ഇരട്ട ബോള്‍ട്ട്

ലണ്ടൻ: ജെസി ഓവൻസ്, കാൾ ലൂയിസ്, മൈക്കൻ ജോൺസൺ... ഒളിമ്പിക്സ് ചരിത്രത്തിലെ മഹാരഥന്മാരുടെ നിരയിലേക്ക് ജമൈക്കയിലെ കിങ്സ്റ്റണിൽനിന്നുള്ള ഉസൈൻ ബോൾട്ടെന്ന 25കാരനും. ലണ്ടൻ ഒളിമ്പിക്സിൽ നൂറു മീറ്ററിൽ പുതിയ റെക്കോഡ് സ്ഥാപിച്ച ഏറ്റവും വേഗമേറിയ ഓട്ടക്കാരനായി മാറിയ ഉസൈൻ ബോൾട്ട് ട്രാക്കിൽ വീണ്ടും ചരിത്രനേട്ടത്തോടെ മിന്നൽപ്പിണറായി. 200 മീറ്ററിലെ തീപ്പാറും പോരാട്ടത്തിനൊടുവിൽ സ്വ൪ണമണിഞ്ഞാണ് ബോൾട്ട് ലണ്ടൻ 2012ൽ സ്പ്രിൻറ് ഡബ്ൾ തികച്ചത്്. 2008ലെ ബെയ്ജിങ് ഒളിമ്പിക്സിലെ സ്പ്രിൻറ് ഡബ്ൾ നേട്ടത്തിനു പിന്നാലെ ലണ്ടനിലും ഇത് ആവ൪ത്തിച്ചതോടെ രണ്ടുതവണ സ്പ്രിൻറ് ഡബ്ൾനേടുന്ന ആദ്യ അത്ലറ്റെന്ന വിശേഷണത്തിനുടമയായി. ജമൈക്കൻ താരങ്ങൾ ട്രാക്ക് അടക്കി വാണ പോരാട്ടത്തിൽ ആദ്യ മൂന്ന് സ്ഥാനവും കരീബിയൻ അത്ലറ്റുകൾ സ്വന്തമാക്കി. ഫൈനലിലെ എട്ടിൽ മൂന്നു ജമൈക്കൻ താരങ്ങൾ മത്സരിച്ചപ്പോൾ 19.32 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഉസൈൻ ബോൾട്ട് ലണ്ടനിലെ രണ്ടാം സ്വ൪ണം  സ്വന്തമാക്കിയത്. ശക്തമായ വെല്ലുവിളിയുമായി പിന്തുട൪ന്ന നാട്ടുകാരനും പരിശീലന കൂട്ടാളിയുമായ യൊഹാൻ ബ്ളെയ്ക് 19.44 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വീണ്ടുമൊരിക്കൽ ബോൾട്ടിനു പിന്നിൽ രണ്ടാമതെത്തി. 19.84 സെക്കൻഡിൽ ഫിനിഷ് ചെയ്ത മറ്റൊരു ജമൈക്കക്കാരൻ വാറൻ വീറാണ് ട്രാക്കിലെ പുതു കൊടുങ്കാറ്റായി അവതരിച്ചത്. അമേരിക്കൻ ചാമ്പ്യൻ വാലസ് സ്പിയ൪ മാന് 19.90 സെക്കൻഡിൽ നാലാമതെത്താനേ കഴിഞ്ഞുള്ളൂ. ട്രാക്കിലെ വിസ്മയം കാൾലൂയിസിനു പോലും തൊടാനാവാത്ത നേട്ടത്തിലേക്കാണ് ബോൾട്ട് ലണ്ടനിൽ നങ്കൂരമിട്ടത്. 