കൽപറ്റ: ഭൂരഹിതരായ ആദിവാസികളെ പുനരധിവസിപ്പിക്കാനായി സുപ്രീം കോടതി അനുമതി ലഭിച്ച സംസ്ഥാനത്തെ 19,000 ഏക്ക൪ നിക്ഷിപ്ത വനഭൂമി നിയമവിരുദ്ധമായി വകമാറ്റുന്നതിനെതിരെ പ്രക്ഷോഭം നടത്തുമെന്ന് ആദിവാസി ഗോത്ര മഹാസഭ അധ്യക്ഷ സി.കെ. ജാനു, ഭൂപരിഷ്കരണ സമിതി കൺവീന൪ എം. ഗീതാനന്ദൻ എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
ആദിവാസി ഭൂമി കൈവശംവെക്കുന്ന കുടിയേറ്റക്കാ൪ക്ക് ഇത്തരം ഭൂമി പകരം നൽകാനാണ് മന്ത്രിസഭാ തീരുമാനം. ഇതുസംബന്ധിച്ച് ജൂൺ 26ന് സ൪ക്കാ൪ ഉത്തരവിറക്കിയിട്ടുണ്ട്. 2001ൽ എ.കെ. ആൻറണി സ൪ക്കാ൪ ആരംഭിച്ച ആദിവാസി പുനരധിവാസ പാക്കേജും ആദിവാസി കരാറും അട്ടിമറിക്കപ്പെടുമെന്ന് ഇതോടെ ഉറപ്പായി. വയനാട്ടിൽ വനഭൂമി കൈയേറി എന്ന കുറ്റത്തിന് ആദിവാസികളെ ജയിലിലടക്കുമ്പോഴാണ് ആദിവാസികളെ പുനരധിവസിപ്പിക്കാനായുള്ള നിക്ഷിപ്ത വനഭൂമി വകമാറ്റുന്നത്.
1950 മുതൽ ആദിവാസി ഭൂമി കൈയേറിയ കുടിയേറ്റക്കാരിൽനിന്ന് ഭൂമി തിരിച്ചുപിടിക്കാനോ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാനോ സംസ്ഥാന സ൪ക്കാ൪ ഇതുവരെ തയാറായിട്ടില്ല. കേന്ദ്ര സ൪ക്കാ൪ വിട്ടുനൽകുന്ന നിക്ഷിപ്ത വനഭൂമി ഭൂരഹിതരായ ആദിവാസികൾക്ക് പതിച്ചുനൽകാൻ വനംവകുപ്പിൽ ഒരു റീസെറ്റിൽമെൻറ് കമീഷണറെയും നിയമിച്ചിട്ടുണ്ട്. ഇതുവഴി ആദിവാസികൾക്ക് നൽകേണ്ട ഭൂമിയാണ് സ൪ക്കാ൪ വകമാറ്റുന്നത്. ഇത് സുപ്രീംകോടതിയെ കബളിപ്പിക്കലാണ്. വനംവകുപ്പും ഇതിനെ എതി൪ക്കുന്നുണ്ട്.
ആദിവാസി ഭൂമിയായ പ്രിയദ൪ശിനി എസ്റ്റേറ്റ് ശ്രീചിത്തിര മെഡിക്കൽ സെൻററിൻെറ ഗവേഷണ സ്ഥാപനത്തിന് കൈമാറാനും നീക്കമുണ്ട്.
ആദിവാസികൾക്ക് വനാവകാശമുള്ള ഭൂമി മറ്റ് ആവശ്യങ്ങൾക്ക് കൈമാറാൻ പാടില്ലെന്ന നിയമം നിലനിൽക്കുമ്പോഴാണ് സ൪ക്കാ൪ നടപടി. ഇതിനെതിരെ ആഗസ്റ്റ് 26ന് കൊച്ചിയിൽ സംസ്ഥാന ആദിവാസി പ്രക്ഷോഭ കൺവെൻഷൻ നടത്തും. വിവിധ ആദിവാസി സംഘടനകൾ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.