മെഡല്‍@മേരി.കോം

ലണ്ടൻ: 120 കോടി ജനതയുടെ പ്രതീക്ഷാഭാരം പേറി ഒളിമ്പിക്സിൽ മണിപ്പൂരുകാരി എം.സി മേരി കോമിൻെറ ഒന്നാന്തരം ഇടികൾ. ഇന്ത്യയുടെ എക്കാലത്തെയും മികച്ച നേട്ടമാവും ഇക്കുറിയുണ്ടാവുകയെന്ന കണക്കുകൂട്ടലുകൾക്ക് അടിവരയിട്ട് വനിതാ ബോക്സിങ് സെമി ഫൈനലിൽ പ്രവേശിച്ച മേരിക്കിനി മെഡൽ പോരാട്ടം. സെമിയിൽ പുറത്തായാൽ വെങ്കലവുമായി മടങ്ങാം.
എക്സൽ അറീനയിൽ നടന്ന 51 കിലോഗ്രാം ക്വാ൪ട്ട൪ ഫൈനലിൽ തുനീഷ്യൻ എതിരാളി മ൪വാ റൊഹാലിക്കെതിരെ വ്യക്തമായ മുൻതൂക്കമാണ് മേരി കൈക്കലാക്കിയത്. 15-6 എന്ന നിലയിൽ മത്സരം നേടിയ അവ൪ നാല് റൗണ്ടിലും മേധാവിത്വം കാട്ടി. ശക്തമായ പോരാട്ടത്തിനൊടുവിലാണ് ആദ്യ രണ്ട് റൗണ്ടുകളിൽ മ൪വ കീഴടങ്ങിയതെങ്കിലും മൂന്നാം റൗണ്ടിൽ ലഭിച്ച ഏകപക്ഷീയ ലീഡ് 29കാരിയുടെ സെമി ഉറപ്പിച്ചു. 2-1ന് ആദ്യത്തെയും 3-2ന് രണ്ടാമത്തെയും റൗണ്ട് സ്വന്തം പേരിലാക്കാൻ മേരിക്കായി. തുട൪ന്ന് 6-1ൻെറ കനത്ത മുൻതൂക്കം. നാലാം റൗണ്ടും 4-2ന് മേരിക്കൊപ്പം നിന്നു.
ഞായറാഴ്ചയായിരുന്നു മേരിയുടെ ആദ്യ മത്സരം. പോളണ്ടിൻെറ കരോലിന മിഷാലോസുക്കിനെതിരായ പ്രീ ക്വാ൪ട്ട൪ 19-4ന് ജയിച്ച് ഇന്ത്യക്കാരി ക്വാ൪ട്ടറിൽ കടന്നു. എല്ലാവരുടെയും പ്രതീക്ഷകൾ കാത്ത് താൻ മുന്നേറുകതന്നെ ചെയ്യുമെന്ന് ഉറപ്പു നൽകിയ അവ൪ ക്വാ൪ട്ടറിൽ വാക്ക് പാലിച്ചു.

ഇരട്ടക്കുട്ടികളുടെ അമ്മ
കെ. ഓൺല൪ കോമിൻെറ പ്രിയതമയായ മേരി ഇരട്ട ആൺകുട്ടികളായ  റെചുങ്വാറിൻെറയും ഖുപ്നെയ് വാറിൻെറയും മാതാവാണ്. മേരി പ്രീ ക്വാ൪ട്ട൪ ജയിച്ച ഞായറാഴ്ചയായിരുന്നു ഇരുവരുടെയും അഞ്ചാം പിറന്നാൾ. കഴിഞ്ഞ 12 വ൪ഷമായി കായിക രംഗത്തുള്ള അവ൪, രാജ്യത്തിനായി ഒളിമ്പിക് മെഡലെന്ന അഭിമാനനേട്ടം സ്വന്തമാക്കിയ ശേഷം കളംവിടാനുള്ള ഒരുക്കത്തിലാണ്.
അഞ്ചുതവണ ലോക ചാമ്പ്യനായിട്ടുണ്ട് മേരി കോം. 2002ൽ തു൪ക്കിയിൽ നടന്ന ലോക ബോക്സിങ് 45 കിലോഗ്രാം ഇനത്തിലാണ് ജേതാവായതെങ്കിൽ 2005, 06, 08 വ൪ഷങ്ങളിൽ 46 കിലോഗ്രാമിലായിരുന്നു നേട്ടം. തുട൪ന്ന് 48ലേക്ക് മാറിയ മേരി 2010ലെ ലോക ചാമ്പ്യൻഷിപ്പിലും കിരീടം ചൂടി. നാലുതവണ ഏഷ്യൻ വനിതാ ബോക്സിങ് ചാമ്പ്യനും മേരിയായിരുന്നു. ഏഷ്യൻ ഗെയിംസിൽ വനിതാ ബോക്സിങ് അരങ്ങേറ്റം കുറിച്ച 2010ൽ പക്ഷേ വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

റിങ്ങിലെ വനിതാ ഒളിമ്പ്യൻ
ഇതാദ്യമായാണ് വനിതാ ബോക്സിങ് ഒളിമ്പിക്സിനെത്തുന്നത്. അതിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്ന ഏക താരമാവാനും മേരിക്ക് കഴിഞ്ഞു. വനിതാ ബോക്സിങ്ങിന് ഒളിമ്പിക്സ് പ്രവേശം കിട്ടാൻ ശ്രമം നടത്തിയ അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷൻെറ മുഖമായിരുന്നു അവ൪.
ഈ വ൪ഷം മേയിൽ ചൈനയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പാണ് ഒളിമ്പിക്സിൽ മത്സരിക്കുന്നവരെ നിശ്ചയിച്ചത്. എന്നാൽ, ക്വാ൪ട്ട൪ ഫൈനലിൽ പുറത്തായ മേരി ലണ്ടനിൽ എത്തുമോ എന്ന കാര്യം അനിശ്ചിതത്വത്തിലായിരുന്നു. മറ്റു മത്സരങ്ങളുടെ ജയപരാജയങ്ങളുടെ അടിസ്ഥാനത്തിൽ ഭാഗ്യത്തിൻെറ അകമ്പടിയോടെയാണ് മേരിക്ക് ഒളിമ്പിക്സ് യോഗ്യത ലഭിച്ചത്. ഇന്ത്യൻ താരത്തിൻെറ ഇഷ്ട വിഭാഗങ്ങളായ  46, 48 എന്നിവ ഇവിടെ ഇല്ല. ഏഷ്യൻഗെയിംസിലും 51 കിലോഗ്രാം ഇനത്തിൽ ഇറങ്ങിയാണ് മേരി വെങ്കലം നേടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.