റിയോ ഡെ ജനീറോ: ഒളിമ്പിക് പതാക 2016ലെ ആതിഥേയ നഗരമായ ബ്രസീലിലെ റിയോ ഡെ ജനീറോയിലെത്തി. ഞായറാഴ്ച രാത്രി ലണ്ടനിൽനടന്ന സമാപനച്ചടങ്ങിൽ ഇൻറ൪നാഷനൽ ഒളിമ്പിക് കമ്മിറ്റി പ്രസിഡൻറ് ജാക് റോഗിൽനിന്ന് റിയോ ഡെ ജനീറോ മേയ൪ എഡ്വേഡോ പയസ് ഏറ്റുവാങ്ങിയ പതാക അദ്ദേഹമടക്കം പ്രമുഖ വ്യക്തികളും അത്ലറ്റുകളും സഞ്ചരിച്ച വിമാനത്തിലാണ് കൊണ്ടുവന്നത്. ഒളിമ്പിക്സിനു മുമ്പെ 2014ൽ ലോകകപ്പ് ഫുട്ബാളും ബ്രസീലിൽ നടക്കുന്നുണ്ട്. ഒറ്റവാക്കിൽ പറഞ്ഞാൽ ഇനി കായികലോകത്തിൻെറ ഹൃദയം കുറെക്കാലത്തിന് ഈ ലാറ്റിനമേരിക്കൻ രാജ്യമായിരിക്കും.
പതാകയെത്തി എന്നത് പ്രത്യേക മാറ്റത്തിലേക്കുള്ള സൂചനയാണെന്ന് മേയ൪ അഭിപ്രായപ്പെട്ടു. റിയോ ഡെ ജനീറോ ഗവ൪ണ൪ സെ൪ജിയോ കാബ്രൽ, 2016 ഒളിമ്പിക്സിൻെറ സംഘാടക സമിതി തലവൻ കാ൪ലോസ് ആ൪ത൪ നുസ്മാൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. അത്ലറ്റുകൾ പലരും മെഡൽ നേടി മികവ് കാണിച്ചവരാണ്. ലണ്ടനിൽ മൂന്ന് സ്വ൪ണവും അഞ്ചു വെള്ളിയും ഒമ്പത് വെങ്കലവുമായി 17 മെഡലാണ് ബ്രസീലുകാ൪ നേടിയത്.
21ാം നൂറ്റാണ്ടിൽ സാമ്പത്തിക രംഗത്ത് വൻ കുതിച്ചുചാട്ടം നടത്തിയ രാജ്യമാണ് ബ്രസീൽ. ബ്രിട്ടനെ മറികടന്ന് ഏറ്റവും വലിയ ആറാമത്തെ സാമ്പത്തിക ശക്തിയായി മാറിയ ഈ രാഷ്ട്രത്തിന് തങ്ങളുടെ മികവ് ലോകത്തിന് കാട്ടിക്കൊടുക്കാൻ കിട്ടിയ സുവ൪ണാവസരമാണ് ലോകകപ്പും ഒളിമ്പിക്സും. ഇതിനുള്ള തയാറെടുപ്പുകൾക്ക് ആക്കംകൂട്ടുകയാണ് അവ൪. വേദികളടക്കം 2015-16ൽ ചെയ്തുതീ൪ക്കാൻ 230ലേറെ പദ്ധതികളാണ് ഒളിമ്പിക്സിന് ആവിഷ്കരിച്ചിട്ടുള്ളത്. റിയോ ഡെ ജനീറോ അടക്കം 12 നഗരങ്ങളിലാണ് ഫുട്ബാൾ ലോകകപ്പ് മത്സരങ്ങൾ നടക്കുക.
ബ്രസീലിൻെറ തലസ്ഥാനം ബ്രസീലിയയാണെങ്കിലും വികസനക്കുതിപ്പിൽ റിയോ ആണ് ഒന്നാമത്. 1960വരെ റിയോ ആയിരുന്നു തലസ്ഥാനം. യൂറോപ്യൻ ഭാഷയായ പോ൪ചുഗീസ് സംസാരിക്കുന്നവരാണ് ബ്രസീലുകാ൪. കുറെക്കാലം രാജ്യം അടക്കിഭരിച്ച പോ൪ചുഗീസുകാരാണ് റിയോ ഡെ ജനീറോ എന്ന പേരിട്ടത്. ജനുവരിയുടെ നദി എന്ന൪ഥം. 1502 ജനുവരിയിൽ ഗ്വാൻബറ ഉൾക്കടൽ വഴി ഇവിടെയെത്തിയ അധിനിവേശകരാണ് ഈ പേരിടലിനു പിന്നിലത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.