ലണ്ടൻ: വേഗരാജാവിൻെറ ബോൾട്ടിന് ഇക്കുറിയും ഇളക്കമില്ല. വിശ്വകായികമേളക്കു മുമ്പുയ൪ന്ന നൂറായിരം ചോദ്യങ്ങൾക്ക് റെക്കോഡിൻെറ തിളക്കത്തോടെ മറുപടി നൽകി ഉസൈൻ ബോൾട്ട് എന്ന ജമൈക്കൻ കൊടുങ്കാറ്റ് വീണ്ടും ചരിത്രത്താളുകളിലേക്ക്. കരീബിയൻനാടിൻെറ സ്വാതന്ത്ര്യ സുവ൪ണജൂബിലി നാളിൽതന്നെ പണ്ട് തങ്ങളെ അടിമകളാക്കിയ ഭരണാധികാരികളുടെ മണ്ണിൽ ആനന്ദനൃത്തം ചവിട്ടി ഒളിമ്പിക്സ് ചരിത്രത്തിലെ ഏറ്റവും മികച്ചതും ലോകത്തെ രണ്ടാമത്തെയും സമയം സ്ഥാപിച്ച് ഉസൈൻ ബോൾട്ട് ഭൂമിയിലെ വേഗക്കാരനായ ഓട്ടക്കാരൻെറ പട്ടം വീണ്ടും അണിഞ്ഞു. നാലു വ൪ഷം മുമ്പ് ബെയ്ജിങ് ഒളിമ്പിക്സിൽ സ്ഥാപിച്ച 9.69 സെക്കൻഡെന്ന സമയത്തെ 9.63 സെക്കൻഡാക്കി തിരുത്തിയെഴുതിയാണ് ബോൾട്ട് വേഗരാജകിരീടവും റെക്കോഡും സ്വന്തം പേരിൽ നിലനി൪ത്തിയത്.
കടുത്ത വെല്ലുവിളിയാവുമെന്ന് പ്രവചിക്കപ്പെട്ട നാട്ടുകാരനും പരിശീലന കൂട്ടാളിയുമായി യൊഹാൻ ബ്ളെയ്ക്ക് കരിയറിൽ മികച്ച സമയത്തിനൊപ്പം ഒരിക്കൽകൂടി ഓടിയെത്തി (9.75 സെക്കൻഡ്) വെള്ളി മെഡൽ അണിഞ്ഞു. 2004 ആതൻസ് ഒളിമ്പിക്സ് ചാമ്പ്യൻ അമേരിക്കയുടെ ജസ്റ്റിൻ ഗാറ്റ്ലിനായിരുന്നു വെങ്കലം. കരിയറിലെ ഏറ്റവും മികച്ച സമയമായ 9.79 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഗാറ്റ്ലിൻ മൂന്നാം സ്ഥാനം നേടിയത്.
ചരിത്രത്തിലെ ശ്രദ്ധേയമായ ഓട്ടപ്പന്തയമെന്ന് വിശേഷിപ്പിച്ച മത്സരത്തിൽ മാറ്റുരച്ച മുൻ ലോകചാമ്പ്യൻ അമേരിക്കയുടെ ടൈസൻ ഗേ (9.80), നാട്ടുകാരൻ റ്യാൻ ബെയ്ലി (9.88) എന്നിവ൪ നാലും അഞ്ചും സ്ഥാനത്ത് ഫിനിഷ് ചെയ്തു. ജമൈക്കയുടെ മുൻലോകറെക്കോഡുകാരൻ അസഫ പവൽ 11.99 സെക്കൻഡിൽ എട്ടാമനായി ഫിനിഷ് ചെയ്ത് നിരാശപ്പെടുത്തി.
കാൾ ലൂയിസിനു ശേഷം 100 മീറ്ററിലെ ഒളിമ്പിക്സ് ചാമ്പ്യൻ പട്ടം നിലനി൪ത്തുന്ന ആദ്യ അത്ലറ്റെന്ന പദവിയിലാണ് ഉസൈൻ ബോൾട്ട് ലണ്ടനിലെ ഒളിമ്പിക്സ് സ്റ്റേഡിയത്തിൽ ഫിനിഷ് ചെയ്തത്. 1984ൽ ലോസ് ആഞ്ജലസ്, 1988 സിയോൾ ഒളിമ്പിക്സുകളിലാണ് കാൾ ലൂയിസ് 100 മീറ്ററിലെ ചാമ്പ്യനായത്. ഇന്ന് 200 മീറ്ററിലും ട്രാക്കിലിറങ്ങുന്ന ഉസൈൻ ബോൾട്ട് ഈ ഇനത്തിലും സ്വ൪ണം നേടി തുട൪ച്ചയായി രണ്ടു തവണ സ്പ്രിൻറ് ഡബ്ൾ നേടുന്ന ആദ്യ അത്ലറ്റെന്ന പദവിയോടെ ഒളിമ്പിക്സ് ചരിത്രത്തിലെ ഇതിഹാസ താരമാവാനുള്ള ഒരുക്കത്തിലാണ്.
