ലണ്ടൻ: കളികാണാൻ ലണ്ടനിൽ കാണികളില്ലെന്ന ആരോപണമുയരവേ കണക്കുമായി ഒളിമ്പിക്സ സംഘാടക൪ രംഗത്ത്. കളികാണാൻ ആദ്യ മൂന്ന് ദിനം 21 ലക്ഷം കാണികൾ എത്തി. ടിക്കെറ്റെടുത്തവരിൽ ശനിയാഴ്ച 86 ശതമാനം പേരും ഞായറാഴ്ച 92 ശതമാനം പേരും തിങ്കളാഴ്ച 88 ശതമാനം പേരും കളി കാണാനെത്തിയതായി ഒളിമ്പിക് സംഘാടക൪ പറഞ്ഞു. കായിക സംഘടനകൾക്കും ദേശീയ ഒളിമ്പിക്സ് കമ്മിറ്റികൾക്കും വേണ്ടി പ്രത്യേകം മാറ്റിവെച്ച സീറ്റുകളാണ് ഗാലറിയിൽ ഒഴിഞ്ഞുകിടന്നത്. ഈ ഇരിപ്പിടങ്ങൾ ഒഴിഞ്ഞുകിടക്കുന്നത് കണ്ട് ടിക്കറ്റ് കിട്ടാത്ത ബ്രിട്ടനിലെ കായികപ്രേമികൾ ക്ഷുഭിതരാണ്.
'ആതിഥ്യം വഹിക്കുന്ന രാജ്യത്തെ കായികപ്രേമികൾക്ക് മത്സരം കാണാൻ സാഹചര്യമൊരുക്കൽ ഏറ്റവും പ്രധാനമാണ്. ഒഴിഞ്ഞ സീറ്റുകൾ ഒളിമ്പിക്സിന് മോശം പ്രതിച്ഛായ സൃഷ്ടിക്കുകയാണ്. ടിക്കറ്റ് സംവിധാനം ഒരുക്കുന്നതിനായി കൂടുതൽ വിപുലമായ സൗകര്യങ്ങൾ അന്താരാഷ്ട്ര ഒളിമ്പിക്കമ്മിറ്റി ഏ൪പ്പെടുത്തണം' -ബ്രിട്ടീഷ് ഒളിമ്പിക് അസോസിയേഷൻ ചെയ൪മാൻ കോലിൻ മൊയ്നിഹാൻ പറഞ്ഞു.
ടിക്കറ്റ് വിൽപനയുടെ അധികാരം ലണ്ടൻ ഒളിമ്പിക്സ് സംഘാടക സമിതിക്കാണ്. 75 ശതമാനം ടിക്കറ്റുകളും ബ്രിട്ടൻ സ്വദേശികളുടെ കൈവശമാണ് എത്തിയതെന്ന് സംഘാടക൪ അറിയിച്ചു. അതേ സമയം, ഓരോ വേദിയിലെത്തിയ കാണികളുടെ കണക്ക് പുറത്തുവിടാൻ സംഘാടക സമിതി തയാറായില്ല.
അത്ലറ്റിക്സ് മത്സരങ്ങൾക്ക് സ്റ്റേഡിയം നിറയുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്റ൪നാഷനൽ അസോസിയേഷൺ ഓഫ് അത്ലറ്റിക് ഫെഡറേഷൻ പ്രസിഡന്റ് ലമിനെ ഡിയാഗ് പറഞ്ഞു. ഒഫീഷ്യലുകൾക്കായി മാറ്റിവെച്ച ഇരിപ്പിടം ഒഴിഞ്ഞുകിടക്കുന്ന സാഹചര്യം ഒഴിവാക്കാൻ മത്സരത്തിനെത്തുമോയെന്ന കാര്യം സംഘാടക൪ ഓരോ ദിവസവും ഇപ്പോൾ ഉറപ്പുവരുത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.