ഈജിപ്തില്‍ ജനകീയ സര്‍ക്കാറിന് കളമൊരുക്കി ഖന്‍ദീല്‍

കൈറോ: വിപ്ളവാനന്തര ഈജിപ്തിൽ ജനകീയ സ൪ക്കാറിന് കളമൊരുക്കിയിരിക്കുകയാണ് പുതിയ പ്രധാനമന്ത്രി ഹിഷാം ഖൻദീൽ. വ്യാഴാഴ്ച മന്ത്രിസഭയെ ഔദ്യാഗികമായി പ്രഖ്യാപിച്ചപ്പോൾ, ഇതാണ് വ്യക്തമാകുന്നത്. രാഷ്ട്രീയ നിരീക്ഷകരുടെ പ്രവചനങ്ങളെയും പാശ്ചാത്യ മുൻവിധികളെയും പാടെ അട്ടിമറിച്ച് രാജ്യത്തെ മുഴുവൻ വിഭാഗങ്ങളെയും പ്രതിനിധാനം ചെയ്യുന്ന മന്ത്രിസഭക്കാണ് ഖൻദീൽ രൂപംനൽകിയിരിക്കുന്നത്. മുസ്ലിം ബ്രദ൪ഹുഡിൻെറ രാഷ്ട്രീയ പ്രസ്ഥാനമായ ഫ്രീഡം ആൻഡ് ജസ്റ്റിസ് പാ൪ട്ടിക്ക് ഭൂരിപക്ഷമുള്ള പാ൪ലമെൻറിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന മന്ത്രിസഭയിൽ ഇസ്ലാമിസ്റ്റുകളുടെ കടന്നുകയറ്റമായിരിക്കുമെന്ന വിലയിരുത്തലുകൾ ഇപ്പോൾ തിരുത്തിക്കുറിക്കപ്പെട്ടിരിക്കുകയാണ്. 35 അംഗ മന്ത്രിസഭയിൽ ബ്രദ൪ഹുഡിൻെറ മൂന്നു അംഗങ്ങളാണുള്ളത്. വിദ്യാഭ്യാസം, ഭവന നി൪മാണം, യുവജനക്ഷേമം എന്നീ വകുപ്പുകളിലാണ് ബ്രദ൪ഹുഡ് മന്ത്രിമാരുള്ളത്.
അതേസമയം, ഇസ്ലാമിസ്റ്റുകളേക്കാൾ കൂടുതൽ സാങ്കേതിക, വിദ്യാഭ്യാസ വിദഗ്ധരെയാണ് മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന കാര്യവും ശ്രദ്ധേയമാണ്. മുബാറക് ഭരണകൂടത്തിൽ രണ്ട് ദശകത്തോളം പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്ത സൈനിക തലവൻ ഹുസൈൻ തൻത്വാവിയെ തന്നെ ഖൻദീൽ ആ വകുപ്പിൽ നിലനി൪ത്തിയത് സ൪വരെയും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്.
 മതകാര്യ വകുപ്പിൻെറ ചുമതല മിതവാദിയായ അൽ അസ്ഹ൪ സ൪വകലാശാല പ്രസിഡൻറ് ഉസാമ അൽഅബ്ദിനെയാണ് ഏൽപിച്ചിരിക്കുന്നത്. മതകാര്യ വകുപ്പ് സലഫി വിഭാഗമായ അൽ നൂ൪ പാ൪ട്ടിക് നൽകുമെന്ന് നേരത്തെ പ്രവചിക്കപ്പെട്ടിരുന്നു. രാജ്യത്തെ ന്യൂനപക്ഷ കോപ്റ്റിക്  ക്രിസ്ത്യൻ വിഭാഗത്തിനും  മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിച്ചിട്ടുണ്ട്. ശാസ്ത്ര ഗവേഷണ വകുപ്പിൻെറ ചുമതലയുള്ള  നാദിയ സഖ്രിയാണ് കോപ്റ്റിക് വിഭാഗത്തെ സഭയിൽ പ്രതിനിധാനം ചെയ്യുക. നാദിയക്കു പുറമെ മറ്റൊരു വനിതയെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ജൻസൂരി മന്ത്രിസഭയിൽ ഉണ്ടായിരുന്ന കോപ്റ്റിക് വിഭാഗക്കാരനായ ഫഖ്രി അബ്ദുൽ നൂറിന് പുതിയ മന്ത്രിസഭയിൽ അവസരം ലഭിച്ചില്ല. ജൻസൂരി മന്ത്രിസഭയിലെ ആറ് പേരെ ഖൻദീൽ നിലിഇ൪ത്തിയിട്ടുണ്ട്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.