ലോകമേ തറവാട്; മരിയലിന് മേല്‍വിലാസം മാരത്തണില്‍

ലണ്ടൻ: ‘ഓട്ടത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ പണ്ട് ടീച്ച൪  പറഞ്ഞു. അത് ഉൾക്കൊള്ളാൻ പക്ഷേ എനിക്ക് മാസങ്ങൾ വേണ്ടിവന്നു. മറ്റൊന്നുംകൊണ്ടല്ല, പ്രാണൻ രക്ഷിക്കാൻവേണ്ടി മാത്രം ഞാൻ ഉപയോഗിച്ച മാ൪ഗമായിരുന്നു ഓട്ടം. അത് എന്നിൽ ഭയപ്പാടുകൾ തീ൪ത്തിരുന്നു’ -ഞായറാഴ്ച നടക്കുന്ന ഒളിമ്പിക് മാരത്തണിൽ പങ്കെടുക്കുന്ന ഗുവോ൪ മരിയൽ എന്ന 28കാരൻെറ വാക്കുകൾ. മരിയൽ ഏത് രാജ്യക്കാരനാണെന്ന ചോദ്യത്തിൽ തുടങ്ങുന്നു അദ്ദേഹത്തിൻെറ സംഭവബഹുലമായ കഥ. ജനിച്ചത് സുഡാനിൽ. പിന്നെ കുറേക്കാലം ഈജിപ്തിൽ. ഇപ്പോൾ താമസം അമേരിക്കയിൽ. കുടുംബം ദക്ഷിണ സുഡാൻ എന്ന മറ്റൊരു രാജ്യത്ത്. മരിയലിന് വ്യക്തമായ മേൽവിലാസമില്ല. ഒറ്റവാക്കിൽ പറഞ്ഞാൽ അഭയാ൪ഥി. മത്സരിക്കുന്നത് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി(ഐ.ഒ.സി)യുടെ ബാനറിൽ.

കഥ ഇതുവരെ

1984 ഏപ്രിൽ 15ന് അന്ന് സുഡാൻെറ ഭാഗമായിരുന്ന പാൻറീങ്ങിൽ ഡിങ്ക ഗോത്രകുടുംബത്തിലാണ് മരിയലിൻെറ ജനനം. ആഭ്യന്തരയുദ്ധം കൊടുമ്പിരിക്കൊണ്ട 1993ൽ ആ എട്ടു വയസ്സുകാരനെ ആരോ തട്ടിക്കൊണ്ടുപോയി ഒരു ലേബ൪ ക്യാമ്പിലാക്കി. അത് പക്ഷേ അവന് അനുഗ്രഹമായി. ജീവൻ കിട്ടി. ആക്രമണത്തിൽ കുടുംബത്തിലെ 28 പേ൪ കൊല്ലപ്പെട്ടു. എട്ട് സഹോദരങ്ങളെ നഷ്ടമായി. ആലംബമറ്റ മരിയൽ ഈജിപ്തിലേക്ക് ഓടിപ്പോയി. 2001ലാണ് അമേരിക്കയിൽ അഭയം തേടിയത്. തുട൪ന്ന് യു.എസ് സ൪ക്കാ൪ അഭയാ൪ഥി പദവി നൽകി. അവിടെ വിദ്യാഭ്യാസം നടത്തവേയാണ് അത്ലറ്റിക്സിൽ ഒരു കൈ നോക്കാനിറങ്ങുന്നത്. അരിസോണ സ്റ്റേറ്റിലെ ഫ്ളാഗ് സ്റ്റാഫിലാണ് ഇപ്പോൾ താമസവും  പരിശീലനവും.

കൈവിട്ടുപോയ കുട്ടി ടി.വിയിൽ

കുടുംബാംഗങ്ങളിൽ ബാക്കിയായവ൪ ദക്ഷിണ സുഡാനിലുണ്ടെങ്കിലും ഓടിപ്പോന്നശേഷം മരിയൽ ആരെയും കണ്ടിട്ടില്ല. അദ്ദേഹം മാരത്തണിൽ പങ്കെടുക്കുന്ന വിവരം അവ൪ അറിഞ്ഞിട്ടുണ്ട്. ആധുനിക സൗകര്യങ്ങളില്ലാത്ത ഗ്രാമത്തിൽ നിന്ന് കിലോമീറ്ററുകൾ നടന്നുപോയി മരിയലിൻെറ പ്രകടനം ടെലിവിഷനിൽ കാണാനിരിക്കുകയാണ്. 42.195 കിലോമീറ്ററാണ് മാരത്തണിലെ ദൂരമെങ്കിൽ ടി.വിയുള്ള സ്ഥലത്തെത്താൻ അവ൪ക്ക് 50 കിലോമീറ്ററിലധികം നടക്കണം. നാട്ടിലിപ്പോൾ മഴക്കാലമാണ്. റോഡില്ലാത്തതിനാൽ നടത്തവും ക്ളേശകരം. എന്നാലും അവ൪ അതിന് തയാറാണ്. കൈവിട്ടുപോയ കുട്ടി ലോകത്തിൻെറ മുഴുവൻ ശ്രദ്ധ നേടി മത്സരിക്കുന്നത് കാണാനുള്ള തിടുക്കം.
ദക്ഷിണ സുഡാൻ എന്ന പുതുതായി രൂപംകൊണ്ട രാജ്യത്തിന് ദേശീയ ഒളിമ്പിക് കമ്മിറ്റി ഇല്ല. അഭിഭാഷകനായ ബ്രാഡ് പൂരിയുടെ പോരാട്ടങ്ങളാണ് മരിയലിന് ഒളിമ്പിക്സിൽ പ്രവേശം ലഭിക്കാൻ കാരണമായത്. യോഗ്യതാ മത്സരത്തിൽ എ മാ൪ക്ക് തന്നെ കടന്ന് (രണ്ടു മണിക്കൂ൪ 12 മിനിറ്റ് 55 സെക്കൻഡിൽ) ലണ്ടനിലേക്ക് ടിക്കറ്റെടുത്ത അദ്ദേഹം, സ്വതന്ത്ര ഒളിമ്പിക് അത്ലറ്റായാണ് ഇറങ്ങുന്നത്. എല്ലാവരുടെയും പ്രതിനിധിയാണ്  താനെന്നും, വിവിധ വൻകരകളെ സൂചിപ്പിക്കുന്ന, അഞ്ച് ഒളിമ്പിക് വളയങ്ങളും സ്വന്തമാണെന്ന തോന്നലുണ്ടാക്കുന്നുവെന്നും മരിയൽ പറയുന്നു. ഇക്കാര്യത്തിൽ കടപ്പെട്ടിരിക്കുന്നത് ഐ.ഒ.സിയോട് തന്നെ. ജമൈക്കൻ വേഗരാജാവ് ഉസൈൻ ബോൾട്ടിനെയും 800 മീറ്റ൪ സ്വ൪ണജേതാവ് കെനിയയുടെ ഡേവിഡ് റുദിഷയെയും കണ്ട് സൗഹൃദം സ്ഥാപിക്കാനായത് വലിയ കാര്യമായി കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു.മത്സരച്ചൂടിലും ജീവിതത്തിലെ ആത്യന്തികമായ ആഗ്രഹം മരിയൽ പങ്കുവെക്കുന്നു: ‘നാട്ടിലേക്ക് മടങ്ങണം. സ്വന്തക്കാരോടൊപ്പം ജീവിക്കണം.’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.