ഒളിമ്പിക്സില്‍ ഇന്ത്യക്ക് ചരിത്രനേട്ടം

ലണ്ടൻ: എൺപത്തിയൊന്നംഗ ജമ്പോ സംഘവുമായി ലണ്ടനിൽ വിമാനമിറങ്ങിയ ഇന്ത്യയുടെ മടക്കം ചരിത്രത്തിലെ ഏറ്റവും മികച്ച ഒളിമ്പിക്സ് മെഡൽ നേട്ടവുമായി. സ്വ൪ണത്തിളക്കമില്ലെങ്കിലും രണ്ട് വെള്ളിയും നാല് വെങ്കലവുമായി ആറ് മെഡൽ നേട്ടത്തോടെയാണ് ഇന്ത്യയുടെ മടക്കം. 1900ത്തിലെ നോ൪മൻ പ്രിച്ചാ൪ഡിൻെറ പങ്കാളിത്തത്തോടെ ആരംഭിച്ച ഇന്ത്യയുടെ ഒളിമ്പിക്സ സാന്നിധ്യത്തിൻെറ ഒരു നൂറ്റാണ്ടും പിന്നിട്ട കാലയളവിനൊടുവിലെ ഏറ്റവും മികച്ച നേട്ടമാണ് ഇക്കുറി ലണ്ടൻ ഒളിമ്പിക്സിൽ കണ്ടത്. ബെയ്ജിങ്ങിൽ അഭിനവ് ബിന്ദ്രയിലൂടെ സ്വന്തമാക്കിയ സ്വ൪ണത്തിൻെറ ലണ്ടൻ പതിപ്പ് പിറന്നില്ലെങ്കിലും കായിക രംഗത്തേക്ക് പതുക്കെയെങ്കിലും കുതിക്കുന്ന ഇന്ത്യയുടെ ചിത്രം ഇക്കുറി പിറന്നു. സുശീൽ കുമാ൪ (ഗുസ്തി), വിജയ് കുമാ൪ (ഷൂട്ടിങ്) എന്നിവരുടെ വെള്ളിമെഡലിനൊപ്പം ഗഗൻ നാരംഗ് (ഷൂട്ടിങ്), സൈന നെഹ്വാൾ (ബാഡ്മിൻറൺ), മേരികോം (ബോക്സിങ്), യോഗേശ്വ൪ ദത്ത് (ഗുസ്തി) എന്നിവരാണ് ഇന്ത്യയുടെ മെഡൽ ജേതാക്കൾ.
മുൻ കാലങ്ങളേക്കാൾ കേന്ദ്ര കായിക മന്ത്രാലയവും ഒളിമ്പിക് കമ്മിറ്റിയും വിവിധ ഫെഡറേഷനുകളും ഉണ൪ന്നു രംഗത്തിറങ്ങിയതിൻെറ നേട്ടം കൂടിയായി ഈ നേട്ടങ്ങളെ വിലയിരുത്താം. താരങ്ങൾക്ക്  വിദേശ പരിശീലനം നേടാൻ അവസരമൊരുക്കിയും ആവശ്യമായ സഹായങ്ങൾ ഒരുക്കിയും ഒളിമ്പിക് മെഡൽ വേട്ടയെന്ന ലക്ഷ്യവുമായി ഇന്ത്യ സജീവമായി രംഗത്തിറങ്ങി. സ്വന്തം നാട്ടിൽ ആതിഥ്യമൊരുക്കിയ കോമൺവെൽത്ത് ഗെയിംസിലെ ചരിത്രനേട്ടമായിരുന്നു ഇതിനു ആവേശം നൽകിയത്. 38 സ്വ൪ണവുമായി 101 മെഡലോടെ ആസ്ട്രേലിയക്കു പിന്നിൽ രണ്ടാമതെത്തിയ ഇന്ത്യ ഇംഗ്ളണ്ടിനെ പിന്തള്ളിയാണ് ചരിത്ര നേട്ടം കുറിച്ചത്. ലണ്ടനിൽ പതിവ് മെഡൽ സാധ്യതാ ഇനങ്ങളായ ഷൂട്ടിങ്, ബോക്സിങ്, ഗുസ്തി, ബാഡ്മിൻറൺ എന്നിവക്കു പുറമെ ട്രാക്കിലും ഫീൽഡിലും ആദ്യമായി ഇന്ത്യക്ക് ശക്തമായ മെഡൽ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, ഡിസ്കസ് ത്രോയിൽ കൃഷ്ണ പൂനിയ, വികാസ് ഗൗഡ, 800 മീറ്ററിൽ ടിൻറു ലൂക്ക, 20 കി.മീ നടത്തത്തിൽ കെ.ടി. ഇ൪ഫാൻ എന്നിവ൪ ശ്രദ്ധേയ പ്രകടനങ്ങളിലൂടെ ഇന്ത്യൻ സാന്നിധ്യം ഒളിമ്പിക്സ് സ്റ്റേഡിയത്തെ അറിയിച്ചു.
ഷൂട്ടിങ് 10മീ. എയ൪ റൈഫിളിൽ അഭിനവ് ബിന്ദ്ര നിരാശയായപ്പോൾ ഗഗൻ നാരംഗ് വെങ്കല നേട്ടത്തോടെ രാജ്യത്തിൻെറ മാനം കാത്തു. 25 മീറ്റ൪ റാപിഡ് ഫയ൪ പിസ്റ്റളിൽ വിജയ് കുമാറിൻെറ വെള്ളി മെഡൽ നേട്ടമായിരുന്നു ഷൂട്ടിങ്ങിലെ മറ്റൊരു അപ്രതീക്ഷിത നേട്ടം. ബാഡ്മിൻറൺ കോ൪ട്ടിൽ പി. കശ്യപ് മികച്ച മുന്നേറ്റം നടത്തിയെങ്കിലും വനിതകളിലെ സൂപ്പ൪ താരം സൈന നെഹ്വാൾ തന്നെയായി ഇന്ത്യയുടെ മെഡൽ ജേത്രി. സിംഗ്ൾസ് വെങ്കല മത്സരത്തിൽ എതിരാളി പിന്മാറിയാണെങ്കിലും അ൪ഹിച്ച മെഡൽ തന്നെയായിരുന്നു സൈനയുടെ വെങ്കലം. ബോക്സിങ് റിങ്ങിൽ ബെയ്ജിങ്ങിലെ മെഡലിസ്റ്റ് വിജേന്ദ൪ കുമാ൪ നേരത്തെ പുറത്തായി. ഇതിനു പുറമെ റഫറിയിങ്ങിലെ പാളിച്ചകളും തിരിച്ചടിയായപ്പോൾ മേരികോം വനിതകളിൽ ഒരു വെങ്കലം സമ്മാനിച്ചു നാണക്കേടിൽനിന്ന് കാത്തു. ഗുസ്തിയിൽ സുശീലിൻെറ മെഡലിന് രാജ്യം കാത്തിരിക്കുന്നതിനിടെയാണ് യോഗേശ്വ൪ ദത്ത് വെങ്കലം സമ്മാനിച്ച് രാജ്യത്തിൻെറ മെഡൽ എണ്ണം വ൪ധിപ്പിച്ചത്. ഏറ്റവും ഒടുവിലായി സമാപന ദിനത്തിൽ സുശീൽ കുമാറിൻെറ വെങ്കലവും.
എട്ട് തവണ സ്വ൪ണം ചൂടിയ ഇന്ത്യൻ ഹോക്കി ഇക്കുറി അവസാന സ്ഥാനക്കാരായി പുറത്തായതും തമ്മിലടികാരണം ടെന്നിസ് കോ൪ട്ട് നിരാശപ്പെടുത്തിയതും നേട്ടങ്ങൾക്കിടയിലെ ദു$ഖങ്ങൾ.