1984 ലോസ്അഞ്ജലസ് ഒളിമ്പിക്സിൽ സ്പ്രിൻറ് ഡബ്ൾ നേടിയ കാൾ ലൂയിസിന് 1988 സോൾ ഒളിമ്പിക്സിൽ ഈനേട്ടം ആവ൪ത്തിക്കാൻ കഴിഞ്ഞില്ല. ഫിൻലൻഡിൻെറ ലാസ് വെറോണിനു ശേഷം രണ്ട് ട്രാക്ക് ഇനങ്ങളിൽ തുട൪ച്ചായി സ്വ൪ണം നിലനി൪ത്തുന്ന താരമെന്ന പദവിയും ബോൾട്ട് സ്വന്തമാക്കി. 1972 മ്യൂണിക്, 1976 മോൻറിയോൾ ഒളിമ്പിക്സുകളിൽ 5000, 10,000 മീറ്ററുകളിലായിരുന്നു ലാസ് വെറോൺ ഇരട്ട സ്വ൪ണ നേട്ടം കൈവരിച്ചത്.
ഒളിമ്പിക്സിൽ സ്പ്രിൻറ് ഡബ്ൾ നേടുന്ന എട്ടാമത്തെ അത്ലറ്റാണ് ഉസൈൻ ബോൾട്ട്. ആ൪ചി ഹാൻ (1904), റാൽഫ് ക്രെയ്ഗ് (1912), പ്രെസി വില്യംസ് (1928), എഡി ടൊലൻ (1932), ജെസി ഓവൻസ് (1936), ബോബി മോറോ (1956), വലെറി ബോ൪സോ (1972), കാൾ ലൂയിസ് (1984) എന്നിവ൪ മാത്രമേ ബോൾട്ടിനു മുമ്പ് സ്പ്രിൻറ് ഡബ്ൾ നേട്ടംകൊയ്തിട്ടുള്ളൂ. കാൾലൂയിസും ഹാനും 100 മീറ്ററിൽ രണ്ട് ഒളിമ്പിക്സുകളിൽ ചാമ്പ്യന്മാരായി. ഇവരുടെയെല്ലാം നേട്ടം തക൪ക്കുന്നതായി രണ്ട് ഒളിമ്പിക്സുകളിലെ സ്പ്രിൻറ് ഡബ്ൾ പട്ടവുമായി ഉസൈൻ ബോൾട്ടിൻെറ പ്രകടനം.
ബെയ്ജിങ്ങിൽ മൈക്കൻ ജോൺസൻെറ റെക്കോഡ് തക൪ത്ത് (19.30) സെക്കൻഡിൽ ഫിനിഷ് ചെയ്ത ബോൾട്ടിന് ലണ്ടനിൽ ജോൺസൻെറ  സമയത്തിനൊപ്പമെത്താനേ കഴിഞ്ഞുള്ളൂ. എങ്കിലും സീസണിലെ ഏറ്റവും മികച്ച സമയമായി ഇത്. 19.19 സെക്കൻഡുമായി ഈ ഇനത്തിലെ ലോകറെക്കോഡും ബോൾട്ടിൻെറതന്നെ പേരിലാണ്.

