നീന്തല്‍ കുളത്തില്‍ അമേരിക്കക്ക് മെഡല്‍ ചാകര

ലണ്ടൻ: നീന്തൽ കുളത്തിൽ പിടികൊടുക്കാതെ അമേരിക്കൻ കുതിപ്പ്. ഭാരമുയ൪ത്തിയും ഡൈവ് ചെയ്തും ടി.ടി കളിച്ചും ചൈന മെഡൽ പട്ടികയിൽ കുതിക്കുമ്പോൾ നീന്തൽകുളത്തിൽനിന്ന് സ്വ൪ണം വാരികൂട്ടിയാണ് അമേരിക്കൻ തിരിച്ചടി. ഒളിമ്പിക്സിൽ അത്ലറ്റിക്സ് കഴിഞ്ഞാൽ (47 സ്വ൪ണം) ഏറ്റവും കൂടുതൽ സ്വ൪ണം നീക്കിയിരിപ്പുള്ള നീന്തൽകുളത്തിൽനിന്ന് (34) ഏറിയ പങ്കും നീന്തിയെടുത്താണ് അമേരിക്ക ആകെ മെഡൽ പോരാട്ടത്തിൽ ചൈനക്കു മുന്നിൽ മത്സരിക്കുന്നത്. ആറ് ഫൈനലുകൾ മാത്രം ശേഷിക്കെ 28 ഫൈനലുകൾ പൂ൪ത്തിയായപ്പോൾ അമേരിക്ക പുരുഷ-വനിതാ വിഭാഗങ്ങളിൽ നിന്നായി 14 സ്വ൪ണം വെട്ടിപ്പിടിച്ച് നീന്തൽകുളത്തിലെ പോരാട്ടത്തിൽ അശ്വമേധം തീ൪ക്കുന്നു. ആദ്യ ദിനം മുതൽ ചൈന നടത്തിയ മുന്നേറ്റം എട്ടാം ദിനത്തിൽ അമേരിക്ക മറികടന്നപ്പോൾ കുതിപ്പിന് ആക്കം നൽകിയത് നീന്തൽകുളം തന്നെ. ആകെ 23 സ്വ൪ണവും 10 വെള്ളിയും 13 വെങ്കലവുമായി അമേരിക്ക ഒന്നാം സ്ഥാനത്തേക്ക് മുന്നേറി. നിലവിലെ ചാമ്പ്യന്മാരായ ചൈനയെ 21 സ്വ൪ണവും 15 വെള്ളിയും ഒമ്പത് വെങ്കലവുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് അമേരിക്കൻ മുന്നേറ്റം.
നാലു സ്വ൪ണം മാത്രമേ ലണ്ടൻ അക്വാട്ടിക് സെൻററിൽനിന്ന് ചൈനക്ക് ഇതുവരെ വെട്ടിപ്പിടിക്കാനായുള്ളൂ. ഇനി ശേഷിക്കുന്നത് ആറ് മെഡലുകൾ മാത്രം. ഷൂട്ടിങ്ങിൽ മൂന്നും ജിംനാസ്റ്റിക്സിൽ രണ്ടും ജുഡോ, റോവിങ്, സൈക്ളിങ്, ആ൪ചറി എന്നിവയിൽ ഓരോ സ്വ൪ണവുമാണ് അമേരിക്കയുടെ സമ്പാദ്യം. ചൈനയാവട്ടെ നീന്തലിലെ നാലിനു പുറമെ വെയ്റ്റ് ലിഫ്റ്റിങ്, ഡൈവിങ് എന്നിവയിൽ നാലും ഷൂട്ടിങ്, ടേബ്ൾ ടെന്നിസ് എന്നിവയിൽ രണ്ടും ഫെൻസിങ്, ജിംനാസ്റ്റിക്സ് എന്നിവയിൽ ഒരോ സ്വ൪ണവും കൈപ്പിടിയിലൊതുക്കി.
ബെയ്ജിങ് ഒളിമ്പിക്സിൽ അമേരിക്ക 12 സ്വ൪ണവും ഒമ്പതു വെള്ളിയും 10 വെങ്കലവും നേടിയാണ് മെഡൽ പട്ടികയിൽ മുന്നേറിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.