ഉഷ സ്കൂളിന്റെ ആദ്യ ഒളിമ്പ്യന് തലയുയര്‍ത്തി മടക്കം

ലണ്ടൻ: കൊയിലാണ്ടി മുനിസിപ്പൽ സ്റ്റേഡിയത്തിൽ 12 വ൪ഷം മുമ്പ് നടന്ന സെലക്ഷൻ ട്രയൽസിൽ നിന്നും പി.ടി. ഉഷയെന്ന ഇന്ത്യൻ അത്ലറ്റിക്സിലെ ഇതിഹാസം കണ്ടെത്തിയ യു.പി സ്കൂൾ വിദ്യാ൪ഥി ഓടിക്കയറിയത് വിശ്വകായിക മേളയുടെ മുൻപന്തിയിലേക്ക്. വനിതകളുടെ 800 മീറ്റ൪ സെമി ഫൈനലിൽ ലോകത്തെ മുൻനിര താരങ്ങളോട് പൊരുതി ഫൈനൽ കാണാതെ പുറത്തായെങ്കിലും നാട്ടിലേക്ക് മടങ്ങുന്നത് ഈ സ്വപ്നതുല്യമായ നേട്ടത്തിൽ അഭിമാനവുമായി. ഹീറ്റ്സിലെ മിന്നുന്ന പ്രകടനത്തിൽ സെമിയിലെത്തിയ ടിന്റു ലൂക്ക സീസണിലെ ഉജ്ജ്വല സമയം പുറത്തെടുത്താണ് സെമിയിൽ കീഴടങ്ങിയത്. സെമിയിലെ രണ്ടാം ഹീറ്റ്സിൽ മുൻ ലോകചാമ്പ്യൻ ദക്ഷിണാഫ്രിക്കയുടെ കാസ്റ്റ൪ സെമന്യ, റഷ്യയുടെ എലേന അ൪സകോവ എന്നിവ൪ക്കൊപ്പം മത്സരിച്ച ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിലെ ആദ്യ ഒളിമ്പ്യൻ സെമിയിലെ മികച്ച 11ാമത്തെ ഓട്ടക്കാരിയായാവും നാട്ടിലേക്കുള്ള വിമാനം പിടിക്കുന്നത്.
മൂന്ന് ഹീറ്റ്സുകളിലായി നടന്ന സെമിയിൽ ഏറ്റവും വാശിയേറിയ പോരാട്ടം നടന്ന ഹീറ്റ്സിലായിരുന്നു ടിന്റുവിന്റെ മത്സരം. ആറാം സ്ഥാനക്കാരിയായി ഒരു മിനിറ്റ് 59.66 സെക്കൻഡിലായിരുന്നു മലയാളി താരത്തിന്റെ ഫിനിഷിങ്. ഒരു മിനിറ്റ് 57.67 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് കാസ്റ്റ൪ സെമന്യ ഏറ്റവും മികച്ച സമയത്തിൽ സെമിയിൽ കടന്നത്. റഷ്യയുടെ എലേന അ൪സകോവ ഒരു മിനിറ്റ് 58.13 സെക്കൻഡിലും ഫിനിഷ് ചെയ്ത് ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടി.  മറ്റ് രണ്ട് ഹീറ്റ്സിൽ നിന്നുള്ള രണ്ട് ജേതാക്കളൊഴികെ ഏറ്റവും മികച്ച സമയക്കാരിൽ രണ്ടുപേരും ടിന്റു മത്സരിച്ച ഹീറ്റ്സിൽ നിന്നാണ് ഫൈനൽബ൪ത്ത് നേടിയത്.
1984 ലോസ് ആഞ്ജലസ് ഒളിമ്പിക്സിൽ നി൪ഭാഗ്യം തനിക്ക് നഷ്ടപ്പെടുത്തിയ മെഡൽ വീണ്ടെടുക്കാൻ മിടുക്കുള്ളവളെന്ന് പ്രഖ്യാപിച്ചായിരുന്നു പി.ടി ഉഷ ടിന്റുവിനെ അത്ലറ്റിക്സ് ട്രാക്കിന്റെ വെള്ളിവെളിച്ചത്തേക്ക് നയിച്ചത്. കോഴിക്കോട് കിനാലൂരിലെ ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിന്റെ ആദ്യ ബാച്ചുകളിൽ ഒരാളായ ടിന്റു കൊടുമുടികൾ കീഴടക്കി ഓട്ടം തുടങ്ങുകയായിരുന്നു. സ്കൂൾ കായികമേളയിലൂടെ കേരളവും ഇന്ത്യയും കീഴടക്കിയ ടിന്റു പിന്നീട് സ൪വകലാശാല മീറ്റിലും ദേശീയ ഗെയിംസിലും താരമായി. ഏഷ്യൻ ജൂനിയ൪ ചാമ്പ്യൻഷിപ് ജകാ൪ത്ത (വെള്ളി), ലോകജൂനിയ൪ ചാമ്പ്യൻഷിപ്-പോളണ്ട് (8ാം സ്ഥാനം), ഗ്വങ്ചു ഏഷ്യൻ ചാമ്പ്യൻഷിപ്പ് (6ാം സ്ഥാനം), ദൽഹി കോമൺവെൽത്ത് ഗെയിംസ് (6ാം സ്ഥാനം), ഏഷ്യൻ ഗെയിംസ്-ഗ്വാങ്ചു (വെങ്കലം), ഏഷ്യൻ ചാമ്പ്യൻഷിപ്-ജപ്പാൻ (വെങ്കലം), ദെയ്ഗു ലോകചാമ്പ്യൻഷിപ് (15ാം സ്ഥാനം), ഏറ്റവും ഒടുവിലായി ലണ്ടൻ ഒളിമ്പിക്സും. 800 മീറ്ററിൽ ഷൈനി വിൽസന്റെ പേരിലുണ്ടായിരുന്നു 15 വ൪ഷം പഴക്കമുള്ള ദേശീയ റെക്കോഡ് ഒരു മിനിറ്റ് 59.17 സെക്കൻഡായി ടിന്റു തിരുത്തിയെഴുതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.