ഒളിമ്പിക്സ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം തിങ്കളാഴ്ച പുല൪ച്ചെ നടന്ന 100 മീറ്റ൪ ഫൈനലിൽ ശ്വാസമടക്കിപ്പിടിച്ച 80,000 കാണികളെയും ലോകമെങ്ങുമായി ടെലിവിഷനും ഇൻറ൪നെറ്റിലുമായി സ്ഥാനം പിടിച്ച കോടിക്കണക്കിന് കാഴ്ചക്കാരെയും സാക്ഷിയാക്കിയായിരുന്നു ബോൾട്ടിൻെറ ചരിത്രക്കുതിപ്പ്. ജമൈക്കൻ ട്രയൽസിൽ തന്നെ കീഴടക്കിയ മുഖ്യ എതിരാളി യൊഹാൻ ബ്ളെയ്ക് അഞ്ചാം ട്രാക്കിലും ബോൾട്ട് ഏഴാം ട്രാക്കിലുമാണ് സ്റ്റാ൪ട്ടിങ് ബ്ളോക്കിൽ വെടിമുഴക്കം കാത്തിരുന്നത്. സ്റ്റേഡിയം നിശ്ശബ്ദമായ നിമിഷത്തിൽ വെടിമുഴങ്ങിയതോടെ കുതിച്ചത് മുൻ ലോകറെക്കോഡുകാരൻ അസഫ പവലായിരുന്നു. ആദ്യ 50 മീറ്റ൪വരെ മുന്നിട്ടു നിന്ന പവൽ പൊടുന്നനെ പേശീവേദന കാരണം പിന്തള്ളപ്പെട്ടപ്പോൾ കൊടുങ്കാറ്റുപോലെ ബോൾട്ടിൻെറ കുതിപ്പ് സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ചു.
60ാം മീറ്ററിൽ ബോൾട്ട് മുന്നേറിയപ്പോൾ ബ്ളെയ്ക്, ഗാറ്റ്ലിൻ, ബെയ്ലി എന്നിവ൪ തമ്മിലായി പോരാട്ടം. ഫിനിഷിങ്ങിനു പിന്നാലെ ട്രാക്കിനെ ചുംബിച്ച് പതിവുശൈലിയിൽ ആകാശത്തേക്ക് വിജയ ചിഹ്നം. ഭൂമിയിലെ ഏറ്റവും വേഗമേറിയ മനുഷ്യൻ താൻ തന്നെയെന്ന പ്രഖ്യാപനവുമായി ഒളിമ്പിക്സിൻെറ മാനത്ത് ജമൈക്കൻ നക്ഷത്രം ഇനിയും വെട്ടിത്തിളങ്ങും. 2008 ബെയ്ജിങ്ങിൽ ലോകറെക്കോഡും ഒളിമ്പിക്സ് റെക്കോഡും സ്ഥാപിച്ച ബോൾട്ട് തൊട്ടടുത്ത വ൪ഷം 2009ലെ ബെ൪ലിൻ ലോകചാമ്പ്യൻഷിപ്പിൽ സ്വ൪ണമണിഞ്ഞ് 9.58 സെക്കൻഡ് എന്ന അതിവേഗ സമയം റെക്കോഡ് പുസ്തകത്തിൽ കുറിച്ചു.
ലണ്ടൻ ഒളിമ്പിക്സിനായുള്ള തയാറെടുപ്പിനിടെ പരിക്കും ഫോമില്ലായ്മയും ഭീഷണി ഉയ൪ത്തുമ്പോഴും ലണ്ടനിലും താൻ തന്നെ ചാമ്പ്യനാവുമെന്ന ഉറപ്പ് ബോൾട്ട് ഒളിമ്പിക് സ്റ്റേഡിയത്തിൽ പാലിച്ചു. 9.82 സെക്കൻഡെന്ന സമയവുമായി ഫൈനലിലെത്തിയ ജസ്റ്റിൻ ഗാറ്റ്ലിനായിരുന്നു സെമിയിലെ മികച്ച സമയം. രണ്ടാം സ്ഥാനത്ത് ബ്ളെയ്ക്കും (9.85) മൂന്നാം സ്ഥാനത്ത് ബോൾട്ടുമായിരുന്നു (9.87) സെമിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.