമാണ്. ഇന്ത്യയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. എല്ലാവ൪ക്കും അറിയാവുന്നതു പോലെ ഞാനൊരു പാതി ഇന്ത്യക്കാരിയാണ്. എൻെറ പിതാവ് ഗുജറാത്ത് സ്വദേശിയാണ്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ സംസ്കാരവും ആചാരങ്ങളുമെല്ലാം എനിക്ക് പരിചിതമാണ്. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞതിലും ഞാൻ അഭിമാനിക്കുന്നു -ബഹിരാകാശത്തുവെച്ച് ചിത്രീകരിച്ച സന്ദേശത്തിൽ സുനിത പറഞ്ഞു.
കഴിഞ്ഞ ജൂലൈ 15നാണ് റഷ്യൻ ബഹിരാകാശപേടകമായ സോയൂസിൽ കസഖ്സ്താനിലെ ബായ്കൊനൂ൪ കോസ്മോഡ്രോമിൽനിന്ന് 46കാരിയായ സുനിത യാത്ര തിരിച്ചത്. റഷ്യക്കാരനായ യൂറി മെലാൻഷെങ്കൊ, ജപ്പാൻെറ അകിഹികൊ ഹൊഷിഡെ എന്നിവ൪ സുനിതക്കൊപ്പമുണ്ട്. ഏറ്റവും കൂടുതൽ കാലം (195 ദിവസം) ബഹിരാകാശത്ത് തങ്ങിയ വനിതയെന്ന റെക്കോ൪ഡുള്ള സുനിത വില്യംസ് ഇപ്പോൾ ദൗത്യത്തിൻെറ കമാൻഡറാണ്. ബഹിരാകാശ ഗവേഷണ രംഗത്ത് ഒട്ടേറെ റെക്കോഡുകൾ സ്ഥാപിച്ചിട്ടുള്ള സുനിത ഇപ്പോൾ മറ്റൊരു ചരിത്രം കൂടി കുറിച്ചിരിക്കുന്നു: 65 വ൪ഷത്തിനിടെ ഇന്ത്യക്ക് ബഹിരാകാശത്തുനിന്നും ആദ്യമായി സ്വാതന്ത്ര്യദിനാശംസ നേ൪ന്ന വ്യക്തി!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.