വീരോചിതം വരവേല്‍പ്

ന്യൂദൽഹി: ലണ്ടൻ ഒളിമ്പിക്സിൽ മെഡൽ തിളക്കത്തിൻെറ അഭിമാനത്തിലേറിയ കായിക താരങ്ങൾക്ക് തലസ്ഥാന നഗരിയിൽ ഊഷ്മള വരവേൽപ്. ലണ്ടനിൽനിന്ന് മെഡലുമായി മടങ്ങിയെത്തിയ സുശീൽ കുമാ൪, യോഗേശ്വ൪ ദത്ത്, എം.സി. മേരികോം എന്നിവരെ സ്വീകരിക്കാൻ ഇന്ദിരഗാന്ധി ഇൻറ൪നാഷനൽ എയ൪പോ൪ട്ടിൽ നൂറുകണക്കിന് ആരാധകരെത്തിയിരുന്നു.
കഴിഞ്ഞദിവസം രാത്രി ദൽഹിയിൽ വിമാനമിറങ്ങിയ സുശീൽ കുമാറിനെയും യോഗേശ്വറിനെയും സ്വീകരിക്കാൻ ആരാധക൪ക്കു പുറമെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെത്തിയിരുന്നു. സ്പോ൪ട്സ് അതോറിറ്റി ഓഫ് ഇന്ത്യ അധികൃതരും താരങ്ങളെ സ്വീകരിക്കാനെത്തി. പുഷ്പചക്രവും ബൊക്കെകളും മധുരപലഹാരങ്ങളുമൊക്കെയായി എയ൪പോ൪ട്ടിലെത്തിയ ആരാധക൪ ഡ്രമ്മിൻെറ താളത്തിനൊത്ത് നൃത്തംചെയ്യുന്നുണ്ടായിരുന്നു. മൂന്നാം ടെ൪മിനലിനു പുറത്ത് തമ്പടിച്ച ഇവ൪ താരങ്ങളുടെ വരവോടെ ആവേശത്തിമി൪പ്പിലാണ്ടു. താരങ്ങളുടെ അടുത്തേക്ക് കുതിച്ച ആരാധകരെ തടയാൻ പൊലീസ് ഉയ൪ത്തിയ ബാരിക്കേഡിന് ഈ ആവേശത്തെ തടഞ്ഞുനി൪ത്താനായില്ല.  സുശീലിനെയും യോഗേശ്വറിനെയും ചുമലിലേറ്റിയായിരുന്നു പിന്നീട് അവരുടെ ആഘോഷം. അത്യുച്ചത്തിൽ മുദ്രാവാക്യം വിളികളുമായി ആരാധക൪ അരങ്ങു കൊഴുപ്പിച്ചു. സുശീൽ പിന്നീട് തുറന്ന ട്രക്കിൽ നാടിലേക്ക് യാത്രയായി. യോഗേശ്വറിൻെറ  വീട്ടിലേക്കുള്ള  യാത്ര കാറിലായിരുന്നു. കൈകൾ വീശി ആരാധകരെ അഭിവാദ്യം ചെയ്ത് മടങ്ങുമ്പോൾ ഈ സ്വീകരണത്തിൽ അതിയായ സന്തോഷവാനാണ് താനെന്ന് പറയാൻ യോഗേശ്വ൪ മറന്നില്ല.

നൃത്തച്ചുവടുമായി മേരി കോം

ഒളിമ്പിക്സിൽ നടാടെ അരങ്ങേറിയ വനിതാ ബോക്സിങ്ങിൽ വെങ്കല മെഡൽ നേടിയ മേരി കോം ഭ൪ത്താവ് ഓൺലേ൪ കോം, മാതാവ് മാങ്തേ അഖാം കോം എന്നിവ൪ക്കൊപ്പമാണ് തിരിച്ചെത്തിയത്. മേരി കോമിനെ സ്വീകരിക്കാൻ കേന്ദ്ര പട്ടികവ൪ഗക്ഷേമ മന്ത്രാലയം പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചിരുന്നു.
ആരാധക൪ തിങ്ങിനിറഞ്ഞ ഹാളിൽ നടന്ന ചടങ്ങിനിടെ പരമ്പരാഗത മണിപ്പൂരി നൃത്തം അരങ്ങേറിയപ്പോൾ വേദിയിലെത്തി അതിൽ പങ്കാളിയാകാനും 29കാരി തയാറായി. മന്ത്രാലയം പത്തുലക്ഷം രൂപയുടെ ചെക്ക് ചടങ്ങിൽ പാരിതോഷികമായി താരത്തിന് കൈമാറി. ലണ്ടനിലെ അനുഭവങ്ങൾ വിശദീകരിക്കാൻ ക്ഷണിച്ചപ്പോൾ തനിക്ക് പേടിയാണെന്നായിരുന്നു മേരിയുടെ ആദ്യ മറുപടി. ‘ദൈവത്തിനും ട്രൈബൽ അഫയേഴ്സ് മന്ത്രാലയത്തിനും നന്ദി. എനിക്ക് പ്രസംഗിക്കാൻ അറിയില്ല. അതുകൊണ്ടുതന്നെ എന്താണ് പറയേണ്ടതെന്നറിയില്ല. പക്ഷേ, ജീവിതത്തിലെ എൻെറ അനുഭവങ്ങൾ എല്ലാവ൪ക്കും അറിയാം. രാജ്യം മുഴുവൻ എന്നെ പിന്തുണക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. അടുത്ത ഒളിമ്പിക്സിൽ സ്വ൪ണം നേടാനാകുമെന്നാണ് പ്രതീക്ഷ’- നിറഞ്ഞ സദസ്സിൻെറ കൈയടിക്കിടയിൽ മേരികോം പറഞ്ഞുതീ൪ത്തു.
പ്രസംഗത്തിനുശേഷം മേരി കോമിൻെറ അടുക്കലെത്തിയ  ആരാധക൪ അവരെ പുഷ്പഹാരമണിയിക്കാനും ഹസ്തദാനം ചെയ്യാനും ഒപ്പംനിന്ന് ഫോട്ടോയെടുക്കാനും തിരക്കുകൂട്ടുന്നത് കാണാമായിരുന്നു. നൃത്തപരിപാടികൾ നടക്കുമ്പോൾ സദസ്സിലേക്ക് മാറിയിരുന്ന മേരിയെ ന൪ത്തക൪ സ്നേഹപൂ൪വം ക്ഷണിച്ചപ്പോൾ അവ൪ ചുവടുവെക്കാൻ തയാറായി. കോം വ൪ഗക്കാരുടെ പരമ്പരാഗത നൃത്തച്ചുവടുമായി മേരി മിടുക്കുകാട്ടിയപ്പോൾ സദസ്സിലെ കരഘോഷത്തിന് കരുത്തുകൂടി. പിന്നീട് കൈൂപ്പി ആരാധക൪ക്ക് നന്ദി പറഞ്ഞാണ് മേരി കോം മടങ്ങിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.