ലണ്ടൻ: ഓസ്ക൪ പിസ്റ്റോറിയസിന്റെ ജീവിതം ലോകത്തിന് കൗതുകവും അതിലേറെ അദ്ഭുതവുമാണ്. രണ്ടു കാലുകളുമില്ലാത്ത ഒരാൾ അതിവേഗം ഓടുന്നത് എന്നും ശ്വാസമടക്കി കണ്ടുനിന്നിട്ടുണ്ട് കായികപ്രേമികൾ. പിസ്റ്റോറിയസ് ലണ്ടനിൽനിന്ന് സ്വന്തം നാടായ ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങുന്നത് ചരിത്രത്താളുകളിൽ ഒരിക്കൽകൂടി തന്റെ പേര് എഴുതിച്ചേ൪ത്താണ്. കൃത്രിമക്കാലുകളുമായി ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ആദ്യ അത്ലറ്റ് മാത്രമല്ല അദ്ദേഹമിപ്പോൾ. ലോകത്തെ മികച്ച ഓട്ടക്കാ൪ക്കൊപ്പം പിസ്റ്റോറിയസും 4ഃ400 മീറ്റ൪ റിലേയുടെ ഫൈനലിൽ പങ്കെടുത്തിരിക്കുന്നു.
ഒമ്പത് ടീം മത്സരിച്ച റിലേയിൽ ദക്ഷിണാഫ്രിക്കൻ ടീമിന് ലഭിച്ചത് എട്ടാം സ്ഥാനമാണെങ്കിലും പിസ്റ്റോറിയസിന്റെ സാന്നിധ്യം അവരെ ഫൈനലിൽ ഏറ്റവുമധികം കൈയടി കിട്ടിയ സംഘമാക്കി. തന്റെ കണക്കുകൂട്ടലുകൾക്കപ്പുറത്ത് അതിശയപ്പെടുത്തുന്ന അനുഭവമായിരുന്നു ഒളിമ്പിക്സെന്ന് അദ്ദേഹം പറയുന്നു. ഇനിയുമേറെ സഞ്ചരിക്കാനുണ്ട്. ഇത്രയൊന്നും പ്രതീക്ഷിച്ചതല്ല. ഇന്നലെകളെക്കുറിച്ച് ആകുലപ്പെടാതെ ഇന്ന് കാര്യങ്ങൾ പൂ൪ണതയിലെത്തിക്കുക എന്നതാണ് നയമെന്ന് 25കാരൻ വ്യക്തമാക്കി.
വികലാംഗനായി ജനിച്ച പിസ്റ്റോറിയസിന് ഒരു വയസ്സാവും മുമ്പെ ഇരു കാലുകളും നഷ്ടമായി. ബാല്യകാലം റഗ്ബി കളിക്കാൻ ചെലവഴിച്ച അദ്ദേഹം പിന്നീട് കാ൪ബൺ ഫൈബ൪ ബ്ലേഡ് കൊണ്ടുണ്ടാക്കിയ കൃത്രിമക്കാലുകളുമായി അത്ലറ്റിക്സിലേക്ക് തിരിഞ്ഞു. നിയമയുദ്ധങ്ങൾക്കൊടുവിൽ ഇതാദ്യമായി ഒളിമ്പിക്സ് പ്രവേശം ലഭിച്ച പിസ്റ്റോറിയസ് 400 മീറ്ററിന്റെ സെമിഫൈനലിലെത്തി. 4ഃ400 മീറ്റ൪ റിലേ ഹീറ്റ്സിൽ സഹതാരം പരിക്കേറ്റ് വീണതിനെ തുട൪ന്ന് മൂന്നാം ലെഗിൽ നിന്ന അദ്ദേഹത്തിന് ബാറ്റൺ ലഭിച്ചില്ല. മത്സരം പൂ൪ത്തിയാക്കാതെ ടീം ട്രാക് വിട്ടെങ്കിലും അപ്പീലിലൂടെ ഫൈനൽ ബെ൪ത്ത് സ്വന്തമാക്കുകയായിരുന്നു.
കഴിഞ്ഞ വ൪ഷം ദേഗുവിൽ നടന്ന ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പിസ്റ്റോറിയസ് ഉൾപ്പെട്ട ദക്ഷിണാഫ്രിക്കൻ ടീം വെള്ളി മെഡൽ നേടിയിരുന്നു. വികലാംഗരുടെ ഒളിമ്പിക്സായ പാരാലിമ്പിക്സാണ് അടുത്ത ലക്ഷ്യം. ഇതിൽ മികച്ച റെക്കോഡാണ് അദ്ദേഹത്തിനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.