ഒളിമ്പിക്സിൽ ഇന്ത്യ ഇതുവരെ

1900 പാരീസ് -2 വെള്ളി (നോ൪മൻ പ്രിച്ചാ൪ഡ്-200മീ ഹ൪ഡ്ൽ, 200മീ)
1928 ആംസ്റ്റ൪ഡാം -1 സ്വ൪ണം (ഹോക്കി)
1932 ലോസ് ആഞ്ജലൽസ് - 1 സ്വ൪ണം (ഹോക്കി)
1936 ബെ൪ലിൻ- 1 സ്വ൪ണം (ഹോക്കി)
1948 ലണ്ടൻ- 1 സ്വ൪ണം (ഹോക്കി)
1952 ഹെൽസിങ്കി -1സ്വ൪ണം (ഹോക്കി), 1 വെങ്കലം (ഗുസ്തി-കെ.ഡി യാദവ്)
1956 മെൽബൺ- 1 സ്വ൪ണം (ഹോക്കി)
1960 റോം -1 വെള്ളി (ഹോക്കി)
1964 ടോക്യോ- 1 സ്വ൪ണം (ഹോക്കി)
1968 മെക്സികോ സിറ്റി- 1 വെങ്കലം (ഹോക്കി)
1972 മ്യൂണിക് -1 വെങ്കലം (ഹോക്കി)
1980 മോസ്കോ- 1 സ്വ൪ണം (ഹോക്കി)
1996 അറ്റ്ലാൻറ -1 വെങ്കലം (ടെന്നിസ്-ലിയാണ്ട൪ പേസ്)
2000 സിഡ്നി - 1 വെങ്കലം (വെയ്റ്റ്ലിഫ്റ്റിങ്-ക൪ണം മലേശ്വരി)
2004 ആതൻസ്- 1 വെള്ളി (ഷൂട്ടിങ്- രാജ്യവ൪ധൻ സിങ് രാത്തോഡ്)
2008 ബെയ്ജിങ്- 1 സ്വ൪ണം (ഷൂട്ടിങ്-അഭിനവ് ബിന്ദ്ര) 2 വെങ്കലം (ഗുസ്തി-സുശീൽ കുമാ൪, ബോക്സിങ് -വിജേന്ദ൪ കുമാ൪)
2012 ലണ്ടൻ- വെള്ളി (സുശീൽ കുമാ൪ 66 കി.ഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തി, വിജയ് കുമാ൪ ഷൂട്ടിങ് 25 മീ. റാപിഡ് ഫയ൪ പിസ്റ്റൾ), വെങ്കലം (ഗഗൻ നാരംഗ് ഷൂട്ടിങ് 10 മീ. എയ൪ റൈഫിൾ, സൈന നെഹ്വാൾ ബാഡ്മിൻറൺ സിംഗ്ൾസ്, മേരി കോം 51 കി.ഗ്രാം ബോക്സിങ്, യോഗേശ്വ൪ ദത്ത് 60 കി.ഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തി)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.