ഞാനൊരു ഇതിഹാസം

ലണ്ടൻ: ‘ഏറെക്കാലമായി മോഹിച്ചത് ഞാൻ സ്വന്തമാക്കിയിരിക്കുന്നു. ഇതോടെ ഞാൻ ഇതിഹാസമായി. ഇനി എനിക്ക് ആസ്വദിക്കണം’ -ലോകം കണ്ണുമിഴിച്ച നിമിഷത്തിൽ ലണ്ടൻ ഒളിമ്പിക്സിൽ ഇതിഹാസ തുല്യപ്രകടനം കാഴ്ചവെച്ച ശേഷം ഉസൈൻ ബോൾട്ട് സ്വയം പ്രഖ്യാപിച്ചു. ‘ഞാൻ ജീവിച്ചിരിക്കുന്ന ഇതിഹാസം...’
നൂറ്റാണ്ടിൻെറ പെരുമയുള്ള ഒളിമ്പിക്സ് ചരിത്രത്തിലെ സുന്ദര മുഹൂ൪ത്തത്തിൽ തങ്കത്തിളക്കമുള്ളതായി ജമൈക്കൻ കൊടുങ്കാറ്റ് ഉസൈൻ ബോൾട്ടിൻെറ ഉറച്ച ശബ്ദം. നൂറു മീറ്ററിനു പിന്നാലെ 200 മീറ്ററിലും സ്വ൪ണമണിഞ്ഞ് തുട൪ച്ചയായി രണ്ടാം ഒളിമ്പിക്സിലും സ്പ്രിൻറ് ഡബ്ൾ തികച്ച ശേഷമായിരുന്നു ബോൾട്ടിൻെറ പ്രഖ്യാപനം. ഇനിയൊന്നും തെളിയിക്കാനില്ല. ലോകത്തിനു മുമ്പാകെ ഏറ്റവും മികച്ച പ്രകടനം നടത്തിക്കഴിഞ്ഞു. ഇനി നേട്ടങ്ങൾ ആഘോഷമാക്കണം. പ്രതീക്ഷിച്ചതിലും കടുത്തതായിരുന്നു 200 മീറ്ററിലെ മത്സരം. ഒപ്പം മത്സരിച്ചവരിൽനിന്ന് കാര്യമായ വെല്ലുവിളിയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഓട്ടത്തിനിടയിൽ അവരെയും ശ്രദ്ധിച്ചു’ -മത്സരത്തിനിടയിൽ തലയും കണ്ണും വെട്ടിച്ച് ഓടിയതിനെക്കുറിച്ച് ബോൾട്ടിൻെറ പ്രതികരണം.

കാൾ ലൂയിസിനോട് ആദരവില്ല

അത്ലറ്റിക് ഇതിഹാസം അമേരിക്കയുടെ കാൾ ലൂയിസിനോടുള്ള മുഴുവൻ ബഹുമാനവും നഷ്ടമായെന്ന് ബോൾട്ട്. ജമൈക്കൻ താരങ്ങളുടെ ഉത്തേജക പരിശോധനയിൽ സംശയം രേഖപ്പെടുത്തിയ ലൂയിസിൻെറ പരാമ൪ശത്തോട് പ്രതികരിക്കവെയാണ് ബോൾട്ട് ശക്തമായി ആഞ്ഞടിച്ചത്. ‘വിവാദമായേക്കാവുന്ന ഒരു കാര്യം പറയാം. കാൾ ലൂയിസിനോട് എനിക്കുതീരെ ആദരവില്ല. മറ്റൊന്നും പറയാനില്ലാത്തതുകൊണ്ട് ശ്രദ്ധനേടിയെടുക്കാനുള്ള ശ്രമമാണ് ലൂയിസിൻേറത്. മറ്റ് അത്ലറ്റുകളെ താറടിപ്പിക്കുന്ന വിധത്തിലുള്ളതാണ് അദ്ദേഹത്തിൻെറ പരാമ൪ശങ്ങൾ. സ്പ്രിൻറിൽ ജമൈക്കയുടെ നേട്ടങ്ങൾ കഠിനാധ്വാനത്തിൻെറ ഫലമാണ്. ഏറെ ഞെട്ടിപ്പിക്കുന്നതായി കാൾലൂയിസിനെ പോലുള്ള അത്ലറ്റുകളുടെ പ്രസ്താവനകൾ. അദ്ദേഹത്തിലുള്ള എല്ലാ ബഹുമാനവും നഷ്ടമായി. ജെസി ഓവൻസിന് ഞാൻ ഏറെ ആദരവ് നൽകുന്നു. അദ്ദേഹം മഹാനാണ്. രാജ്യത്തിനു വേണ്ടി ഏറെ നന്മകൾ ചെയ്ത അദ്ദേഹം അത്ലറ്റുകൾക്കും പ്രചോദനമായിരുന്നു’-ബോൾട്ട് പറഞ്ഞു. 2008ൽ ഒരു അഭിമുഖത്തിനിടയിലായിരുന്നു കാൾ ലൂയിസ് ജമൈക്കൻ അത്ലറ്റുകളുടെ ശേഷിയിൽ ഉത്തേജക സംശയം പ്രകടിപ്പിച്ചത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.