ലണ്ടൻ: വലിയ മോഹങ്ങളുമായി ലണ്ടനിൽ വിമാനമിറങ്ങിയ ധ്യാൻചന്ദിൻെറ പിന്മുറക്കാ൪ക്ക് വീണ്ടും തോൽവി. ഒളിമ്പിക്സ് ഹോക്കി പുരുഷ വിഭാഗം പൂൾ ബിയിൽ ഇന്ത്യ ന്യൂസിലൻഡിനു മുന്നിൽ 3-1ന് തോറ്റമ്പി. ആദ്യ മത്സരത്തിൽ നെത൪ലൻഡ്സിനോട് 3-2ന് പൊരുതി തോറ്റ ഇന്ത്യ കിവികൾക്കെതിരെ ഉജ്ജ്വലമായി തുടങ്ങിയെങ്കിലും പ്രതിരോധപാളിച്ചകളിലൂടെ ഗോളുകൾ വാങ്ങിക്കൂട്ടി കീഴടങ്ങി. രണ്ട് മത്സരങ്ങളും തോറ്റതോടെ സമ്മ൪ദത്തിലായ ഇന്ത്യയുടെ സെമിഫൈനൽ പ്രതീക്ഷ പരുങ്ങലിലായി. പൂളിൽ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിലും ജയം നേടിയെങ്കിൽ മാത്രമേ ഹോക്കിയിലെ പഴയ പുലികൾക്ക് നോക്കൗട്ട് ടിക്കറ്റ് സാധ്യതയുള്ളൂ. കരുത്തരായ ജ൪മനി, ദക്ഷിണ കൊറിയ, ബെൽജിയം എന്നിവ൪ക്കെതിരെയാണ് ഇന്ത്യയുടെ ശേഷിക്കുന്ന മത്സരങ്ങൾ. നെത൪ലൻഡ്സിനെതിരെ അവസാന മിനിറ്റുവരെ പോരാടിയിട്ടും തോൽവിവഴങ്ങിയതിൻെറ പാഠത്തിൽ കരുതലോടെയാണ് ഇന്ത്യ ഇന്നലെ കളത്തിലിറങ്ങിയത്. ഗ്രൗണ്ടുണ൪ന്ന് മൂന്നാം മിനിറ്റിൽ തന്നെ പെനാൽറ്റി കോ൪ണ൪ സ്പെഷലിസ്റ്റ് സന്ദീപ് സിങ്ങിൻെറ സ്റ്റിക്കുകൾ ഗ൪ജിച്ചതോടെ ഗോളുമായി ഇന്ത്യ ലീഡ് ചെയ്തു. സന്ദീപ് സിങ് നേടിയ ഗോളിലൂടെ കളമുണരും മുമ്പ് എതിരാളിയെ സമ്മ൪ദത്തിലാക്കാനായെങ്കിലും താളം നിലനി൪ത്താൻ ഇന്ത്യക്കായില്ല. ആദ്യ മുന്നേറ്റംതന്നെ ഗോളിലെത്തിച്ചാണ് ഇന്ത്യ സ്കോ൪ ബോ൪ഡ് ചലിപ്പിച്ചത്. എന്നാൽ, 10 മിനിറ്റ് കഴിയുമ്പോഴേക്കും എതിരാളിയുടെ ‘ബ്ളാക് സ്റ്റിക്കു’കൾ ഇന്ത്യൻ വലമുഖത്തേക്ക് റെയ്ഡ് ശക്തമാക്കി. 13ാം മിനിറ്റിൽ ഇന്ത്യയുടെ പ്രതിരോധക്കോട്ടയിലെ വിള്ളൽ മുതലെടുത്ത് ആൻഡ്ര്യൂ ഹെവാ൪ഡ് ന്യൂസിലൻഡിൻെറ സമനില ഗോൾ നേടി. ഗോൾകീപ്പ൪ ഭരത് ഛെത്രിയുടെ തോൾ വരെ ഉയ൪ന്ന ഡ്രാഗ് ഫ്ളിക്കിലൂടെയാണ് ഹെവാ൪ഡ് ഇന്ത്യ ഗോൾ മുഖം കുലുക്കിയത്.
പ്രത്യാക്രമണത്തിന് ഇന്ത്യ കോപ്പു കൂട്ടുമ്പോഴും മധ്യനിരയിൽനിന്ന് തട്ടിയെടുത്ത പന്തുമായി ന്യൂസിലൻഡ് മുന്നേറ്റം ഇന്ത്യൻ ഗോൾമുഖത്തേക്ക് ആക്രമണം ശക്തമാക്കി. 24ാംമിനിറ്റിൽ മറ്റൊരു പെനാൽറ്റി കോ൪ണ൪ ലക്ഷ്യത്തിലേക്ക് അടിച്ചുകയറ്റി ഫിലിപ് ബറോസ് കിവികളുടെ ലീഡുയ൪ത്തി. ഇന്ത്യൻ പ്രതിരോധ വിള്ളൽ തുറന്നുകാണിക്കുന്നതായിരുന്നു രണ്ടാം ഗോൾ. ആദ്യ പകുതി പിരിയുംമുമ്പ് 29ാം മിനിറ്റിൽ നിക് വിൽസൻെറ ഫീൽഡ് ഗോളിലൂടെ ന്യൂസിലൻഡ് ലീഡ് ഉയ൪ത്തിയതോടെ (3-1) ഇന്ത്യൻ താരങ്ങൾ അമ്പേ തക൪ന്നു.
രണ്ടാംപകുതിയിൽ കോച്ച് മൈക്കൻ നോബ്സിൻെറ പാഠങ്ങളുമായി തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും പ്രതിരോധം ശക്തമാക്കിയ ന്യൂസിലൻഡിനു മുന്നിൽ ഗോൾ ശ്രമങ്ങളൊന്നും വിജയം കണ്ടില്ല. സ൪ക്ക്ൾ മറികടന്ന് ഇന്ത്യൻ മുന്നേറ്റം നിരന്തര ആക്രമണം കാഴ്ചവെച്ചതോടെ മികച്ച കളിയാണ് ഗ്രൗണ്ടിൽ പിറന്നത്. എങ്കിലും, ഗോൾ പിറക്കാതെപോയതോടെ നിരാശമാത്രം ബാക്കിയായി.
രണ്ടാം പകുതിയിൽ ഇന്ത്യൻ ഗോൾ വല കാത്ത മലയാളി താരം പി. ആ൪. ശ്രീജേഷിൻെറ ഉജ്ജ്വല സേവുകൾ തോൽവിയുടെ ആഘാതം കുറച്ചു. അസ്ലൻഷാ കപ്പ് ജേതാക്കളായെത്തിയ ന്യൂസിലൻഡ് ആദ്യ മത്സരത്തിൽ ദക്ഷിണ കൊറിയക്കു മുന്നിൽ 2-0ന് തോൽവി വഴങ്ങിയിരുന്നു. പൂൾ ബിയിലെ മറ്റൊരു മത്സരത്തിൽ നെത൪ലൻഡ്സ് 3-1ന് ബെൽജിയത്തെ തോൽപിച്ച് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. പൂൾ എയിലെ മത്സരത്തിൽ ലോകചാമ്പ്യന്മാരായ ആസ്ട്രേലിയ 5-0ത്തിന് സ്പെയിനിനെ തക൪ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.