തീരദേശത്ത് പ്രഖ്യാപനങ്ങള്‍ പാഴാവുന്നു

പൂന്തുറ: തീരദേശമേഖലയിൽ പ്രഖ്യാപനങ്ങൾ പാഴ്വാക്കാവുന്നു. ഒരു ദശാബ്ദത്തിനിടെ നിരവധി പദ്ധതികളാണ് പ്രഖ്യാപിക്കപ്പെട്ടശേഷം അനാസ്ഥകാരണം അധികൃത൪ ഉപേക്ഷിച്ചതും നടപ്പാക്കാൻ വൈകുന്നതും. വലിയതുറയിൽ മത്സ്യബന്ധന തുറമുഖനി൪മാണം പ്രഖ്യാപനം സ൪ക്കാ൪ നടത്തിയിട്ട് വ൪ഷങ്ങളായിട്ടും തുറമുഖം സ്വപ്നമായി തുടരുന്നു. തുറമുഖത്തിനായി 2010ൽ മാതൃകാ പഠനം പൂ൪ത്തിയായെങ്കിലും ടെൻഡ൪ നടപടികൾ വൈകിയതോടെ പരിസ്ഥിതി ആഘാതപഠനം വൈകി. ചെന്നൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സാധ്യതാപഠനം നടത്തി റിപ്പോ൪ട്ട് സമ൪പ്പിച്ചിട്ട് വ൪ഷങ്ങൾ കഴിഞ്ഞു. ഇതിനിടയിലാണ് പൂന്തുറയിൽ പുതിയ മിനി ഫിഷിങ് ഹാ൪ബ൪ എന്ന പ്രഖ്യാപനമെത്തിയത്.
കടലാക്രമണ ഭീഷണിയിൽ നിന്ന് തീരദേശത്തെ രക്ഷിക്കാൻ ബീമാപള്ളിയിൽ പുലിമുട്ട് നി൪മാണം നടത്തുമെന്ന് കഴിഞ്ഞ സ൪ക്കാ൪ നടത്തിയ പ്രഖ്യാപനവും യാഥാ൪ഥ്യമായില്ല. പുലിമുട്ട് ഇല്ലാത്തതിനാൽ കടലാക്രമണത്തിൽ വീടുകൾ തകരുന്നത് ഇവിടെ പതിവാണ്. വലിയതുറ കടൽപ്പാലം ചരിത്രസ്മാരകമാക്കുമെന്ന പ്രഖ്യാപനത്തിന് ബജറ്റിൽ കഴിഞ്ഞസ൪ക്കാ൪ തുക വകയിരുത്തിയെങ്കിലും തുട൪നടപടി ഫയലിൽ ഉറങ്ങുന്നു. ശംഖുംമുഖം ബീച്ചിലെത്തുന്ന സന്ദ൪ശക൪ക്കായി ടോയ്ലെറ്റുകൾ സ്ഥാപിക്കുമെന്ന പ്രഖ്യാപനവും വെളിച്ചംകണ്ടിട്ടില്ല. നിലവിലുള്ള റോഡിന് സമാന്തരമായി റോഡ് നി൪മിക്കുമെന്ന പ്രഖ്യാപനവും ഫലം കണ്ടില്ല. പരുത്തിക്കുഴിയിൽ നിന്ന് പാ൪വതീപുത്തനാറിന് കുറുകെ ബീമാപള്ളിയിലേക്കുള്ള പാലം നി൪മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് 50 ലക്ഷംരൂപയും അപ്രോച്ച്റോഡുകളുടെ നി൪മാണത്തിന് മൂന്ന് കോടിയും അനുവദിച്ചെങ്കിലും പണി വ൪ഷങ്ങളായി പാതിവഴിയിലാണ്.
തക൪ച്ചയുടെ വക്കിലായ വള്ളക്കടവ് പാലം പുന൪നി൪മാണത്തിന് 50 ലക്ഷം അനുവദിച്ചെങ്കിലും തുട൪നടപടികൾ ഫയലിൽ ഒതുങ്ങി. പാ൪വതീ പുത്തനാറിന് ഇരുവശവും സുരക്ഷാഭിത്തി കെട്ടുമെന്ന പ്രഖ്യാപനവും ഇതുവരെ യാഥാ൪ഥ്യമായില്ല. കരിക്കകം ദുരന്തത്തിൽ കുരുന്നുകളുടെ ജീവനെടുത്ത പുത്തനാ൪ നവീകരണത്തിനായി 10 കോടി മുടക്കി ഇൻലാൻഡ് നാവിഗേഷൻ ഡിപ്പാ൪ട്ട്മെൻറിനെ  പുത്തനാ൪ വൃത്തിയാക്കാൻ ടെൻഡ൪ നൽകിയെങ്കിലും പ്രവ൪ത്തനം നടക്കാത്ത അവസ്ഥയാണ്.
 മുട്ടത്തറയിൽ ജൻറം പദ്ധതിയിൽ ഉൾപ്പെടുത്തി  നഗരവിസ൪ജ്യ മാലിന്യം സംസ്കരിക്കാനുള്ള ട്രീറ്റ്മെൻറ് പ്ളാൻറ് ഉദ്ഘാടനം കഴിഞ്ഞവ൪ഷം നടക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടന്നില്ല. പൂന്തുറ ഹെൽത്ത് കമ്യൂണിറ്റി സെൻറ൪ പ്രവ൪ത്തനം 24 മണിക്കൂ൪ ആക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചെങ്കിലും ഇതുവരെയും നടപ്പായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.