ഫേസ്ബുക്കില്‍ അസഭ്യവര്‍ഷം; മൂന്നുപേര്‍ക്കെതിരെ കേസ്

കൊടുങ്ങല്ലൂ൪: ചെങ്ങന്നൂ൪ മഹാദേവക്ഷേത്രത്തിലെ തൃപ്പുത്താറാട്ടിനെ സംബന്ധിച്ച് ഫേസ്ബുക്കിൽ പരാമ൪ശം നടത്തിയ കൊടുങ്ങല്ലൂ൪ സ്വദേശിക്കുനേരെ ഫേസ്ബുക്കിലൂടെ അസഭ്യവ൪ഷം നടത്തിയ മൂന്നുപേ൪ക്കെതിരെ കോടതി ഉത്തരവ് പ്രകാരം പൊലീസ് കേസെടുത്തു. ചെങ്ങന്നൂ൪ സ്വദേശികളായ പുത്തൻകാവ് ദിലീപ് ശങ്ക൪, പാണ്ടനാട് വിഷ്ണു രാധാകൃഷ്ണൻ, കൊച്ചുകൃഷ്ണപിള്ള ശശികുമാ൪ എന്നിവ൪ക്കെതിരെയാണ് കൊടുങ്ങല്ലൂ൪ പൊലീസ് കേസെടുത്തത്. ഭീഷണിക്കിരയായ കൊടുങ്ങല്ലൂ൪ ലോകമലേശ്വരം സ്വദേശി ശിവപ്രസാദ് അഡ്വ. കെ.കെ. അൻസാ൪ മുഖേന സമ൪പ്പിച്ച ഹരജിയിലാണ് കൊടുങ്ങല്ലൂ൪ ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. സൈബ൪ നിയമപ്രകാരവും, ഇന്ത്യൻ ശിക്ഷാനിയമമനുസരിച്ചുമാണ് കേസ്.
ചെങ്ങന്നൂ൪ ക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരത്തെ ശിവപ്രസാദ് വിമ൪ശിച്ചുവെന്നാരോപിച്ചാണ് പ്രതികൾ ഫേസ്ബുക്കിലൂടെ അസഭ്യവ൪ഷവും കൊലവിളിയും നടത്തിയത്. ഇതിൻെറ പക൪പ്പുകൾ പരാതിക്കാരൻ പൊലീസിൽ ഹാജരാക്കി. കൊടുങ്ങല്ലൂ൪ സി.ഐക്കാണ് അന്വേഷണ ചുമതല. ഫേസ്ബുക്ക് അഭിപ്രായവുമായി ബന്ധപ്പെട്ട് ശിവപ്രസാദിനെതിരെ ചെങ്ങന്നൂ൪ പൊലീസ് കേസെടുത്തിരുന്നു. ഇതിനെതിരെ നിലപാട് പ്രഖ്യാപിച്ച് തുട൪പ്രവ൪ത്തനങ്ങൾക്ക് കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂരിൽ ആവിഷ്കാര സ്വാതന്ത്ര്യ സംരക്ഷണ സമിതി രൂപവത്കരിച്ചിട്ടുണ്ട്. സാംസ്കാരിക പ്രവ൪ത്തകരുടെ കൺവെൻഷനിലാണ് സമിതി രൂപവത്കരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.