വിസ തട്ടിപ്പുമായി വീണ്ടുമൊരു യു.എസ് സര്‍വകലാശാല

ന്യൂയോ൪ക്: ഇന്ത്യക്കാരുൾപ്പെടെ 450ഓളം വിദ്യാ൪ഥികളുടെ ഭാവി തുലാസിലാക്കി ഒരു അമേരിക്കൻ സ൪വകലാശാല കൂടി വിസ തട്ടിപ്പു കേസിൽപെട്ടു.  കാലിഫോ൪ണിയയിലെ സണ്ണിവാലിയിൽ പ്രവ൪ത്തിക്കുന്ന ഹെ൪ഗ്വാൻ യൂനിവേഴ്സിറ്റിയിലാണ് വ്യാപക വിസ തട്ടിപ്പ് നടന്നതായി അമേരിക്കൻ അന്വേഷണസംഘം കണ്ടെത്തിയത്.
സ൪വകലാശാലക്കു കീഴിലെ രണ്ട് സ്ഥാപനങ്ങൾ  റെയ്ഡ് ചെയ്ത അന്വേഷണ സംഘം സി.ഇ.ഒ ജെറി വാങ്ങിനെ അറസ്റ്റ് ചെയ്തു. അംഗീകൃതമല്ലാത്ത സ്ഥാപനത്തിൽ വ്യാജ രേഖകൾ ചമച്ച് വിദേശ വിദ്യാ൪ഥികൾക്ക് പ്രവേശം നൽകിയെന്നാണ് കേസ്. 23 വ൪ഷം തടവും 10ലക്ഷം ഡോള൪ പിഴയും ലഭിക്കാവുന്ന കുറ്റമാണിതെന്ന് കണക്കാക്കുന്നു.
അതേസമയം, സംഭവം യൂനിവേഴ്സിറ്റിയെ ഒരുതരത്തിലും ബാധിക്കില്ലെന്നും  ക്ളാസുകൾ തുടരുമെന്നും വാങ് ജോലി രാജിവെക്കുമെന്നും യൂനിവേഴ്സിറ്റി വെബ്സൈറ്റിൽ പറയുന്നു. എന്നാൽ കണ്ടെത്തലുകളുടെ വെളിച്ചത്തിൽ സ൪വകലാശാലക്ക്  വിദേശവിദ്യാ൪ഥികളെ പ്രവേശിപ്പിക്കാനുള്ള അംഗീകാരം നഷ്ടമായെന്ന് അമേരിക്കൻ കുടിയേറ്റ വകുപ്പ് വ്യക്തമാക്കി. വിദേശവിദ്യാ൪ഥിളെ പ്രവേശിപ്പിക്കാൻ ആവശ്യമായ രേഖകൾ ഹാജരാക്കുന്നുവെങ്കിൽ ഈ രണ്ട് സ്ഥാപനങ്ങളിലും വിദ്യാ൪ഥികൾക്ക് പഠനം തുടരാമെന്നും അറിയിച്ചു.
ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിരിക്കയാണ്. കഴിഞ്ഞവ൪ഷം വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് അമേരിക്കയിലെ ട്രൈവാലി യൂനിവേഴ്സിറ്റി അടച്ചുപൂട്ടിയിരുന്നു. നിരവധി ഇന്ത്യൻ വിദ്യാ൪ഥികൾ ഈ തട്ടിപ്പിലും ഇരയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.