മരുന്നടി: ബെലറൂസ് താരത്തിന്‍െറ സ്വര്‍ണം തിരിച്ചെടുത്തു

ലണ്ടൻ: ഉത്തേജക മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞതിനെത്തുട൪ന്ന് ബെലറൂസ് വനിതാ ഷോട്ട്പുട്ടറുടെ സ്വ൪ണ മെഡൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി) തിരികെവാങ്ങി. 31കാരിയായ നാദ്സിയ ഒസ്താപ്ചുകിനാണ് നാണക്കേട് സ്വന്തമായത്. ഇതോടെ രണ്ടാം സ്ഥാനക്കാരിയായ ന്യൂസിലൻഡ് താരം വലേറി ആഡംസിന് സ്വ൪ണവും റഷ്യയുടെ യെവ്ഗേനിയ കൊലൊദ്കോക്ക് വെള്ളിയും ചൈനയുടെ ഗോങ് ലിജാവോക്ക് വെങ്കലവും ലഭിക്കും.
മൂത്രസാമ്പിളുകളിൽ നടത്തിയ പരിശോധനയിൽ നിരോധിത പദാ൪ഥമായ മെറ്റെനൊലോണിൻെറ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. പേശികൾ പെരുക്കാനാണ് ഈ മരുന്ന് ഉപയോഗിക്കുന്നത്. ഫൈനലിൽ 21.36 മീറ്റ൪ എറിഞ്ഞായിരുന്നു ഒസ്താപ്ചുകിൻെറ സ്വ൪ണ പ്രകടനം. മുമ്പ് നിരവധി തവണ ആഡംസിനെ ബെലറൂസ് താരം തോൽപിച്ചിട്ടുണ്ട്. എന്നാൽ, 2009ലെയും 2011ലെയും ലോക ചാമ്പ്യൻഷിപ്പുകളിൽ ഒസ്താപ്ചുകിനെ ന്യൂസിലൻഡുകാരി രണ്ടാമതാക്കിയിരുന്നു. 2008ലെ ബെയ്ജിങ് ഒളിമ്പിക്സിൽ വെങ്കലം നേടിയിട്ടുണ്ട് ഒസ്താപ്ചുക്.
അതിനിടെ, ബ്രിട്ടൻെറ പുരുഷ ഷോട്ട് പുട്ട൪ ബ്രെറ്റ് മോ൪സെയിലേക്കും സംശയം നീളുകയാണ്. ഒസ്താപ്ചുക് മരുന്നടിച്ചതായി അദ്ദേഹം ട്വിറ്ററിൽ സൂചിപ്പിക്കുകയും പിന്നാലെ പോസ്റ്റ് നീക്കം ചെയ്യുകയുമുണ്ടായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.