ലണ്ടൻ: കരുത്തും പോരാട്ട വീര്യവും മാറ്റുരച്ച പതിനേഴ് നാളുകൾക്ക് സമാപനം. ലോകം കാത്തിരുന്ന് ആഘോഷമാക്കിയ വിശ്വകായികമേളയുടെ ഉത്സവരാവുകൾക്ക് ഇന്ന് കൊടിയിറക്കം. 204 രാജ്യങ്ങളും 10,500 അത്ലറ്റുകളും ഒരേ ആവേശത്തോടെ മാറ്റുരച്ച കായികപോരാട്ടത്തിന് ഒളിമ്പിക്സ് സ്റ്റേഡിയത്തിലെ മറ്റൊരു വിസ്മയച്ചെപ്പിലൂടെ ലണ്ടൻ യാത്രയയപ്പ് നൽകും. നാലു വ൪ഷം മുമ്പ് ബെയ്ജിങ്ങിലെ കിളിക്കൂട്ടിൽ ലോകത്തെ മയക്കിയ ജാലവിദ്യയിലൂടെ ചൈനവെട്ടിപ്പിടിച്ച ചാമ്പ്യൻ പട്ടത്തിൽ വീണ്ടും അമേരിക്കൻ ആധിപത്യം. അവസാന ദിനത്തിലേക്ക് നീളവേ ട്രാക്കും ഫീൽഡും ഗെയിംസ് ഇനങ്ങളിലും വാഴ്ച പൂ൪ത്തിയാക്കിയ അമേരിക്ക മെഡൽ പട്ടികയിൽ ചൈനയെ പിന്തള്ളി ഒന്നാമന്മാരായി ഇരിപ്പുറപ്പിച്ചു. ശനിയാഴ്ച മത്സര ഇനങ്ങളുടെ പകുതി ദൂരം പിന്നിട്ടപ്പോൾ 41 സ്വ൪ണം, 26 വെള്ളി, 28 വെങ്കലം എന്നിങ്ങനെ 95 മെഡലുമായാണ് അമേരിക്ക ചാമ്പ്യൻ പട്ടം വീണ്ടെടുത്ത് മുന്നേറുന്നത്. 37 സ്വ൪ണം, 25 വെള്ളി, 20 വെങ്കലം എന്നിങ്ങനെ 82 മെഡലുമായാണ് ചൈന രണ്ടാം സ്ഥാനത്തുള്ളത്. ആതിഥേയരായ ബ്രിട്ടനും മുന്നേറ്റം നേടി. 26-15-18-59 മെഡലുമായാണ് ബ്രിട്ടൻ മൂന്നാം സ്ഥാനത്തേക്ക് മുന്നേറിയത്. 2008ൽ ചൈനയുടെ മെഡൽ നില 51-21-28-100ഉും അമേരിക്കയുടേത് 36-38-36-110 ഉം ആയിരുന്നു.
സംഗീത മഴയിൽ സമാപനം; സമാപന ചടങ്ങുകൾ തിങ്കളാഴ്ച പുല൪ച്ചെ 1.30 മുതൽ
ലണ്ടൻ: സംഗീതവും നൃത്തവും മഴയായി പെയ്തിറങ്ങുന്ന രാവിൽ ലണ്ടൻ ഒളിമ്പിക്സ് കൊടിയിറങ്ങാൻ ഒരുങ്ങുന്നു. ഹോളിവുഡ് സംവിധായകൻ ഡാനിബോയൽ ഒരുക്കിയ ഉദ്ഘാടന വിരുന്നിന്റെ അദ്ഭുതകാഴ്ചയിൽ നിന്നും ഇതുവരെ മോചിതരാവാത്ത ലോകത്തിനു മുമ്പാകെ മറ്റൊരു അദ്ഭുതവിരുന്നൊരുക്കിയാണ് ഇന്ന് രാത്രിയിൽ സംഘാടക൪ ലണ്ടൻ ഒളിമ്പിക്സിന് വിടയൊരുക്കുന്നത്. പാട്ടും നൃത്തവും കൊഴുപ്പിക്കുന്ന 'ബ്രിട്ടീഷ് മ്യൂസിക് സിംഫണി' ഒരുക്കിയാണ് സമാപന ചടങ്ങ്.
മൂന്നു മണിക്കൂ൪ നീളുന്ന സമാപന ചടങ്ങിന്റെ അവസാനമായി ഒളിമ്പിക്സ് പതാക 2016 റിയോ ഡെ ജനീറോ ഒളിമ്പിക്സിന്റെ സംഘാടക൪ക്ക് കൈമാറുന്നതോടെ ലണ്ടൻ 2012ന് ഔദ്യോഗികമായി കൊടിയിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.